'ഡെവിൾസ് കിച്ചണിലെത്തിച്ചത് കമലിന്റെ പിടിവാശി, മരണം മുന്നിൽ കണ്ട് ചിത്രീകരണം'; ഗുണാ സിനിമയുടെ കഥ പറഞ്ഞ് ഛായാഗ്രാഹകൻ വേണു

'ഡെവിൾസ് കിച്ചണിലെത്തിച്ചത് കമലിന്റെ പിടിവാശി, മരണം മുന്നിൽ കണ്ട് ചിത്രീകരണം'; ഗുണാ സിനിമയുടെ കഥ പറഞ്ഞ് ഛായാഗ്രാഹകൻ വേണു

മരണം ഉറങ്ങുന്ന ഗുഹ ഗുണായുടെ ലൊക്കേഷനായതോടെയാണ് ഗുണാ കേവ് എന്നറിയപ്പെടാന്‍ തുടങ്ങിയത്. കമല്‍ഹാസന്‌റെ കള്‍ട്ട് ക്ലാസിക് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളത്തിന്‌റെ സ്വന്തം ഛായാഗ്രാഹകന്‍ വേണുവും

മഞ്ഞുമല്‍ ബോയ്‌സിന്‌റെ സര്‍വൈവല്‍ ത്രില്ലര്‍ പ്രേക്ഷക മനം കീഴടക്കുമ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്ന സ്ഥലമാണ് ഗുണാ കേവ്. 1990കള്‍ വരെ ഡെവിള്‍സ് കിച്ചണെന്നും പില്ലര്‍ റോക്ക്‌സ് എന്നും അറിയപ്പെട്ടിരുന്ന, മരണം ഉറങ്ങുന്ന ഗുഹ കമല്‍ഹാസന്‍ ചിത്രം ഗുണായുടെ പ്രധാന ലൊക്കേഷനായതോടെയാണ് ഗുണാ കേവ് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. കമല്‍ഹാസന്‌റെ കള്‍ട്ട് ക്ലാസിക് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളത്തിന്‌റെ സ്വന്തം ഛായാഗ്രാഹകന്‍ വേണുവും... ആദ്യ തമിഴ് ചിത്രത്തില്‍ തന്നെ മരണം മുന്നില്‍ കണ്ടൊരു സിനിമ ചിത്രീകരിച്ചതിന്‌റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് വേണു.

Summary

സ്ഥലം കണ്ട ഉടന്‍ നിര്‍മാതാവ് അലമേലു സുബ്രഹ്മണ്യം തലകറങ്ങി വീണു. മറ്റെല്ലാവരും അവിടെ ചിത്രീകരിക്കാനുള്ള തീരുമാനത്തെ അതിശക്തമായി എതിര്‍ത്തു. കരിയിലയൊക്കെ ചീഞ്ഞതിന്‌റെയോ വവ്വാലിന്‌റയോ എന്നൊന്നും തിരിച്ചറിയാത്ത വല്ലാത്ത രൂക്ഷഗന്ധം ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു. പക്ഷേ അപ്പോഴും കമല്‍ഹാസന്‍ ആ സ്ഥലത്ത് തന്നെ സിനിമ ചെയ്യാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്.

ഗുണാ കേവ് കണ്ടെത്തിയത് കമല്‍ഹാസന്‍

91 ലാണ് ഗുണാ സിനിമ സംഭവിക്കുന്നത്, അതിനും ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് ഞാനും ബീനയും (ബീനാ പോള്‍) മകളും കൂടി ഗുണാ കേവിന് അടുത്തുവരെ പോയിട്ടുണ്ട്. അന്ന് ആ സ്ഥലത്തിന് ഡെവിള്‍സ് കിച്ചണെന്നാണ് പേര് ... ഗുഹയ്ക്ക് അടുത്തേക്കൊന്നും പോയില്ല. ഗുഹയ്ക്ക് ഇപ്പുറം 100 മീറ്റര്‍ അകലെ ഗുഹയില്‍ വീണ് മരിച്ച ഒരാള്‍ക്കായി അവരുടെ ബന്ധുക്കള്‍ ചേര്‍ന്നൊരു സ്മാരകം ഉണ്ടായിക്കിയിരുന്നു. ചെമ്പകനാടാരെന്നോ മറ്റോ ആണ് സ്മാരകത്തിലെഴുതിയിരിക്കുന്ന പേര്...അയാള്‍ ഒരു വ്യവസായി ആയിരുന്നു...ഗുഹയിലെ 2000 അടി താഴ്ചയിലേക്ക് വീണ അയാളുടെ മൃതദേഹം മൂന്ന് ദിവസത്തിന് ശേഷമാണ് ലഭിച്ചതെന്നൊക്കെ ആ സ്മാരകശിലയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് പക്ഷേ ഗുഹയ്ക്ക് സമീപത്തേക്ക് പോലും പോയില്ല

അതിന് ശേഷം ഗുണാ സിനിമയുടെ ലൊക്കേഷന്‍ കാണാന്‍ കമല്‍ഹാസനൊപ്പമാണ് വീണ്ടും അവിടെ എത്തുന്നത്. കമല്‍ഹാസന്‍, അദ്ദേഹത്തിന്റെ ഭാര്യ, സംവിധായകന്‍ സന്താന ഭാരതി, നിര്‍മാതാവുമൊക്കെയായി ഞങ്ങള്‍ ഒരു നാലഞ്ചു പേരുണ്ട്. സ്ഥലം കണ്ട ഉടന്‍ നിര്‍മാതാവ് തലകറങ്ങി വീണു. മറ്റെല്ലാവരും അവിടെ ചിത്രീകരിക്കാനുള്ള തീരുമാനത്തെ അതിശക്തമായി എതിര്‍ത്തു. കരിയിലയൊക്കെ ചീഞ്ഞതിന്‌റെയോ വവ്വാലിന്‌റയോ എന്നൊന്നും തിരിച്ചറിയാത്ത വല്ലാത്ത രൂക്ഷഗന്ധം ഞങ്ങളെ വീര്‍പ്പുമുട്ടിച്ചു. പക്ഷേ അപ്പോഴും കമല്‍ഹാസന്‍ ആ സ്ഥലത്ത് തന്നെ സിനിമ ചെയ്യാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ്. നിങ്ങള്‍ ഒപ്പം നില്‍ക്കുമെങ്കില്‍ നമ്മുക്ക് ഇവിടെ തന്നെ ചിത്രീകരിക്കാമെന്ന് പറഞ്ഞു കമല്‍, ഞാന്‍ റെഡിയാണെന്ന് മറുപടിയും പറഞ്ഞു. ഞാന്‍ റെഡിയല്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തുസംഭവിക്കുമായിരുന്നെന്ന് ഇന്ന് എനിക്ക് പറയാന്‍ സാധിക്കില്ല.

'ഡെവിൾസ് കിച്ചണിലെത്തിച്ചത് കമലിന്റെ പിടിവാശി, മരണം മുന്നിൽ കണ്ട് ചിത്രീകരണം'; ഗുണാ സിനിമയുടെ കഥ പറഞ്ഞ് ഛായാഗ്രാഹകൻ വേണു
'മനിതര്‍ ഉണര്‍ന്തുകൊള്ള ഇത് മനിത കാതലല്ല...'; ഗുണയിലെ ഗാനം പിറന്ന 'സൗഹൃദത്തിന്റെയും വൈരത്തിന്റെയും കഥ'

നാട്ടുകാരുടെ പ്രതിഷേധവും യൂണിറ്റ് അംഗങ്ങളുടെ എതിര്‍പ്പും

അതിന് ശേഷം ഒരിക്കല്‍ കൂടി യൂണിറ്റ് അംഗങ്ങളുമൊക്കെയായി വീണ്ടും സ്ഥലം കാണാന്‍ പോയി. അവരാരും ഗുഹയില്‍ ഇറങ്ങാന്‍ തയാറാല്ല. അവരെ കുറ്റം പറയാന്‍ പറ്റില്ല , മഞ്ഞിറങ്ങിയാല്‍ അടുത്ത നില്‍ക്കുന്ന ആളെ പോലും കാണാനാകില്ല . ചുറ്റും അന്ധകാരവും മരം കോച്ചുന്ന തണുപ്പും...ഇടയ്ക്ക് മഴ പെയ്യും പിന്നെ പാറകളില്‍ ചവിട്ടാനാകില്ല, തെന്നാന്‍ തുടങ്ങും...ഒന്ന് കാലിടറിയാല്‍ പൊടി പോലും കിട്ടില്ല...മാത്രമല്ല ആ സമയത്ത് ഗുണാ കേവ് എന്ന് വിളിക്കുന്ന ആ സ്ഥലത്തേക്ക് എത്താന്‍ റോഡ് പോലുമില്ല. ഒരു സിനിമ ചിത്രീകരിക്കണമെങ്കില്‍ യൂണിറ്റ് അംഗങ്ങള്‍, വലിയ ജനറേറ്റര്‍, ലൈറ്റ്, ക്യാമറ അങ്ങനെ ഒരുപാട് ഘടങ്ങള്‍ അവിടെ എത്തിക്കണം. അതിനൊന്നും ഒരു വഴിയുമില്ല...ഇതൊക്കെ മനസിലാകുന്നുണ്ടെങ്കിലും കമല്‍ സാര്‍ ഒറ്റക്കാലില്‍ നില്‍ക്കുകയാണ്, ഗുണാ ഇവിടെ ചിത്രീകരിക്കണം. ഒടുവില്‍ ഗുഹയില്‍ ഇറങ്ങുന്ന ദിവസം ഇരട്ടിയിലധികം തുക വാഗ്ദാനം ചെയ്താണ് ഓരോ യൂണിറ്റ് അംഗങ്ങളേയും ആ ചിത്രത്തില്‍ സഹകരിപ്പിച്ചത്.

പില്ലര്‍ റോക്ക്‌സിന്റെ അടിഭാഗത്ത് നിന്ന് വെള്ള മഞ്ഞ് പൊങ്ങുന്ന ഭാഗത്തെയാണ് ഡെവിള്‍സ് കിച്ചണ്‍ എന്ന് വിളിച്ചിരുന്നത്

പക്ഷേ അതുകൊണ്ടും തീര്‍ന്നില്ല ... യൂണിറ്റ് അംഗങ്ങള്‍ സഹകരിക്കാമെന്ന ഘട്ടമെത്തിയപ്പോള്‍ പ്രതിഷേധവുമായി നാട്ടുകാരെത്തി. ഇത്രയും അപകടം നിറഞ്ഞ സ്ഥലത്ത് ചിത്രീകരിക്കണം അനുവദിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. കമല്‍ സാര്‍ നേരിട്ട് സംസാരിച്ചാണ് അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയത്.

'ഡെവിൾസ് കിച്ചണിലെത്തിച്ചത് കമലിന്റെ പിടിവാശി, മരണം മുന്നിൽ കണ്ട് ചിത്രീകരണം'; ഗുണാ സിനിമയുടെ കഥ പറഞ്ഞ് ഛായാഗ്രാഹകൻ വേണു
തുടര്‍ഹിറ്റുകള്‍ക്കിടയില്‍ രസംകൊല്ലിയായി സമരം; നാളെ മുതൽ 'സഹകരിക്കാത്ത' സിനിമകൾ റിലീസ് ചെയ്യില്ലെന്ന് തീയേറ്റർ ഉടമകൾ

ഗുണാ കേവില്‍ തന്നെ ചിത്രീകരിക്കാനുള്ള കാരണം

വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഏറെ ഇഷ്ടമുള്ള ആളാണ് കമല്‍ സാര്‍. Sense of Adventure കുറച്ച് കൂടുതലുള്ള ആളാണ് അദ്ദേഹം. അതുമാത്രമാണ് ഈ ചിത്രം അവിടെ തന്നെ ചിത്രീകരിക്കണമെന്ന കമല്‍ സാറിന്‌റെ നിര്‍ബന്ധത്തിന് കാരണവും... എല്ലാവരും പേടിക്കുന്ന, ആരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഒരു സ്ഥലത്ത് ഗുണാ സിനിമ ചിത്രീകരിക്കണം. ചിത്രത്തിന്‌റെ സംവിധായകന്‍ സന്താന ഭാരതിയാണെന്ന് എല്ലാവരും കരുതുമെങ്കിലും ഗുണാ ഇന്‍ ആന്‍ഡ് ഔട്ട് കമല്‍ഹാസന്‍ ചിത്രമാണ്. ലൊക്കേഷന്‍ കണ്ടെത്തിയത് മുതല്‍ ആ സിനിമയുടെ ഓരോ തീരുമാനവും കമല്‍ സാറിന്‌റേത് മാത്രമാണ്. അതുകൊണ്ട് തന്നെ ഈ ലൊക്കേഷന്‍ മാറ്റാന്‍ അദ്ദേഹം തയാറായിരുന്നില്ല.

ചിത്രീകരണത്തിലെ വെല്ലുവിളി

ആദ്യം ഒരു കിലോ മീറ്ററോളം റോഡ് വെട്ടിയാണ് ചിത്രീകരണത്തിനാവശ്യമായ ക്യാമറയും ജനറേറ്റര്‍ അടക്കമുള്ള സാധനങ്ങളും അങ്ങോട്ടേക്ക് എത്തിച്ചത്. പക്ഷേ ഗുഹയിലേക്ക് ഇറങ്ങാന്‍ മാത്രം ഏകദേശം രണ്ടുരണ്ടര മണിക്കൂര്‍ എടുക്കുമായിരുന്നു. ലൈറ്റ് ഓണ്‍ ആക്കുമ്പോഴേക്കും ഗുഹയ്ക്ക് അകത്തെ പക്ഷികളെല്ലാം കൂടി ക്യാമറയിലൊക്കെ വന്ന് ഇടിച്ച് വീഴും... പിന്നെ അവയെല്ലാം ഒന്ന് ശാന്തമാകുന്നത് വരെ ഒന്നും ചെയ്യാനാകില്ല. അങ്ങനെ ഏറെ പണിപ്പെട്ടാണ് ഓരോ ദിവസവും പൂര്‍ത്തിയാക്കിയത്.

ഇന്നുള്ള അത്രയും സാങ്കേതികവിദ്യ അന്ന് ഇല്ലാത്തത് കൊണ്ട് തന്നെ അവിടെയുള്ള പലതും ഞങ്ങള്‍ക്ക് കാണിക്കാനായില്ല... മാന്‍ മെയ്ഡ് ഒബ്ജക്ട്‌സ് ഇല്ലാതെ ഗുഹയിലേക്ക് ഇറങ്ങാനാകില്ല. കയര്‍ കെട്ടിയും കമ്പി വച്ച് തൂണുണ്ടാക്കിയുമൊക്കെയാണ് ഞങ്ങള്‍ ഗുഹയിലേക്ക് ഇറങ്ങിയത്. ഇവയൊക്കെ പലയിടങ്ങളിലായി വച്ചിരിക്കുന്നത് കൊണ്ട് ആ വശത്തേക്കൊന്നും ക്യാമറ വയ്ക്കാനാകില്ല. ഇന്നാണെങ്കില്‍ നമ്മുക്ക് അതൊക്കെ ഫൈനല്‍ ഔട്ടില്‍ മായ്ച്ച് കളയാനാകും. അതുകൊണ്ടൊക്കെ തന്നെ ഗുഹയുടെ ഭീകരതയെക്കാള്‍ മനോഹാരിതയാണ് ഗുണായുടെ ഔട്ടില്‍ പ്രതിഫലിച്ചതെന്ന് തോന്നുന്നു.

'ഡെവിൾസ് കിച്ചണിലെത്തിച്ചത് കമലിന്റെ പിടിവാശി, മരണം മുന്നിൽ കണ്ട് ചിത്രീകരണം'; ഗുണാ സിനിമയുടെ കഥ പറഞ്ഞ് ഛായാഗ്രാഹകൻ വേണു
തലൈവര്‍ക്ക് കഴിയാത്തത് ദളപതിക്ക് കഴിയുമോ? തമിഴകം പിടിക്കാന്‍ വിജയ് ഒരുങ്ങുമ്പോള്‍

രസകരമായ സംഭവം

ആദ്യം പറഞ്ഞില്ലേ , അവിടെ മരിച്ച ഒരാള്‍ക്കായി അവരുടെ ബന്ധുക്കളോ മറ്റോ സ്ഥാപിച്ച ഒരു സ്മാരകത്തെ കുറിച്ച്, നമ്മള്‍ ചിത്രീകരണം തുടങ്ങുന്ന ദിവസം ആരോ അതിന് മുന്നില്‍ ഒരു മെഴുകു തിരി കത്തിച്ചുവച്ചു. രണ്ടാമത്തെ ദിവസം അത് വിളക്കായി. പിന്നീട് പൂവായി, പൂജയായി, അവിടെ പ്രാര്‍ത്ഥിച്ചിട്ടേ ഗുഹയിലേക്ക് ഇറങ്ങൂവെന്ന അവസ്ഥയായി...ഞങ്ങള്‍ പോരുന്ന വരെ ആരൊക്കെയോ ഇത് തുടര്‍ന്നു. പിന്നെ എന്തുസംഭവിച്ചുവെന്നറിയില്ല

അന്നത്തെ പ്രായം തന്നെയാണ് ആ സിനിമ ചെയ്യാനുള്ള ധൈര്യം തന്നത്. ഒരു വെല്ലുവിളി പോലെ കമല്‍ സാര്‍ നമ്മുക്ക് ചെയ്യാമെന്ന് ചോദിച്ചപ്പോള്‍ നോ പറയാന്‍ തോന്നിയില്ല

പരുക്കേറ്റ നായികയും പരുക്കുപറ്റിയ ക്യാമറമാനും

ഗുഹയ്ക്കുള്ളിലുള്ള സീനിലെത്തുമ്പോള്‍ നായികയുടെ ഒരു കാലിന് പരുക്കുണ്ട്. ബാന്‍ഡേജ് വച്ച് കെട്ടിയിരിക്കുകയാണ് ഒരു കാല്‍...രണ്ടുകാലില്‍ നടന്ന ഞങ്ങള്‍ പലര്‍ക്കും പരുക്ക് പറ്റി. ആ കുട്ടി എങ്ങനെയാണ് അതിലൂടെ നടന്നതെന്ന് അറിയില്ല. അന്ന് പലര്‍ക്കും ചതവും ഉരഞ്ഞ് തൊലി പോവുകയൊക്കെ ചെയ്തിരുന്നു. എന്‌റെ കാലിന് നല്ല പരുക്ക് പറ്റി. അത് നേരെയാകാന്‍ മാസങ്ങളുടെ ചികിത്സ വേണ്ടി വന്നു

സിനിമയുടെ ഫൈനല്‍ ഔട്ട് കണ്ട എനിക്ക് ഞങ്ങളുടെ കഷ്ടപ്പാടിന്‌റെ പകുതി പോലും അതിലുള്ളതായി തോന്നിയില്ല. പക്ഷേ കമല്‍ സാറിന് നന്നായി ഇഷ്ടപ്പെട്ടു

പ്രായം തന്നെ പ്രധാനഘടകം

അന്നത്തെ പ്രായം തന്നെയാണ് ആ സിനിമ ചെയ്യാനുള്ള ധൈര്യം തന്നത്. ഒരു വെല്ലുവിളി പോലെ കമല്‍ സാര്‍ നമ്മുക്ക് ചെയ്യാമെന്ന് ചോദിച്ചപ്പോള്‍ നോ പറയാന്‍ തോന്നിയില്ല. അല്ലെങ്കില്‍ കാട്ടുപോത്തിനെയൊക്കെ നിരന്തരം നേരില്‍ കണ്ടുകൊണ്ട് ഇങ്ങനെ ഒരു സ്ഥലത്ത് സിനിമ ചിത്രീകരിക്കാന്‍ നമ്മള്‍ ഇറങ്ങി പുറപ്പെടില്ലല്ലോ ? സത്യത്തില്‍ അതൊരു ജീവന്‍ മരണപോരാട്ടമായിരുന്നു.

ആദ്യം സിനിമ കണ്ടത് ഞാനും കമല്‍സാറും

ഞാനും കമല്‍ സാറും കൂടിയാണ് ആദ്യം സിനിമ കണ്ടത്. സിനിമയുടെ ഫൈനല്‍ ഔട്ട് കണ്ട എനിക്ക് ഞങ്ങളുടെ കഷ്ടപ്പാടിന്‌റെ പകുതി പോലും അതിലുള്ളതായി തോന്നിയില്ല. പക്ഷേ കമല്‍ സാറിന് നന്നായി ഇഷ്ടപ്പെട്ടു.

സത്യത്തില്‍ പില്ലര്‍ റോക്ക്‌സിന്‌റെ അടിഭാഗത്ത് നിന്ന് വെള്ള മഞ്ഞ് പൊങ്ങുന്ന ഭാഗത്തിനാണ് ഡെവിള്‍സ് കിച്ചണ്‍ എന്ന് വിളിച്ചിരുന്നത്. സിനിമ ഇറങ്ങിയതോടെ ഡെവിള്‍സ് കിച്ചണ്‍ എന്ന പേര് മാറി ഗുണാ കേവ് എന്നായി, ആ സ്ഥലം ടൂറിസ്റ്റ് ഡെസ്റ്റിനേഷനായും മാറി. അതൊരു വലിയ ലാന്‍ഡ്‌സ്‌കേപ്പാണ്... പലതരം ഭൂപ്രകൃതിയുള്ള ഒരു സ്ഥലം... പക്ഷേ പിന്നീടൊരിക്കലും ഞാന്‍ ഗുണാ കേവില്‍ പോയിട്ടില്ല. ഇനി പോകണമെന്ന ആഗ്രഹവും ഇല്ല

logo
The Fourth
www.thefourthnews.in