'ലോണെടുക്കേണ്ടി വരുമോ?'; ഭ്രമയുഗം മുതൽ തലവൻ വരെ, എത്തുന്നത് സിനിമാ മാസം

'ലോണെടുക്കേണ്ടി വരുമോ?'; ഭ്രമയുഗം മുതൽ തലവൻ വരെ, എത്തുന്നത് സിനിമാ മാസം

മമ്മൂട്ടിയുടെ ഭ്രമയുഗം മുതൽ യുവതാരങ്ങളുടെ മഞ്ഞൂമൽ ബോയ്‌സ് വരെ ഒരു ഡസനിലധികം ചിത്രങ്ങളാണ് മലയാളത്തിൽ മാത്രം റിലീസിന് ഒരുങ്ങുന്നത്

2024 ലെ ആദ്യമാസം കഴിയുമ്പോൾ സിനിമകളുടെ നീണ്ട നിരയാണ് റിലീസിന് ഒരുങ്ങിയിരിക്കുന്നത്. മികച്ച പ്രതീക്ഷകൾ നൽകുന്നതാണ് ഓരോ ചിത്രങ്ങളും. മമ്മൂട്ടിയുടെ ഭ്രമയുഗം മുതൽ യുവതാരങ്ങളുടെ മഞ്ഞൂമൽ ബോയ്‌സ് വരെ ഒരു ഡസനിലധികം ചിത്രങ്ങളാണ് മലയാളത്തിൽ മാത്രം റിലീസിന് ഒരുങ്ങുന്നത്. ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന 'മൃദുഭാവേ ദൃഢ കൃത്യേ', എ എം സിദ്ധീഖ് സംവിധാനം ചെയ്യുന്ന 'എൽഎൽബി', സഞ്ജീവ് ശിവൻ സംവിധാനം ചെയ്യുന്ന 'ഒഴുകി ഒഴുകി ഒഴുകി' എന്നിവയാണ് ഫെബ്രുവരിയിൽ ആദ്യം റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ.

ഫെബ്രുവരിയിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മൃദുഭാവേ ദൃഢ കൃത്യേ - ഷാജൂൺ കാര്യാൽ (ഫെബ്രുവരി 2 )

സുരജ് സൺ, ശ്രാവണ. മരിയ പ്രിൻസ്, ശിവരാജ്, ദിനേഷ് പണിക്കർ, സുരേഷ് കൃഷ്ണ അനിൽ ആന്റോ, സീമ ജി നായർ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ഷാജൂൺ കാര്യാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് മൃദുഭാവേ ദൃഢ കൃത്യേ. ഹൈഡ്രോ എയർ ടെക്ടോണിക്സ് പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രം കാസർഗോഡ്, ഒറ്റപ്പാലം, എറണാകുളം, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്.

വിജയ് ശങ്കർ മേനോന്റെ കഥയ്ക്ക് നവാഗതനായ രവി തോട്ടത്തിലാണ് തിരക്കഥ ഒരുക്കിയത്, രാജേഷ് കുറുമാലിയാണ് ചിത്രത്തിന്റെ സംഭാഷണം രചിച്ചിരിക്കുന്നത്. നിഖിൽ വി നാരായണനാണ് ഛായാഗ്രഹണം, സംഗീത സംവിധാനം സാജൻ മാധവ് എന്നിവരാണ്.

എൽ എൽ ബി - എ എം സിദ്ധിഖ് (ഫെബ്രുവരി 2 )

ഫറോക്ക് എസിപിയായ എ എം സിദ്ധിഖ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൽ എൽ ബി. 'ലൈഫ് ലൈൻ ഓഫ് ബാച്ചിലേഴ്‌സ്' എന്നതിന്റെ ചുരുക്കരൂപമാണ് എൽ എൽ ബി. ശ്രീനാഥ് ഭാസി, വിശാഖ് നായർ, അശ്വത് ലാൽ, അനൂപ് മേനോൻ, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ടത്താണി ഫിലിംസിന്റെ ബാനറിൽ മുജീബ് രണ്ടത്താണിയാണ് നിർമിക്കുന്നത്.

റോഷൻ റഹൂഫ്, സുധീഷ് കോഴിക്കോട്, ശ്രീജിത്ത് രവി, രമേഷ് കോട്ടയം, സിബി കെ തോമസ്, മനോജ് കെ യു, പ്രദീപ് ബാലൻ, വിജയൻ കാരന്തൂർ, രാജീവ് രാജൻ, കാർത്തിക സുരേഷ്, സീമ ജി നായർ, നാദിറ മെഹ്റിൻ, കവിത ബൈജു, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒഴുകി ഒഴുകി ഒഴുകി - സഞ്ജീവ് ശിവൻ (ഫെബ്രുവരി 2)

നിരവധി അന്താരാഷ്ട്ര മേളകളിൽ ഇടംപിടിച്ച 'ഒഴുകി ഒഴുകി ഒഴുകി' എന്ന ചിത്രം സഞ്ജീവ് ശിവൻ ആണ് സംവിധാനം ചെയ്യുന്നത്. പന്ത്രണ്ടു വയസുകാരന്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായി വേഷമിട്ടത് സഞ്ജീവ് ശിവന്റെ മകൻ സിദ്ധാൻഷു സഞ്ജീവ് ശിവനാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ജലാശയങ്ങളിലൂടെ ഒഴുകി നടക്കുന്ന അജ്ഞാത മൃതദേഹങ്ങൾക്കാണ് അണിയറ പ്രവർത്തകർ ചിത്രം സമർപ്പിച്ചിരിക്കുന്നത്. അജ്ഞാത മൃതദേഹം തേടിയുള്ള പന്ത്രണ്ട് വയസുകാരന്റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. അകാലത്തിൽ അന്തരിച്ച ബീയാർ പ്രസാദ് അവസാനമായി തിരക്കഥ എഴുതിയ ചിത്രം കൂടിയാണ് 'ഒഴുകി ഒഴുകി ഒഴുകി'. ബീയാർ പ്രസാദും സംവിധായകനും ചേർന്നാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

നേരത്തെ കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിലും മോസ്‌കോ ഇന്റർനാഷണൽ ചിൽഡ്രൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു.

സൗബിൻ ഷാഹിർ, നരേൻ, നന്ദു, യദുകൃഷ്ണൻ, കൊച്ചുപ്രേമൻ, അഞ്ജന അപ്പുക്കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം, എഡിറ്റിങ് ശ്രീകർ പ്രസാദ്.

അന്വേഷിപ്പിൻ കണ്ടെത്തും - ഡാർവിൻ കുര്യാക്കോസ് (ഫെബ്രുവരി 9)

ടൊവിനോ തോമസിന്റെ 2024 ലെ ആദ്യ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്‌ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ എത്തുന്നത്. 1980 കളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. 'കൽക്കി'ക്കും 'എസ്ര'യ്ക്കും ശേഷം ടൊവിനോ പോലീസ് കഥാപാത്രമായെത്തുന്ന സിനിമയിൽ ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും അഭിനയിക്കുന്നുണ്ട്.

സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രേമലു - ഗിരീഷ് എഡി (ഫെബ്രുവരി 9)

തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഗിരിഷ് എ ഡി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രമാണ് പ്രേമലു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നസ്ലിൻ, മമിത ബൈജു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‌ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഗപ്പി, അമ്പിളി, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമലു.

ഭ്രമയുഗം (ഫെബ്രുവരി 15)

മമ്മൂട്ടി, അർജുൻ അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാമ് ഭ്രമയുഗം. 'ഭൂതകാലം' എന്ന സിനിമക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഭ്രമയുഗം ഹൊറർ ത്രില്ലർ വിഭാഗത്തിലാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ വേഷമായിരിക്കും ഭ്രമയുഗത്തിലെന്നാണ് വിലയിരുത്തുന്നത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെയും വൈ നോട്ട് സ്റുഡിയോസിന്റെയും ബാനറിൽ ചക്രവർത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം കൊച്ചിയിലും ഒറ്റപ്പാലത്തുമായിട്ടാണ് ചിത്രീകരിച്ചത്.

മഞ്ഞുമൽ ബോയ്‌സ് - ചിദംബരം (ഫെബ്രുവരി 16)

ജാനെ മൻ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് മഞ്ഞുമൽ ബോയ്‌സ്. കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് ഒരു യാത്ര പോകുന്നതും അതേ തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിൽ പറയുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തുണ്ട് - റിയാസ് ഷെരീഫ് (ഫെബ്രുവരി 16)

ബിജു മേനോൻ നായകനായി എത്തുന്ന ചിത്രമാണ് തുണ്ട്. റിയാസ് ഷെരീഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധായകന്റെത് തന്നെയാണ്.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻ നിർമ്മിക്കുന്ന പതിനഞ്ചാമത്തെ ചിത്രം കൂടിയാണ് തുണ്ട്. ബിജു മേനോൻ, ഷൈൻ ടോം ചാക്കോ, ഷൈജു ശ്രീധർ, കോട്ടയം നസീർ, ഗോകുലൻ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തങ്കമണി - രതീഷ് രഘുനന്ദനൻ (ഫെബ്രുവരി 22)

കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് തങ്കമണി. 'ഉടൽ' എന്ന ചിത്രത്തിന് ശേഷം രതീഷ് രഘുനന്ദനൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണ് തങ്കമണി. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു സിജോ എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

തലവൻ (ഫെബ്രുവരി 23)

ബിജു മേനോനും ആസിഫ് അലിയും ഒന്നിക്കുന്ന ജിസ് ജോയ് ചിത്രമാണ് തലവൻ. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

ഫീൽ ഗുഡ് ചിത്രങ്ങളുടെ ഹിറ്റ് മേക്കർ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ത്രില്ലർ മൂഡിലുള്ള ചിത്രമാണിതെന്ന പ്രത്യകതയും 'തലവനുണ്ട്'. ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ.

ദിലീഷ് പോത്തൻ, അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ ചിത്രങ്ങളെ കൂടാതെ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം മലയാളി ഫ്രം ഇന്ത്യയും ഫെബ്രുവരിയിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

logo
The Fourth
www.thefourthnews.in