'അഞ്ചുതെങ്ങിന്റെ രാഷ്ട്രീയം കടലും കായലും മീനിൻ്റെ മണമുള്ള മനുഷ്യരും ചേർന്ന് നിർവചിക്കുന്നതാണ്' -ദീപക് പോൾ

'അഞ്ചുതെങ്ങിന്റെ രാഷ്ട്രീയം കടലും കായലും മീനിൻ്റെ മണമുള്ള മനുഷ്യരും ചേർന്ന് നിർവചിക്കുന്നതാണ്' -ദീപക് പോൾ

'നമ്മുടെ അഞ്ച് തെങ്ങ്' എന്ന ഗാനം അഞ്ച് തെങ്ങിലെ സ്വാതന്ത്ര്യസമര സേനാനികളുടെ പോരാട്ട കഥകളെ കുറിച്ചുള്ളതാണ്

ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ നൂറ്റാണ്ടുകള്‍ നീണ്ട സമരങ്ങള്‍ നടന്നിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചരിത്രമെഴുത്തുകാര്‍ അത്രകണ്ട് ശ്രദ്ധിക്കാതെ വിട്ട ഒരു ബ്രിട്ടീഷ് വിരുദ്ധ കലാപമാണ് അഞ്ചുതെങ്ങ് കലാപം. 1684ല്‍ വ്യവസായ ശാല നിര്‍മിക്കാന്‍ ആറ്റിങ്ങല്‍ റാണി അഥവാ ഉമയമ്മ റാണി യില്‍ നിന്നും ലഭിച്ച അഞ്ചുതെങ്ങ് എന്ന സ്ഥലത്ത്‌ ഇംഗ്ലീഷുകാര്‍ കോട്ട കെട്ടിയതും സൈനിക സാമഗ്രികള്‍ സംഭരിക്കുന്ന ക്രേന്ദവും തുറന്നതുമാണ് കലാപത്തിന് വഴിതെളിച്ചത്.

കൊള്ളയടിക്കുക എന്ന ഉദ്ദേശത്തോടെത്തിയ ബ്രിട്ടീഷുകാരുടെ അഴിമതികള്‍ക്കും ക്രൂരതകള്‍ക്കുമെതിരെ പോരാടിയ തദ്ദേശിയരുടെ കഥയാണ് ഈ സ്വാതന്ത്ര്യ കലാപത്തിന് പറയാനുള്ളത്. ബ്രിട്ടീഷുകാര്‍ക്കെതിരെ കേരളത്തില്‍ ഉയര്‍ന്ന ആദ്യ കലാപമാണ് അഞ്ചുതെങ്ങിലേത്. ചരിത്രകാരന്മാര്‍ മനപ്പൂര്‍വം മറന്ന ആ ഏടിനെ 'നമ്മുടെ അഞ്ച് തെങ്ങ്' എന്ന ഗാനത്തിലൂടെ നമ്മളിലേയ്ക്ക് എത്തിക്കുകയാണ് സംഗീത സംവിധായകന്‍ ദീപക് പോള്‍. ചരിത്രം ഗാനമാകുമ്പോള്‍ വികാരം ചോരാതെ അത് അവതരിപ്പിക്കുക എന്നത് അത്ര എളുപ്പമല്ല. അതേക്കുറിച്ച്‌ ദീപക് പോള്‍ ദ ഫോര്‍ത്തിനോട് സംസാരിക്കുന്നു.

? എന്ത് കൊണ്ട് അഞ്ച് തെങ്ങ്

ഭാരതത്തിലെ ആദ്യ സ്വാതന്ത്ര്യ കലാപമാണ് അഞ്ച്തെങ്ങിലേത്. മഹാകവി കുമാരാശാന്റെ ജന്മനാട് കൂടിയാണ് അത്. ഈ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്ന എല്ലാവരും അഞ്ച് തെങ്ങ് നിവാസികളാണെന്നതാണ് മറ്റൊരു പ്രത്യേകത. വീഡിയോ, കണ്‍സപ്റ്റ്, എഡിറ്റ്, കോണ്‍സപ്റ്റ് തുടങ്ങി എല്ലാം അവിടുത്തെ നാട്ടുകാരാണ് ചെയ്തിരിക്കുന്നത്. അഞ്ച് തെങ്ങിലെ പത്ത് ഗായകര്‍ ഇതില്‍ പാടിയിട്ടുണ്ട്.

? സ്വാതന്ത്ര്യ സമരം എന്നതിലുപരി അഞ്ച് തെങ്ങിന്റെ കഥ പറയാന്‍ പ്രേരിപ്പിച്ച മറ്റെന്തെങ്കിലും ഘടകങ്ങളുണ്ടോ

അഞ്ച് തെങ്ങ് അറിയപ്പെടുന്നത് നൊട്ടോറിയസ് ലാന്‍ഡ് എന്നാണ്. എന്നാല്‍ രാജ്യത്തിന്റെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും വലിയ മതസൗഹാര്‍ദം നിലനിര്‍ത്തുന്ന സ്ഥലമാണ് അഞ്ച് തെങ്ങ്. അതുകൊണ്ട് തന്നെ ആ പ്രദേശത്തിന്റെ ചരിത്രം എല്ലാവരിലേയ്ക്കും എത്തിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. അത് കൂടാതെ ഇതിലേയ്ക്ക് ആകര്‍ഷിച്ച മറ്റൊന്ന് അഞ്ച് തെങ്ങിന്റെ മനോഹാരിതയാണ്. ഗാനത്തില്‍ സ്ഥലത്തിന്റെ ഭംഗിയെ കുറിച്ചും വിവരിച്ചിട്ടുണ്ട്.

? അഞ്ച് തെങ്ങിന്റെ ചരിത്രം ഏത് മ്യൂസിക് ജേണറിലൂടെയാണ് ആളുകളിലേക്കെത്തിക്കാൻ ആ​ഗ്രഹിക്കുന്നത്

കർണാടക സംഗീതത്തിലെ രേവതി രാഗം ആധാരമാക്കിയാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ആളുകൾ ഒരു നാടിനെ കുറച്ചുള്ള കഥ കേൾക്കാൻ ആഗ്രഹിക്കുന്ന തരത്തിൽ ഒരുക്കാൻ ശ്രമിച്ചിട്ടുണ്ട്.

? ചരിത്രം ​സം​ഗീതമായി അവതരിപ്പിക്കുമ്പോൾ അതിന്റെ വികാരം ചോർന്ന് പോകാതെ നോക്കുക എന്നത് വെല്ലുവിളിയായിരുന്നോ

ഇതിൽ ചരിത്രം മാത്രമല്ല, നാടിനെ മുഴുവനായി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട്. വീഡിയോയിൽ ചരിത്ര ശേഷിപ്പിനെ ആളുകൾ കൂടുതൽ അറിയണം, മഹാകവിയായ കുമാരനാശാന്റെ ജന്മ നാടിനെ കുറിച്ച് അറിയണം എന്നൊക്കെയുള്ള ഉദേശങ്ങൾ ഉണ്ട്. ഭാരത സ്വാതന്ത്ര്യത്തിന്റെ ആദ്യ തീ വീണ നാടിനെ കുറിച്ചു കുറഞ്ഞത് കേരളീയരെങ്കിലും അറിഞ്ഞിരിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ മ്യുസിക്ക് വീഡിയോ ഒരുക്കിയിരിക്കുന്നത്

? ചരിത്രം ആളുകളിലേയ്ക്ക് എത്തിക്കുക എന്നതിലുപരി ഈ ​ഗാനം ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയം മുമ്പോട്ട് വെയ്ക്കുന്നുണ്ടോ

ടൂറിസം വികസനത്തിന് ഏറ്റവും മികച്ച ഇടമാണ് അഞ്ചുതെങ്ങ്. ഏറ്റവും മികച്ച ടൂറിസം സർ്‌ക്യൂട്ട് ആക്കി എടുക്കാൻ പറ്റുന്ന ഇടം. അഞ്ചുതെങ്ങിന്റെ രാഷ്ട്രീയം കടലും കായലും മീനിന്റെ മണവുമുള്ള മനുഷ്യർ ചേർന്ന് നിർവചിക്കുന്നതാണ്. കടലിനോട് ചേർന്ന് തകർന്ന വീടുകൾ ഉണ്ട്. അതിൽ വേലിയേറ്റവും ഇറക്കവും ഉണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട ജനം ഉണ്ട്. സാധ്യതകൾ ഉണ്ടായിട്ടും വികസനം എത്താത്ത മേഖലകൾ ഉണ്ട്. പൊട്ടൻഷ്യൽ ഉള്ള ഒരു നാടിനെ ഇങ്ങനെ ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന സർക്കാരിനോടുള്ള ചോദ്യങ്ങൾ ഉണ്ട്...

logo
The Fourth
www.thefourthnews.in