പല രാത്രികളിലും ഞെട്ടിഉണര്‍ന്ന് അലറി വിളിക്കുമായിരുന്നു; ആടുജീവിതയാത്രയെ കുറിച്ച് ബ്ലെസി സംസാരിക്കുന്നു

ആടുജീവിതത്തിന്റെ പൂര്‍ത്തീകരണത്തിനായി നടത്തിയ യാത്രയെ കുറിച്ചും സിനിമ ജീവിതത്തിനെ കുറിച്ചും സംവിധായകന്‍ ബ്ലെസി ദ ഫോര്‍ത്തുമായി മനസുതുറക്കുന്നു

നീണ്ട പതിനാറ് വര്‍ഷങ്ങളാണ് ആടുജീവിതം എന്ന ചിത്രത്തിനായി ബ്ലെസിയെന്ന സംവിധായകന്‍ മാറ്റിവെച്ചത്. ബ്ലെസിയെന്ന സംവിധായകന് പൂര്‍ണപിന്തുണ നല്‍കി പൃഥ്വിരാജ് എന്ന നായകന്‍ കൂടെ നിന്നപ്പോള്‍ മലയാളസിനിമയുടെ പെരുമ വീണ്ടും ചര്‍ച്ചയാവുകയാണ്.

അത്ര എളുപ്പമായിരുന്നില്ല ബ്ലെസിക്ക് ആടുജീവിതം പൂര്‍ത്തിയാക്കുന്നതിനുള്ള യാത്ര. പലതരം പ്രതിസന്ധികളായിരുന്നു പതിനാറ് വര്‍ഷത്തിനിടയില്‍ താനും സംഘവും നേരിടേണ്ടി വന്നതെന്ന് പറയുകയാണ് സംവിധായകന്‍ ബ്ലെസി.

ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആടുജീവിതത്തിന്റെ പൂര്‍ത്തീകരണത്തിനായി നടത്തിയ യാത്രയെയും സിനിമാജീവിതത്തെയും കുറിച്ച് ബ്ലെസി മനസുതുറന്നത്. ചിത്രം നിര്‍മിക്കാനിരുന്ന പല നിര്‍മാതാക്കളും പാതിവഴിയില്‍ ആടുജീവിതം ഉപേക്ഷിച്ച് പോയെന്ന് ബ്ലെസി വെളിപ്പെടുത്തി. മുംബൈയില്‍ ആടുജീവിതത്തിന്റെ ആര്‍ട് ഡയറക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ചിത്രം നിര്‍മിക്കാനിരുന്ന ആള്‍ പടം ചെയ്യുന്നില്ലെന്ന് പറഞ്ഞു. ഇത് കേട്ടതിനുശേഷം പത്ത് ദിവസത്തോളം തനിക്ക് ശബ്ദം ഉണ്ടായിരുന്നില്ലെന്നും അങ്ങനെയായിരുന്നു തന്റെ ശരീരം പ്രതികരിച്ചതെന്നും ബ്ലെസി പറയുന്നു. താന്‍മനസില്‍ കണ്ടപ്പോലെ ഉള്ള എല്ലാ കാര്യത്തിനും പൂര്‍ണമായി പിന്തുണ നല്‍കിയ നായകനാണ് പൃഥ്വിരാജ്. ചിത്രത്തില്‍ പൃഥ്വിരാജിനെ കാസ്റ്റ് ചെയ്തപ്പോള്‍ നിരവധി വിമര്‍ശനങ്ങള്‍ കേട്ടിരുന്നെന്നും ബ്ലെസി ദ ഫോര്‍ത്തിനോട് പറഞ്ഞു. ചിത്രത്തില്‍ ഏറെ ചര്‍ച്ചയായ ട്രാന്‍സിഷന്‍ സീനുകള്‍ മുന്‍കൂട്ടി നിശ്ചയിച്ച് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നിരുന്നതെന്നും ബ്ലെസി പറഞു.

നോവല്‍ അതേപോലെ സിനിമയാക്കുകയല്ല താന്‍ ചെയ്തത്. തന്റെതായ മാറ്റങ്ങള്‍ ചിത്രത്തിനായി വരുത്തിയിട്ടുണ്ട്. ആടുകളുമായി നജീബിനുള്ള ബന്ധം നോവലിലെ പോലെയല്ല ചിത്രീകരിച്ചതെന്നും അത്രയെങ്കിലും സ്വാതന്ത്ര്യം തനിക്ക് തന്റെ ചിത്രത്തില്‍ വേണ്ടെയെന്നും ബ്ലെസി ചോദിച്ചു. ആടുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന നോവലിലെ രംഗം സിനിമയില്‍ ഉപയോഗിക്കാതിരുന്നതിനുള്ള കാരണവും അഭിമുഖത്തില്‍ ബ്ലെസി പറഞ്ഞു.

ആടുജീവിതത്തിന് പുറമെ തന്റെ സിനിമ കരിയര്‍ ആരംഭിച്ചതിനെ കുറിച്ചും പത്മരാജന്റെ അസിസ്റ്റന്റ് ഡയറക്ടറായതിനെ കുറിച്ചും തന്റെ സിനിമയില്‍ മോഹന്‍ലാലിനൊപ്പമുള്ള കെമസ്ട്രിയെ കുറിച്ചും ബ്ലെസി ദ ഫോര്‍ത്തിനോട് സംസാരിച്ചു. പ്രണയമെന്ന ചിത്രത്തിലെ മാത്യൂസിന്റെ വേഷം ചെയ്യാമെന്ന് മോഹന്‍ലാല്‍ ഇങ്ങോട്ട് പറയുകയായിരുന്നെന്നും ബ്ലെസി വെളിപ്പെടുത്തി.

Related Stories

No stories found.
logo
The Fourth
www.thefourthnews.in