'ഡാഡ'യ്ക്ക് ശേഷം ഗണേശ് ബാബു; ധ്രുവ് വിക്രം നായകൻ

'ഡാഡ'യ്ക്ക് ശേഷം ഗണേശ് ബാബു; ധ്രുവ് വിക്രം നായകൻ

സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന

ഡാഡ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ഗണേശ് ബാബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകാന്‍ ധ്രുവ് വിക്രം. സിനിമയെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. നിർമാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസുമായി ഗണേശ് ബാബു മുൻപ് തന്നെ ഒരു ചിത്രത്തിന് കരാർ ഒപ്പിട്ടുണ്ട്. എന്നാൽ അത് ധ്രുവ് നായകനാകുന്ന ചിത്രമാണോ എന്നത് വ്യക്തമല്ല.

2022ല്‍ പുറത്തിറങ്ങിയ 'ഡാഡ' ഗണേശ് ബാബുവിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമായിരുന്നു. കെവിന്‍, അപര്‍ണ ദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ സിനിമയ്ക്ക് തീയേറ്ററില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ധ്രുവ്വിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'മഹാന്‍' ആയിരുന്നു. പിതാവ് വിക്രവും സിനിമയില്‍ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മഹാന് ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ധ്രുവ് അഭിനയിക്കുക.

കബഡി ടൂർണമെന്റ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രത്തിനായി ധ്രുവ് ഇപ്പോൾ കബഡി കളിക്കാൻ പഠിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍.

മാരി സെല്‍വരാജിന്റെ 'മാമന്നന്‍' തീയേറ്ററുകളില്‍ എത്തിയതിന് ശേഷമായിരിക്കും ധ്രുവ് നായകനാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിക്കുക.

താരപുത്രൻ എന്ന പരിവേഷത്തിലാണ് ധ്രുവ് വിക്രം തമിഴ് സിനിമ മേഖലയിൽ ചുവട് വച്ചതെങ്കിലും ആദ്യ സിനിമയായ ആദിത്യ വർമ വിചാരിച്ചത്ര വിജയം നേടിയിരുന്നില്ല. രണ്ടാമത്തെ ചിത്രമായ മഹാനും ധ്രുവ് എന്ന നടനെ മെച്ചപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് താരപരിവേഷം നേടി കൊടുക്കാൻ സാധിച്ചില്ല. അതു കൊണ്ടു തന്നെ ഗണേശ് ബാബു ചിത്രം ധ്രുവിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്.

logo
The Fourth
www.thefourthnews.in