സ്റ്റോറി ഫുൾ ഡ്രാമ, 'ത്രിശങ്കു'വിലെ ഡാപ്പർ മാമാ!; ജോനിതാ ഗാന്ധി പാടുന്നു

സ്റ്റോറി ഫുൾ ഡ്രാമ, 'ത്രിശങ്കു'വിലെ ഡാപ്പർ മാമാ!; ജോനിതാ ഗാന്ധി പാടുന്നു

'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിങ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് 'ത്രിശങ്കു'

മാച്ച്ബോക്സ് ഷോട്സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന കോമഡി ചിത്രം 'ത്രിശങ്കു'വിലെ രണ്ടാമത്തെ ഗാനം 'ഡാപ്പർ മാമാ' പുറത്തിറങ്ങി. ജോനിതാ ഗാന്ധി ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നൽകി ചിട്ടപ്പെടുത്തിയത് ജയ് ഉണ്ണിത്താനാണ്. മനു മഞ്ജിത്താണ് ഗാനരചന. തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം പ്രേക്ഷകരിലേയ്ക്ക് എത്തിയത്. അന്ന ബെന്നും അർജുൻ അശോകനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം മെയ് 26ന് റിലീസ് ചെയ്യും.

ഗാനത്തിന്റെ പെർക്കഷൻ കൈകാര്യം ചെയ്‌തത്‌ അസ്സൻ നിധീഷ് എസ് ഡി ആണ്. അഡിഷണൽ റിഥം പ്രോഗ്രാമിങ് അൽ നിഷാദും വോക്കൽ ട്യൂണിങ് ലിജേഷ് കുമാറുമാണ് നിർവഹിച്ചിട്ടുള്ളത്. തിരുവനന്തപുരം ദീപക് എസ്ആർ പ്രൊഡക്ഷൻസിൽ ദീപക് എസ് ആറാണ് ഗാനം റെക്കോർഡ് ചെയ്‌ത് സംഗീത സമ്മിശ്രണം ചെയ്തിരിക്കുന്നത്.

നവാഗതനായ അച്യുത് വിനായകാണ് 'ത്രിശങ്കു'വിന്റെ സംവിധാനം. 'അന്ധാധൂൻ', 'മോണിക്ക ഒ മൈ ഡാർലിങ്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന ചിത്രമാണിത്. മാച്ച്ബോക്‌സ് ഷോട്സിൻ്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്കൊപ്പം ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

സുരേഷ് കൃഷ്ണ, നന്ദു, കൃഷ്ണകുമാർ, ബാലാജി മോഹൻ, ശിവ ഹരിഹരൻ, ഫാഹിം സഫർ, സെറിൻ ഷിഹാബ് തുടങ്ങിയവർ 'ത്രിശങ്കു'വിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിങ് രാകേഷ് ചെറുമഠവും സൗണ്ട് ഡിസൈൻ ധനുഷ് നായനാരുമാണ് നിർവഹിച്ചിട്ടുള്ളത്. ഇ4 എന്റർടൈൻമെന്റിലൂടെ എ പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. ഗാനങ്ങൾ റിലീസ് ചെയ്യുന്നത് തിങ്ക് മ്യൂസിക്.

logo
The Fourth
www.thefourthnews.in