കുറ്റകൃത്യങ്ങളെ പോലെ തന്നെ ഭീകരമാണ് വിവേചനം; 'ഉത്തരേന്ത്യന്‍ സ്റ്റോറി' പറഞ്ഞ് ദഹാദ്

കുറ്റകൃത്യങ്ങളെ പോലെ തന്നെ ഭീകരമാണ് വിവേചനം; 'ഉത്തരേന്ത്യന്‍ സ്റ്റോറി' പറഞ്ഞ് ദഹാദ്

സോയ അക്തറും റീമ കഗ്തിയും ചേര്‍ന്നൊരുക്കി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദഹാദ് അവതരണ രീതിയും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയാണ്

പ്രൊപ്പഗണ്ട സിനിമകള്‍ക്ക് നികുതിയിളവും പിന്തുണയും ആവോളം ലഭിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന ജാതി- മത വിദ്വേഷവും, വിവേചനങ്ങളും തുറന്ന് പറഞ്ഞ് ആമസോണ്‍ പ്രൈം സീരീസ് ദഹാദ്. കേരളത്തില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ എന്നു പറയാന്‍ യാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ച് കേരള സ്‌റ്റോറികള്‍ സൃഷ്ടിക്കപ്പെടുന്നിടത്താണ്, ഉത്തരേന്ത്യയിലെ വിവേചനങ്ങളെ ദഹാദ് പച്ചയായി വിവരിക്കുന്നത്. സോയ അക്തറും റീമ കഗ്തിയും ചേര്‍ന്നൊരുക്കി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ദഹാദ് അവതരണരീതിയും ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടുകയാണ്.

കേവലം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായല്ല ദഹാദ് പുരോഗമിക്കുന്നത്. ഉത്തരേന്ത്യയിലെ ഉള്‍നാടുകളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനനും, മത വിദ്വേഷവും, ഇസ്ലാമോ ഫോബിയയും പച്ചയായി സീരീസ് തുറന്നുകാട്ടുന്നു

സീരിയല്‍ കില്ലരെ തേടുന്ന ഇന്‍വെസ്റ്റിഗേഷന്‍ സീരീസായാണ് ദഹാദ് ഒരുക്കിയിരിക്കുന്നത്. രാജസ്ഥാനിലെ ചെറു പട്ടണമായ മാണ്ഡ്‌വ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ദഹാദ് കര്‍ണാടകയിലെ മോഹന്‍ കുമാര്‍ എന്ന സീരിയല്‍ കില്ലര്‍ സൈനഡ് മോഹനന്റെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. 29 ഓളം സ്ത്രീകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറും ഇയാളെ പിന്തുടരുന്ന മാണ്ഡ്‌വ സ്റ്റേഷനിലെ വനിത പോലീസ് ഉദ്യോഗസ്ഥയുള്‍പെടുന്ന അന്വേഷണ സംഘവുമാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇന്‍സ്പെക്ടര്‍ അഞ്ജലി ഭാട്ടിയായി സോനാക്ഷി സിന്‍ഹയും, എസ് എച്ച് ഒ ദേവി ലാല്‍ സിങ്ങായി ഗുല്‍ഷന്‍ ദേവയ്യയും ഇന്‍സ്പെക്ടര്‍ കൈലാഷ് പാര്‍ഗിയായി സൗഹം ഷായും വേഷമിടുന്നു. കില്ലറായ ആനന്ദ് സ്വര്‍ണകാറിനെ അജയ് വര്‍മ്മയും അവതരിപ്പിക്കുന്നു.

കേവലം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായല്ല ദഹാദ് പുരോഗമിക്കുന്നത്. കുറ്റവാളിയെ തുടക്കത്തിലെ വ്യക്തമാക്കുന്നു, പകുതിയോടെ അന്വേഷണ ഉദ്യോഗസ്ഥരും അത് തിരിച്ചറിയുന്നു. അയാള്‍ പിടിക്കപ്പെടുന്നത് എങ്ങനെയെന്നതാണ് സീരീസ് പറയുന്നത്. ഇതിനൊപ്പം ഉത്തരേന്ത്യയിലെ ഉള്‍നാടുകളില്‍ നിലനില്‍ക്കുന്ന ജാതി വിവേചനവും, മത വിദ്വേഷവും, ഇസ്ലാമോ ഫോബിയയും പച്ചയായി സീരീസ് തുറന്നുകാട്ടുന്നു.

സൊനാക്ഷി സിന്‍ഹ അവതരിപ്പിക്കുന്ന ദളിത് പശ്ചാത്തലമുള്ള പോലീസ് കഥാപാത്രം ചിത്രത്തിന് പുതിയൊരു മാനം നൽകുന്നു. പോലീസ് ഉദ്യോഗസ്ഥ ആയിരുന്നിട്ടും സോനാക്ഷിയുടെ കഥാപാത്രത്തെ അവരുടെ ജാതി എങ്ങനെ സ്വാധീനിക്കുന്നു എന്നും ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു. ജോലിസ്ഥലത്ത് ജാതി, ലിംഗ വിവേചനങ്ങൾ പ്രകടമായി തന്നെ അഞ്ജലി നേരിടുന്നു. അഞ്ജലിയുടെ സാന്നിധ്യത്തില്‍ അസ്വസ്ഥനാകുന്ന കീഴുദ്വോഗസ്ഥന്‍ അന്തരീക്ഷം ശുദ്ധീകരിക്കാന്‍ അഗര്‍ബത്തി കത്തിക്കുന്നത് ഉള്‍പ്പെടെ കാണികളിലും അസ്വസ്ഥത ഉണ്ടാക്കും.

മുസ്ലീം നാമധാരിയായ വ്യക്തിയോട് പോലീസുകാര്‍ക്കുള്ള നിലപാടും, കുറ്റവാളിയാക്കാനുള്ള വ്യഗ്രതയും ദഹാദ് തുറന്ന് കാണിക്കുന്നുണ്ട്. പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുവരെ ജാതിയുടെയും സ്വാധീനത്തിന്റെയും പേരില്‍ വേര്‍തിരിച്ച് കാണുന്ന ഉദ്യോഗസ്ഥരെയും സീരീസ് വരച്ചിടുന്നു.

കുറ്റകൃത്യങ്ങളെ പോലെ തന്നെ ഭീകരമാണ് വിവേചനം; 'ഉത്തരേന്ത്യന്‍ സ്റ്റോറി' പറഞ്ഞ് ദഹാദ്
'കീർത്തിക്ക് വിവാഹമായാൽ അറിയിക്കും'; വ്യാജ വാർത്തക്കെതിരെ ജി സുരേഷ് കുമാർ

ചിത്രത്തിലെ കഥാപാത്രങ്ങളുടെ കുടുംബ ജീവിതവും പലവിധ യാഥാര്‍ഥ്യങ്ങളുടെ പകര്‍ത്തിയെഴുത്താണ്. സഹപ്രവര്‍ത്തകനുമായുള്ള ബന്ധവും ഒരുമിച്ച് ജീവിക്കാനുള്ള തീരുമാനവും ഭര്‍ത്താവിനോട് പറയുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ. പണ്‍കുട്ടികളെ ഒറ്റയ്ക്കു പുറത്തു വിടുന്നത് വഴി തെറ്റാന്‍ ഇടയാക്കുമെന്ന് വിശ്വസിക്കുന്ന സ്ത്രീ. മോശം ലോകത്ത് ജീവിക്കേണ്ടി വരുമെന്ന് ഭയത്താല്‍ കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്യാന്‍ ഭാര്യയെ നിര്‍ബന്ധിക്കുന്ന മറ്റൊരു പോലീസുകാരന്‍. പ്രത്യക സാഹചര്യങ്ങളില്‍ ജീവിക്കുന്ന, സ്വന്തമായി തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ മരിക്കേണ്ടവരാണ് എന്ന് കുറ്റബോധമില്ലാതെ പറയുന്ന 29 പേരെ വകവരുത്തുന്ന കൊലയാളിയും പലവിധത്തിലുള്ള സാമൂഹിക ബോധങ്ങളെയാണ് പങ്കുവയ്ക്കുന്നത്.

logo
The Fourth
www.thefourthnews.in