പ്രശ്നക്കാരെ സിനിമയിൽനിന്ന് 
ഒഴിവാക്കാൻ ശ്രമിക്കും, പ്രൊമോഷന് 
വരാത്തവരുമായി 
സഹകരിക്കില്ല: ദിലീഷ് പോത്തൻ

പ്രശ്നക്കാരെ സിനിമയിൽനിന്ന് ഒഴിവാക്കാൻ ശ്രമിക്കും, പ്രൊമോഷന് വരാത്തവരുമായി സഹകരിക്കില്ല: ദിലീഷ് പോത്തൻ

സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്

സിനിമാ സെറ്റിൽ തലവേദനയുണ്ടാക്കുന്ന അഭിനേതാക്കളെ കാസ്റ്റ് ചെയ്യാതെ ഒഴിവാക്കാൻ ശ്രമിക്കാറുണ്ടെന്ന് സംവിധായകനും നടനുമായ ദിലീഷ് പോത്തൻ. സിനിമാ പ്രൊമോഷൻസുമായി സഹകരിക്കാൻ അഭിനേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. പ്രൊമോഷൻസിന് പങ്കെടുക്കാത്തവരുമായി സഹകരിക്കില്ലെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ദിലീഷ് പോത്തൻ പറഞ്ഞു. താരങ്ങളുടെ ലഹരി ഉപയോഗവും മൂഡ് സ്വിങ്സുമൊക്കെ സിനിമാ ചിത്രീകരണത്തെ ബാധിക്കുന്നെന്ന ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ദിലീഷ് പോത്തന്റെ പ്രതികരണം.

ദിലീഷ് പോത്തന്റെ വാക്കുകൾ

സിനിമാ പ്രൊമോഷൻസുമായി സഹകരിക്കാൻ അഭിനേതാക്കൾക്ക് ഉത്തരവാദിത്തമുണ്ട്. താൻ നിർമാതാവായ എല്ലാ സിനിമകളിലും താരങ്ങളുമായി കരാർ വയ്ക്കാറുണ്ട്. 2 ദിവസമെങ്കിലും പങ്കെടുക്കണമെന്നാണ് നിർദേശിക്കാറുള്ളത്. അഭിനയിച്ചാൽ മാത്രം പോരല്ലോ, സിനിമ ജനങ്ങളിലേക്ക് എത്തിക്കുകയും വേണം. കരാർ ഉണ്ടാക്കിയിട്ടും പ്രൊമോഷൻസിന് പങ്കെടുത്തില്ലെങ്കിൽ പിന്നീട് അവരുമായി സഹകരിക്കില്ല.

കുറേനാളായി സിനിമയിലുള്ളതിനാൽ തന്നെ ഇത്തരം പ്രശ്നക്കാരെ കുറിച്ചൊക്കെ അറിയാം. അതുകൊണ്ട് ഒരു സിനിമയെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ അത്തരക്കാരെ ഒഴിവാക്കി ആരെ കൊണ്ട് ചെയ്യിക്കാം എന്ന തരത്തിലാണ് ചിന്തിക്കാറുള്ളത്. എന്നാൽ ചില സമയങ്ങളിൽ മറ്റ് മാർഗമില്ലാതെ , അവർക്ക് പകരം മറ്റൊരാളെ കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിൽ അങ്ങനെയുള്ളവരെ അഭിനയിപ്പിക്കേണ്ടിയും വന്നിട്ടുണ്ട്.

മൂഡ് സ്വിങ്സ് ഉളളവരുണ്ട് . അവരെ പത്ത് ദിവസത്തേക്ക് വിളിച്ചാൽ നമ്മുക്ക് അറിയാം ഒന്നോ രണ്ടോ ദിവസം അവർ ഷൂട്ടിന് വരില്ല. എട്ടു ദിവസമേ ഷൂട്ട് ചെയ്യാനാകൂ, അപ്പോൾ ആ നഷ്ടം കൂടി മുന്നിൽ കണ്ട് തന്നെ അവരെ വിളിക്കേണ്ടി വരും.എന്നാലും പരാമാവധി ആ തലവേദന ഒഴിവാക്കാനാണ് ശ്രമിക്കാറുള്ളത്.

ഒ ബേബി എന്ന ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിലാണ് ദിലീഷ് പോത്തന്റെ പ്രതികരണം. രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്.

logo
The Fourth
www.thefourthnews.in