ക്യാപ്റ്റൻ മില്ലർ വരുന്നു; ധനുഷ് ചിത്രം പൊങ്കലിന് തീയേറ്ററുകളിൽ

ക്യാപ്റ്റൻ മില്ലർ വരുന്നു; ധനുഷ് ചിത്രം പൊങ്കലിന് തീയേറ്ററുകളിൽ

താരത്തിന്റെ നാല്പത്തിയേഴാമത്‌ ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നേതാവായാണ് ധനുഷ് വേഷമിടുന്നത്

തമിഴ് താരം ധനുഷിന്റെ കാത്തിരുന്ന ചിത്രം 'ക്യാപ്റ്റൻ മില്ലർ' 2024 പൊങ്കലിന് തീയേറ്ററുകളിലെത്തും. ഈ വർഷം ഡിസംബറിൽ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങൾ കൊണ്ട് മാറ്റിവയ്ക്കുകയായിരുന്നു. താരത്തിന്റെ നാല്പത്തിയേഴാമത്‌ ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നേതാവായാണ് ധനുഷ് വേഷമിടുന്നത്.

മാൻ ബൺ സ്റ്റൈലിൽ കെട്ടിയ മുടിയും നീണ്ട താടിയുമായി വ്യത്യസ്ത ലുക്കിലാണ് ധനുഷ് ചിത്രത്തിലെത്തുന്നത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടക്കഥ പറയുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ അടുത്തിടെ പുറത്തുവിട്ടിരുന്നു. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്.

സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം ധനുഷിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് സിനിമാലോകം വിലയിരുത്തുന്നത്. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ് നിർമാതാക്കൾ. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിദ്ധാർത്ഥ നൂനിയാണ് ഛായാഗ്രാഹകൻ. സ്റ്റണ്ട് ദിലീപ് സുബ്ബരായൻ, എഡിറ്റർ നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി വി പ്രകാശ് കുമാർ സം​ഗീത സംവിധാനവും സൗണ്ട് മിക്സിങ് രാജാ കൃഷ്ണനുമാണ്.

logo
The Fourth
www.thefourthnews.in