ശരപഞ്ജരത്തിൽ മിന്നിമാഞ്ഞ സുന്ദരമുഖം; അവസരം തേടിവന്ന സത്യം ബാബു ദീക്ഷിതലുവിനെ ഓർത്ത് ഹരിഹരൻ

ശരപഞ്ജരത്തിൽ മിന്നിമാഞ്ഞ സുന്ദരമുഖം; അവസരം തേടിവന്ന സത്യം ബാബു ദീക്ഷിതലുവിനെ ഓർത്ത് ഹരിഹരൻ

മലയാളത്തിലെ ശരത് ബാബുവിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു "ശരപഞ്ജരം."

സത്യം ബാബു ദീക്ഷിതലു എന്ന ആന്ധ്രക്കാരൻ യുവാവിനെ ആദ്യം കണ്ട ദിവസം ഇന്നുമുണ്ട് ഹരിഹരന്റെ ഓർമ്മയിൽ. സിനിമയിൽ അഭിനയിക്കാൻ അവസരം തേടി വീട്ടിൽ വന്നതായിരുന്നു അയാൾ. തെലുങ്കിൽ ചെറു വേഷങ്ങൾ ചെയ്ത പരിചയമാണ് കൈമുതൽ. ഭേദപ്പെട്ട റോളുകളുള്ള ഒന്നുരണ്ടു തമിഴ് പടങ്ങൾ പുറത്തിറങ്ങാനിരിക്കുന്നു.

എന്ത് വേഷം കിട്ടിയാലും അഭിനയിക്കാൻ തയാറായി വന്ന യുവകോമളനെ നിരാശനാക്കി മടക്കാൻ തോന്നിയില്ലെന്ന് ഹരിഹരൻ. തന്റെ അടുത്ത പടമായ "ശരപഞ്ജര"ത്തിൽ അയാൾക്ക് ഒരു കൊച്ചു വേഷം നൽകുന്നു സംവിധായകൻ; നായികയുടെ മകളുടെ സുഹൃത്തിന്റെ റോൾ.

അഭിനയ മോഹിയായ ആ യുവാവ് തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരം ശരത് ബാബുവായി വളർന്നത് പിൽക്കാല ചരിത്രം. മലയാളത്തിലെ ശരത്തിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു "ശരപഞ്ജരം."

ഇന്ന് "ശരപഞ്ജര"ത്തിലെ ശരത് ബാബുവിന്റെ സീനുകൾ കാണുമ്പോൾ, അതേ രംഗങ്ങളിൽ മിന്നിമറയുന്ന മറ്റൊരു നവാഗത നടനേയും ശ്രദ്ധിച്ചു പോകും നാം -- ശങ്കർ. പിൽക്കാലത്ത് "മഞ്ഞിൽ വിരിഞ്ഞ പൂക്കളി"ലൂടെ നായകനിരയിലേക്കുയർന്ന അതേ ശങ്കർ തന്നെ. അങ്ങനെ രണ്ടു പ്രമുഖ പിൽക്കാല താരങ്ങളുടെ അരങ്ങേറ്റ ചിത്രമായി മാറി, ജയനെ സൂപ്പർ താരമാക്കി വളർത്തിയ "ശരപഞ്ജരം

ഇന്ന് "ശരപഞ്ജര"ത്തിലെ ശരത് ബാബുവിന്റെ സീനുകൾ കാണുമ്പോൾ, അതേ രംഗങ്ങളിൽ മിന്നിമറയുന്ന മറ്റൊരു നവാഗത നടനേയും ശ്രദ്ധിച്ചു പോകും നാം -- ശങ്കർ

നായികയായ ഷീലയുടെ മകളായി അഭിനയിക്കുന്ന തമിഴ് നടി ലതയുടെ ബോയ് ഫ്രണ്ടിന്റെ വേഷമാണ് ശരപഞ്ജരത്തിൽ ശരത് ബാബുവിന്. ശരത്തിന്റെ കൂട്ടുകാരനായി ശങ്കറും. വക്കീൽ സുബ്ബയ്യർ ആയി അഭിനയിച്ച ഒടുവിൽ ഉണ്ണികൃഷ്ണന്റെയും ശ്രദ്ധേയമായ ആദ്യ വേഷം ആ സിനിമയിലായിരുന്നു.

"പിൽക്കാലത്ത് ശരത് ബാബുവിനെ പല വേദികളിലും വെച്ച് കണ്ടുമുട്ടിയിട്ടുണ്ട്. അപ്പോഴെല്ലാം ഓടി അടുത്തുവന്ന് വണങ്ങാറുമുണ്ടായിരുന്നു അദ്ദേഹം.പിന്നിട്ട വഴികൾ മറക്കാത്ത ഒരാളായിരുന്നു. അത്തരക്കാർ കുറവാണല്ലോ സിനിമയിൽ."ഹരിഹരൻ ഓർമ്മിച്ചു.

"ശരപഞ്ജരം" പുറത്തിറങ്ങുമ്പോഴേക്കും കെ ബാലചന്ദറിന്റെ "നിഴൽ നിജമാകിറത്" എന്ന ചിത്രത്തിലെ ശരത് ബാബുവിന്റെ റോൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. മുള്ളും മലരും, ഉതിരിപ്പൂക്കൾ, നെഞ്ചത്തെ കിള്ളാതെ തുടങ്ങിയ ചിത്രങ്ങൾ പിറകെ വന്നു.

മലയാളത്തിൽ ഫാസിൽ സംവിധാനം ചെയ്ത "ധന്യ" ആയിരുന്നു അടുത്ത ചിത്രം. ഡെയ്‌സി, കന്യാകുമാരിയിൽ ഒരു കവിത എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു . എങ്കിലും "സാഗരസംഗമ"ത്തിലെ രഘുപതിയിലൂടെയാണ് ശരത് ബാബു മലയാളികൾക്ക് കൂടുതൽ പരിചിതനായത്.

LATEST STORIES

No stories found.
logo
The Fourth
www.thefourthnews.in