പൊന്നിയിന്‍ സെല്‍വന്‍
പൊന്നിയിന്‍ സെല്‍വന്‍

കഥാപാത്രങ്ങളെ വെള്ളക്കുപ്പിയിലാക്കും; പൊന്നിയിന്‍ സെൽവന്റെ രണ്ടാം ഭാഗത്തിന് വേറെ ലെവല്‍ പ്രൊമോഷന്‍

ബിസ്ലേരി കമ്പനിയുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ട് ലൈക്ക

ആരാധകർ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ 2. സിനിമയുടെ പ്രചാരണത്തിനായി പലവിധത്തിലുള്ള മാർഗങ്ങളാണ് നിർമ്മാതാക്കൾ പരീക്ഷിച്ചിരിക്കുന്നത്. സിനിമ നിര്‍മ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ 2 വിനിന്റെ പുതിയ പ്രൊമോഷന്‍ കുപ്പി വെള്ളത്തിലൂടെയാകും. ഇതിനായി ബിസ്ലേരി എന്ന കുപ്പിവെള്ള കമ്പനിയുമായി പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ലൈക്ക. ബുധനാഴ്ച പുറത്ത് വിട്ട പ്രസ്താവനയിൽ ഇരുകമ്പനികളും ചേര്‍ന്നാണ് ഇക്കാര്യം അറിയിച്ചത്. പ്രൊമോഷനുകള്‍ പലതരത്തില്‍ കണ്ടിട്ടുണ്ടെങ്കിലും ഇത്രയും വ്യത്യസ്തമായുള്ള പ്രചാരണരീതി ഇതാദ്യമായിരിക്കും.

പൊന്നിയിന്‍ സെല്‍വനില്‍ ഐശ്വര്യ റായ്, വിക്രം,തൃഷ, ജയം രവി, കാര്‍ത്തി എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ ബിസ്ലേരിയുടെ കുപ്പിവെള്ളത്തിന്റെ പാക്കിംഗില്‍ പതിപ്പിച്ചായിരിക്കും പുറത്തിറക്കുക. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോട്ടിലുകള്‍ പരിമിതമായ അളവിലായിരിക്കും വിപണിയിൽ എത്തുക. കര്‍ണാടക, തമിഴ് നാട്, കേരള, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിങ്ങനെ ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലായി ഇവ ലഭ്യമാക്കാനാണ് പദ്ധതി.

ലൈക്കയുമായുള്ള പങ്കാളിതത്തിലുള്ള സന്തോഷവും ബിസ്ലേരി പ്രസ്താവനയിൽ വ്യക്തമാക്കുകയുണ്ടായി.

'കുപ്പിവെള്ളത്തിലൂടെയും സംയോജിതമായ മാര്‍ക്കറ്റിംഗ് ക്യാമ്പെയിനിങ്ങിലൂടെയും മെഗാ ബ്ലോക്ബസ്റ്റര്‍ ചിത്രങ്ങളുമായി സഹകരിച്ച് ദക്ഷിണേന്ത്യന്‍ വിപണിയില്‍ ഉപഭോക്താക്കളുമായി ബിസ്ലേരി ശക്തമായ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പൊന്നിയിന്‍ സെല്‍വന്‍ ടുവുമായി സഹകരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നുവെന്നും 'ബിസ്ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് മാര്‍ക്കറ്റിംഗ് മേധാവി തുഷാര്‍ മല്‍ഹോത്ര പറഞ്ഞു.

കുപ്പിവെള്ളത്തോടൊപ്പം ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ബില്‍ബോര്‍ഡുകളിൽ ചിത്രത്തിന്റെ പരസ്യം പ്രചരിപ്പിക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു. നൂറോളം ബില്‍ബോര്‍ഡുകളിലായിട്ടായിരിക്കും പരസ്യം നല്‍കുക.

ബിസ്ലേരിയുമായുള്ള പങ്കാളിത്തത്തിൽ സിനിമ നിര്‍മാണ കമ്പനിയായ ലൈക്കയും സന്തോഷമറിയിച്ചു. ബിസ്ലേരിയുമായി പൊന്നിയിന്‍ സെല്‍വൻ രണ്ടാം ഭാഗത്തിന് വേണ്ടി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ ബോട്ടിലുകള്‍ ആരാധകര്‍ക്കിടയില്‍ ചിത്രത്തിനെ കുറിച്ചുള്ള ആവേശം വർധിപ്പിക്കുമെന്നും ലൈക്ക അറിയിച്ചു. ആരാധകർ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ശേഖരങ്ങളില്‍ ഒന്നായിരിക്കുമിതെന്നും അവര്‍ കൂട്ടിചേര്‍ത്തു.

ബിസ്ലേരി പുറത്തിറക്കുന്ന കഥാപാത്രങ്ങളുടെ ബോട്ടില്‍ ശേഖരം അഞ്ച് സംസ്ഥാനങ്ങളിലേയും പൊതു വ്യാപാര കേന്ദ്രങ്ങളിലും ബിസ്ലേരിയുടെ ആ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി ഓണ്‍ലൈനായും ലഭിക്കുന്നതാണ്.

ഏപ്രിൽ 28നാണ് ചോള രാജാക്കന്മാരുടെ കഥ പറയുന്ന പൊന്നിയൻ സെൽവൻ്റെ രണ്ടാം ഭാഗം തിയറ്ററിൽ എത്തുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിനായി ഇന്ത്യ ഒട്ടാകെ വൻ പ്രചാരണമാണ് സിനിമയുടെ അണിയറ പ്രവർത്തകർ നടത്തുന്നത്.

logo
The Fourth
www.thefourthnews.in