ബോളിവുഡ് ചരിത്രത്തിലെ ഉത്തരമില്ലാത്ത മരണത്തിന്റെ കഥയോ ദിലീപിന്റെ ബാന്ദ്ര? തമന്നയെത്തുന്നത് ദിവ്യാ ഭാരതിയായെന്ന് സൂചന

ബോളിവുഡ് ചരിത്രത്തിലെ ഉത്തരമില്ലാത്ത മരണത്തിന്റെ കഥയോ ദിലീപിന്റെ ബാന്ദ്ര? തമന്നയെത്തുന്നത് ദിവ്യാ ഭാരതിയായെന്ന് സൂചന

ദീലിപ് നായകനാകുന്ന അരുൺ ഗോപി ചിത്രമാണ് ബാന്ദ്ര

പ്രശസ്തിയുടെ കൊടുമുടിയില്‍ നിന്ന് മരണത്തിലേക്ക് കാല്‍ വഴുതി വീണ ബോളിവുഡ് താരം ദിവ്യാ ഭാരതിയുടെ ജീവിതമാണോ ദിലീപ് ചിത്രം ബാന്ദ്രയുടെ ഇതിവൃത്തം? ബോളിവുഡ് ചരിത്രത്തില്‍ ഇന്നും ഉത്തരമില്ലാതെ കിടക്കുന്ന ദുരൂഹമരണത്തിന്‌റെ ചുരുളുകളാണോ ബാന്ദ്ര അന്വേഷിക്കുന്നത്?

രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബാന്ദ്ര. ബോംബെ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം ദിവ്യാ ഭാരതിയുടെ ജീവിതം അടിസ്ഥാനപ്പെടുത്തിയുള്ളതാണെന്നാണ് സൂചന.

ആരാണ് ദിവ്യാ ഭാരതി

ആ പേര് അത്ര പരിചിതമല്ലാത്ത തലമുറയ്ക്ക് പോലും ഷാരൂഖ് ചിത്രം ദീവാനയും അതിലെ പാട്ടുകളും ഓര്‍മ്മ കാണും. വെറും മൂന്ന് വര്‍ഷം കൊണ്ട് ബോളിവുഡും ഇന്ത്യന്‍ പരസ്യമേഖലയും അടക്കിവാണ, ഷാരൂഖ് ഖാനെക്കാള്‍ പ്രതിഫലം വാങ്ങിയിരുന്ന ബോളിവുഡ് ചലച്ചിത്രതാരമാണ് ദിവ്യ ഭാരതി.

പതിനാറാം വയസില്‍ 1990 ല്‍ നിലാ പെണ്ണെ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ ദിവ്യ മൂന്ന് വര്‍ഷം കൊണ്ട് അഭിനയിച്ചത് 21 ചിത്രങ്ങളില്‍, ഷാരൂഖ് ഖാന്‍, ഗോവിന്ദ, നന്ദമൂരി ബാലകൃഷ്ണ മുതല്‍ മുന്‍നിരതാരങ്ങളുടേയെല്ലാം നായികയായി, കൂടാതെ നിരവധി പരസ്യ ചിത്രങ്ങളുടേയും മുഖമായി മാറിയ ദിവ്യ അപ്രതീക്ഷിത മരണത്തിലേക്ക് കാല്‍വഴുതി വീണ സമയത്ത് പോലും 11 ചിത്രങ്ങളിലേക്ക് ധാരണയായിരുന്നു. വെറും പത്തൊമ്പത് വയസില്‍ ദിവ്യ നടന്നുകയറിയ പ്രശസ്തിയുടെ ഈ പടവുകള്‍ തന്നെ പറയും അവർ നേടിയെടുത്ത താരസിംഹാസനത്തിന്‌റെ വലിപ്പം

അതിനോടകം പ്രശസ്ത സംവിധായകന്‍ സാജിദ് നദിയാവാലയുടെ ജീവിതപങ്കാളി ആയി മാറിയിരുന്ന ദിവ്യ , മുംബൈ അന്ധേരിയിൽ അവർ താമസിച്ചിരുന്ന അഞ്ചാം നിലയിലെ ഫ്‌ളാറ്റില്‍ വച്ചാണ് അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍പ്പെടുന്ന സമയത്ത് സാജിദ് നദിയാവാലയുടേയും ദിവ്യയുടേയും സുഹൃത്തും ഡിസൈനറുമായ നീത ലുല്ലയും അവരുടെ ഭര്‍ത്താവും ഡോക്ടറുമായ ശ്യാമും ജോലിക്കാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ആ ദിവസം ദിവ്യയുടെ വീട്ടീലേക്ക് വിരുന്നുവന്ന നീതയ്ക്കും ഭര്‍ത്താവിനുമൊപ്പം മദ്യപിച്ച ദിവ്യ, മദ്യവുമായി ബാല്‍ക്കണിയിലേക്ക് പോവുകയും അബദ്ധത്തിൽ കാല്‍വഴുതി താഴേക്ക് വീഴുകയായിരുന്നുമെന്നുമാണ് പോലീസിന് അന്ന് ലഭിച്ച മൊഴിയും ഇതുവരെയുള്ള വാദവും.

ദിവ്യ ഭാരതിയുടെ മരണത്തെ കുറിച്ച് സ്റ്റാർഡസ്റ്റ് നൽകിയ വാർത്ത
ദിവ്യ ഭാരതിയുടെ മരണത്തെ കുറിച്ച് സ്റ്റാർഡസ്റ്റ് നൽകിയ വാർത്ത

മുംബൈ സ്ഫോടന പരമ്പരയും ദിവ്യയുടെ മരണവും

സാജിദ് നദിയാവാലയും അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ഇത് ദിവ്യ അറിഞ്ഞതാണ് അവരുടെ മരണത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കാരണമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരും ഈ വാദം ശരിവച്ചു. 1993 മാര്‍ച്ച് 12 നായിരുന്നു മുംബൈ സ്‌ഫോടന പരമ്പര , ഇതിന് പിന്നാലെ ഏപ്രില്‍ 5 നാണ് ദിവ്യ ബാല്‍ക്കണിയില്‍ നിന്ന് വീണ് മരിക്കുന്നത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സാജിദ് നദിയാവാലയോട് ദാവൂദിനെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് കൈമാറണമെന്ന് ദിവ്യ ആവശ്യപ്പെട്ടെന്നും തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കുണ്ടായാതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. എന്നാല്‍ അന്വേഷണം മുന്നോട്ട് പോയില്ല. അതിന് പ്രധാന കാരണം ദിവ്യയുടെ അച്ഛന്‌റെയും അമ്മയുടേയും മൊഴിയായിരുന്നു. മകള്‍ മദ്യത്തിന് അടിമയായിരുന്നെന്ന് അമ്മയും, അപകടം മരണം തന്നെയാണ്, സംശയമില്ലെന്ന് അച്ഛനും മൊഴി നല്‍കി. ദിവ്യയുടെ അച്ഛന്‌റേയും അമ്മയുടേയും മൊഴിയുടെ അടിസ്ഥാനത്തില്‍ അപകടമരണമെന്ന് രേഖപ്പെടുത്തി അന്വേഷണസംഘം കേസ് ക്ലോസ് ചെയ്തു.

ബാന്ദ്രയുടെ ട്രെയിലര്‍

നായികയുടെ മാത്രം കഥയാണെന്ന് ആരാ പറഞ്ഞത് എന്ന വാചകത്തോടെയാണ് ബാന്ദ്രയുടെ ട്രെയിലര്‍ തുടങ്ങുന്നത്. ദിവ്യാ ഭാരതിയെന്ന നായികയാകുന്നത് തമന്നയാണെന്ന സൂചനയും ദിവ്യയുടെ, അല്ലെങ്കില്‍ നായികയുടെ തമിഴ് പശ്ചാത്തലത്തിന്‌റെ ഹിന്‌റും ട്രെയിലറിലുണ്ട്. ശരത് കുമാര്‍, നീല്‍ നിതിന്‍ മുകേഷ്, ദിനോ മോറെ, അമിത് തിവാരി, ഈശ്വരി റാവു തുടങ്ങിയ സ്റ്റാര്‍ കാസ്റ്റും, ബാന്ദ്ര ദിവ്യാ ഭാരതിയുടെ ജീവിതമാണെന്ന സൂചനയാണ് നല്‍കുന്നത്.

പക്ഷേ ആരാണ് ആ ഹീറോ ?... ബാന്ദ്ര ഒരു ഹീറോയുടെ കൂടെ കഥയാണ്. ആലം അലക്‌സാണ്ടർ ഡൊമിനിക് എന്ന ഹീറോയുടെ കഥ , അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്‌റേത് കൂടിയാകുമോ? അത് കണ്ടുതന്നെ അറിയണം...

logo
The Fourth
www.thefourthnews.in