കണ്ടത്തിൽ കണ്ണനായി ധ്യാൻ, യമുന ആരെന്ന് നാളെ അറിയാം; 'നദികളിൽ സുന്ദരി യമുന' തീയേറ്ററുകളിലേക്ക്

കണ്ടത്തിൽ കണ്ണനായി ധ്യാൻ, യമുന ആരെന്ന് നാളെ അറിയാം; 'നദികളിൽ സുന്ദരി യമുന' തീയേറ്ററുകളിലേക്ക്

'നദികളില്‍ സുന്ദരി യമുന' സെപ്റ്റംബർ പതിനഞ്ചിന് തീയേറ്ററുകളിൽ എത്തും.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന 'നദികളില്‍ സുന്ദരി യമുന' സെപ്റ്റംബർ പതിനഞ്ചിന് തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ രസകരമായ ട്രെയിലറും ടീസറും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. കണ്ടത്തിൽ കണ്ണനായി ധ്യാൻ ശ്രീനിവാസനും വിദ്യാധരനായി അജു വർഗീസുമാണ് ചിത്രത്തിലെ നായകന്മാരായി എത്തുന്നത്. സുന്ദരിയായ യമുന ആര് എന്ന സസ്പൻസ് ഒരുക്കിവച്ചാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്.

സിനിമാറ്റിക് ഫിലിംസ് എല്‍എല്‍പിയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരിക്കഞ്ചേരി എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്. ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യര്‍, അവര്‍ക്കിടയിലെ കണ്ണന്‍, വിദ്യാധരന്‍ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുധീഷ്, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹന്‍ സിനുലാല്‍, രാജേഷ് അഴിക്കോടന്‍, കിരണ്‍ രമേശ്, ഭാനു പയ്യന്നൂര്‍, ശരത് ലാല്‍, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര, ആമി, പാര്‍വണ, ഉണ്ണിരാജ, വിസ്‌മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു.

ഫൈസൽ അലിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ ഈണം പകര്‍ന്നിരിക്കുന്നു. ശങ്കര്‍ ശര്‍മയാണ് ബിജിഎം. 'സരിഗമ'യാണ് ചിത്രത്തിന്റെ ഗാനങ്ങളുടെ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തീയേറ്റര്‍ റിലീസിന് ശേഷമുള്ള ഒടിടി റൈറ്റ്സ് പ്രമുഖ ഒടിടി കമ്പനിയായ HR OTT-യാണ് സ്വന്തമാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in