സെപ്റ്റംബർ 22നും ഒക്ടോബർ ആറിനും 'റാണി' തീയേറ്ററുകളിൽ; പേരിന് സ്റ്റേ ആവശ്യപ്പെട്ട് ഒരു വിഭാ​ഗം

സെപ്റ്റംബർ 22നും ഒക്ടോബർ ആറിനും 'റാണി' തീയേറ്ററുകളിൽ; പേരിന് സ്റ്റേ ആവശ്യപ്പെട്ട് ഒരു വിഭാ​ഗം

ഒരാഴ്ച വ്യത്യാസത്തിൽ ഒരേ പേരിൽ റിലീസ് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ശങ്കർ രാമകൃഷ്ണൻ ചിത്രത്തിന് സ്റ്റേ ആവശ്യപ്പെട്ടിരിക്കുകയാണ് ബിജു സോപാനം നായകനാവുന്ന 'റാണി'യുടെ അണിയറക്കാർ

'റാണി' എന്ന പേരിൽ തൊട്ടടുത്ത തീയതികളിൽ രണ്ട് ചിത്രങ്ങൾ റിലീസിനെത്തുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണൻ 'പതിനെട്ടാംപടി'ക്ക് ശേഷം ഒരുക്കുന്ന ചിത്രം 'റാണി'യും ബിജു സോപാനവും ശിവാനി മേനോനും ആദ്യമായി ഒന്നിച്ച് നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന ചിത്രം 'റാണി'യും ഒരാഴ്ച വ്യത്യാസത്തിലാണ് തിയേറ്റർ റിലീസിനെത്തുന്നത്. ഈ പശ്ചാത്തലത്തിൽ പേരിന് സ്റ്റേ ആവശ്യപ്പെട്ടിരിക്കുകയാണ് ഒരു വിഭാ​ഗം.

ശങ്കർ രാമകൃഷ്ണൻ ചിത്രം റാണിയുടെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ പേര് രജിസ്റ്റർ ചെയ്ത് പ്രമോഷനും ചിത്രീകരണവും തുടങ്ങിയ ചിത്രമാണ് ബിജു സോപാനം നായകനാവുന്ന 'റാണി' എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. 'റാണി' എന്ന പേരിൽ സെപ്റ്റംബർ 22ന് ശങ്കർ രാമകൃഷ്ണൻ ചിത്രം പ്രദർശനത്തിനെത്തുമെന്നാണ് നിലവിൽ അറിയിച്ചിരിക്കുന്ന വിവരം. ഒക്ടോബർ ആറിനാണ് ബിജു സോപാനം ചിത്രം 'റാണി'യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒരാഴ്ച വ്യത്യാസത്തിൽ ഒരേ പേരിൽ റിലീസ് തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ശങ്കർ രാമകൃഷ്ണൻ ചിത്രത്തിന് സ്റ്റേ ആവശ്യപ്പെട്ടിരിക്കുകയാണ് ബിജു സോപാനം നായകനാവുന്ന 'റാണി'യുടെ അണിയറക്കാർ.

ആദ്യപോസ്റ്ററുകളിൽ ഇം​ഗ്ലീഷിൽ പ്രഖ്യാപിച്ച ശങ്കർ രാമകൃഷ്ണൻ ചിത്രം പിന്നീട് മലയാളത്തിലുളള പോസ്റ്റർ പങ്കുവച്ചതോടെ പേരിന്റെ കാഴ്ചയിലുളള സാമ്യത കൂടി ചൂണ്ടിക്കാണിച്ചാണ് പരാതി. സ്റ്റേ അനുവദിക്കുമോ എന്നറിയാൻ രണ്ട് ദിവസം കാത്തിരിക്കേണ്ടിവരും. എന്നാൽ 'റാണി' എന്ന പേരിൽ തന്നെ മുന്നോട്ടുപോകാനാണ് ശങ്കർ രാമകൃഷ്ണൻ ചിത്രത്തിന്റെ തീരുമാനം.

ബിജു സോപാനവും ശിവാനി മേനോനും ഒന്നിച്ചെത്തുന്ന 'റാണി' എന്ന ചിത്രത്തിന്റെ പേരിൽ നടന്ന ചർച്ചകൾക്കൊടുവിൽ അനുകൂല അനുമതി ലഭിച്ചെന്നും 'റാണി' എന്ന പേരിൽ തന്നെ ഒക്ടോബർ 6ന് ചിത്രം പ്രദർശനത്തിനെത്തുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു. എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയിൻമെൻ്റ്സ് എന്നീ ബാനറുകളിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി എന്നിവർ ചേർന്ന് നിർമ്മിച്ച് നിസാമുദ്ദീൻ നാസർ സംവിധാനം ചെയ്യുന്ന സിനിമക്ക് U/A സെൻസർ സർട്ടിഫിക്കേഷൻ ആണ് ലഭിച്ചിരിക്കുന്നത്. ഫാമിലി എന്റർടെയ്നർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ കഥ മണി എസ് ദിവാകർ, നിസാമുദ്ദീൻ നാസർ എന്നിവരുടേതാണ്.

ശങ്കർ രാമകൃഷ്ണൻ ചിത്രത്തിൽ 'റാണി' എന്ന പേരിനൊപ്പം 'ദ റിയൽ സ്റ്റോറി' എന്നുകൂടിയുളളതിനാൽ തർക്കം വേണ്ടതില്ലെന്നാണ് ചിത്രവുമായി ബന്ധപ്പെട്ടവരുടെ പക്ഷം. ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാലിക പ്രസക്തമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലറായാണ് 'റാണി' എത്തുക. ശക്തമായ സ്ത്രീപക്ഷ സാന്നിധ്യത്തിലൂടെ കഥ പറയുന്ന ചിത്രം സെപ്റ്റംബർ 22ന് തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. ഗുരു സോമസുന്ദരം, മണിയൻ പിള്ള രാജു, അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. മാജിക്ക് ടെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

logo
The Fourth
www.thefourthnews.in