ബോക്‌സ് ഓഫീസ് ദുരന്തമായി മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ ചിത്രങ്ങള്‍; നേട്ടമുണ്ടാക്കി മമ്മൂട്ടിയും അന്യഭാഷ സിനിമകളും

ബോക്‌സ് ഓഫീസ് ദുരന്തമായി മോഹന്‍ലാല്‍, മഞ്ജുവാര്യര്‍ ചിത്രങ്ങള്‍; നേട്ടമുണ്ടാക്കി മമ്മൂട്ടിയും അന്യഭാഷ സിനിമകളും

2022 - ൽ റിലീസ് ആയ മലയാള ചിത്രങ്ങളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത് ഭീഷ്മപർവവും ഹൃദയവും ജനഗണമനയും മാത്രം

ഈ വർഷം ഇതുവരെ മലയാളത്തിൽ നിന്ന് മാത്രം പുറത്തിറങ്ങിയത് 171 ചിത്രങ്ങൾ. ഇതിൽ മൂന്ന് ചിത്രങ്ങൾ മാത്രമാണ് ബ്ലോക്ക്ബസ്റ്റർ വിജയം നേടിയത്. മമ്മൂട്ടിയുടെ ഭീഷ്മപർവം , വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത പ്രണവ് മോഹൻലാൽ ചിത്രം ഹൃദയം പൃഥ്വിരാജ് ചിത്രം ജനഗണമന എന്നിവയാണ് ബ്ലോക്ക്ബസ്റ്റർ കളക്ഷൻ നേടിയത് .

മമ്മൂട്ടിയുടെ പരീക്ഷണ ചിത്രം റോഷാക്ക് സൂപ്പർഹിറ്റായിരുന്നു. ടോവിനോയുടെ തല്ലുമാല, സുരേഷ് ഗോപിയുടെ പാപ്പൻ, നിഖില വിമൽ , നസ്ലിൻ, മാതൃു തോമസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോ ആന്റ് ജോ, കുഞ്ചാക്കോ ബോബന്റെ ന്നാ താൻ കേസ് കൊട്, പൃഥ്വിരാജിന്റെ കടുവ , ബേസിലിന്റെ ജയ ജയ ജയ ജയ ഹേ എന്നിവയാണ് സൂപ്പർ ഹിറ്റ് വിജയം നേടിയ മറ്റു ചിത്രങ്ങൾ

അനശ്വര രാജൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സൂപ്പർ ശരണ്യ , ബേസിൽ ജോസഫിന്റെ പാൽതൂ ജാൻവർ, ജീത്തു ജോസഫിന്റെ കൂമൻ എന്നിവ ഹിറ്റ് ചിത്രങ്ങളായപ്പോൾ മമ്മൂട്ടിയുടെ സിബിഐ 5 ശരാശരി വിജയം നേടി.

സൂപ്പർതാരങ്ങളിൽ മോഹൻലാലിന്റെയും മഞ്ജുവാര്യരും ചിത്രങ്ങളിലൊന്നിന് പോലും തീയേറ്ററിൽ നേട്ടമുണ്ടാക്കാനായില്ല. ​പ്രതീക്ഷകളുടെ കനത്ത ഭാരവുമായെത്തിയ ​ലാൽ, മഞ്ജു ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിയുന്ന കാഴ്ചയാണ് പോയവർഷത്തിന്റെ ബാക്കിപത്രം. നാല് ചിത്രങ്ങളാണ് ഈ വർഷം മോഹൻലാലിന്റേതായി പുറത്തുവന്നത്. ബി ഉണ്ണികൃഷ്ണന്റെ മോഹൻലാൽ ചിത്രം ആറാട്ടും വൈശാഖ് സംവിധാനം ചെയ്ത മോൺസ്റ്ററും തീയേറ്ററിൽ തകർന്നടിഞ്ഞു. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ബ്രോ ഡാഡിയും ജീത്തു ജോസഫ് ചിത്രം ട്വൽത്ത് മാനും ഒടിടിയിലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഒടിടി റിലീസ് ഇരുചിത്രങ്ങൾക്കും സാമ്പത്തിക ലാഭം ഉറപ്പുനല്കിയെങ്കിലും പ്രേക്ഷകർ പ്രതീക്ഷിച്ച രീതിയിൽ ഇവയെ ഏറ്റെടുത്തില്ല. 

മേരീ ആവാസ് സുനോ , ജാക്ക് ആന്റ് ജിൽ എന്നിവയാണ് മഞ്ജുവാര്യരുടെ തീയേറ്റർ റിലീസ് ചിത്രങ്ങൾ. രണ്ടും ബോക്സ് ഓഫീസ് ദുരന്തങ്ങളായി. ഒടിടിയിലെത്തിയ ലളിതം സുന്ദരത്തിനും മെച്ചപ്പെട്ട പ്രതികരണം പോലും നേടാനായില്ല . നവ്യ നായരുടെ തിരിച്ചുവരവായിരുന്ന ഒരുത്തിയും നിവിൻ പോളിയുടെ മഹാവീര്യരും ഭേദപ്പെട്ട നിരൂപണങ്ങൾ നേടിയെടുത്തെങ്കിലും ബോക്സ് ഓഫീസിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല.

ഫഹദ് ഫാസിലിന്റെ മലയൻ കുഞ്ഞും സുരേഷ്ഗോപിയുടെ മേ ഹൂം മൂസയും മീര ജാസ്മിന്റെ തിരിച്ചു വരവ് ചിത്രം മകളും ഫ്ലോപ്പ് പട്ടികയിലാണ്.

കെ ജി എഫ് ടു, പൊന്നിയിൻ സെൽവൻ 1, വിക്രം , കാന്താര , അവതാർ ടു തുടങ്ങിയ അന്യഭാഷ ചിത്രങ്ങൾ കേരളത്തിലും ബ്ലോക്ക്ബസ്റ്ററായപ്പോൾ വിജയ് നായകനായ ബീസ്റ്റിനും അജിത്തിന്റെ വലിമൈയ്ക്കും ചലനമുണ്ടാക്കാനായില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in