'കുഞ്ചൻ നമ്പ്യാർ' വെള്ളിത്തിരയിലേക്ക്; ചിത്രം ഓട്ടോബയോഗ്രഫി ആയിരിക്കില്ലെന്ന്
തിരക്കഥാകൃത്ത്

'കുഞ്ചൻ നമ്പ്യാർ' വെള്ളിത്തിരയിലേക്ക്; ചിത്രം ഓട്ടോബയോഗ്രഫി ആയിരിക്കില്ലെന്ന് തിരക്കഥാകൃത്ത്

നമ്പ്യാരായി നേരത്തെ മനസിലുണ്ടായിരുന്നത് നെടുമുടി വേണുവെന്ന് സംവിധായകൻ രാജീവ് നാഥ്

തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് കുഞ്ചൻ നമ്പ്യാരുടെ ജീവിതം സിനിമയാകുന്നു. എഴുത്തുകാരൻ ഡോക്ടർ രാജാ വാര്യർ തിരക്കഥയെഴുതുന്ന ചിത്രം രാജീവ് നാഥാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥ പൂർത്തിയാകുന്ന മുറയ്ക്ക് ചിത്രീകരണം ആരംഭിക്കുമെന്ന് സംവിധായകൻ രാജീവ് നാഥ് ദ ഫോർത്തിനോട് പറഞ്ഞു. നെടുമുടി വേണുവായിരുന്നു കുഞ്ചൻ നമ്പ്യാരായി മനസിലുണ്ടായിരുന്നത്. ആ ആഗ്രഹം ഇനി നടക്കില്ലെന്നതിനാൽ പുതുമുഖത്തെ വച്ച് ചെയ്യാമെന്നാണ് ആലോചന. തിരക്കഥ പൂർത്തിയായ ശേഷം ഏറ്റവും യോജിക്കുന്ന താരത്തെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണെന്നും രാജീവ് നാഥ് പറഞ്ഞു

ചാക്യാരുമായുള്ള നമ്പ്യാരുടെ കലഹം, കലഹത്തിലേക്കുള്ള വഴി, നമ്പ്യാരുടെ നർമ്മം, നമ്പ്യാർ അവതരിപ്പിച്ച കേരള താളങ്ങൾ എന്നിവയെല്ലാം ഒത്തുചേർന്ന ഒരു തിരക്കഥയാണ് മനസിലുള്ളത്

രാജാ വാര്യർ

രണ്ടാഴ്ചക്കുള്ളിൽ തിരക്കഥാ രചനയിലേക്ക് കടക്കുമെന്ന് ഡോക്ടർ രാജാ വാര്യരും ദ ഫോർത്തിനോട് പറഞ്ഞു. കുഞ്ചൻ നമ്പ്യാരുടെ ഓട്ടോബയോഗ്രഫിയായിട്ടായിരിക്കില്ല ചിത്രം ഒരുക്കുക, എം ടി ചന്തുവിനെ കണ്ടപോലെ, ചരിത്രവും ഫിക്ഷനും മിത്തുമൊക്കെ ചേർന്ന ഒരു തിരക്കഥയാണ് ആലോചനയിലുള്ളത്. ചാക്യാരുമായുള്ള നമ്പ്യാരുടെ കലഹം, കലഹത്തിലേക്കുള്ള വഴി, നമ്പ്യാരുടെ നർമ്മം, നമ്പ്യാർ അവതരിപ്പിച്ച കേരള താളങ്ങൾ എന്നിവയെല്ലാം ഒത്തുചേർന്ന ഒരു തിരക്കഥയാണ് മനസിലുള്ളതെന്നും രാജാ വാര്യർ പറയുന്നു. കഥാപാത്രത്തെ ആര് അവതരിപ്പിക്കണമെന്ന് സംവിധായകൻ തീരുമാനിക്കും. ജയരാജ് വാര്യരെ പോലെയുള്ള ഒരാളാകണമെന്നാണ് ആഗ്രഹമെന്നും രാജാ വാര്യർ പ്രതികരിച്ചു.

ഭരത് ഗോപിയുടേയും വേണുനാഗവള്ളിയുടേയും അസോസിയേറ്റ്സായി പ്രവർത്തിച്ചിട്ടുള്ള ഡോക്ടർ രാജാ വാര്യർ എഴുത്തുകാരനും കേരള യൂണിവേഴ്‌സിറ്റി പെര്‍ഫോമിങ് ആന്‌റ് വിഷ്വല്‍ ആര്‍ട്‌സിന്‌റെ ഡയറക്ടറുമാണ്

നേരത്തെ സംവിധായകൻ ഭരതൻ, കുഞ്ചൻനമ്പ്യാരുടെ ജീവിതം സിനിമയാക്കാൻ ആഗ്രഹിച്ചിരുന്നു. ജയറാമിനെ നായകനാക്കി ഭരതൻ ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥയടക്കം പൂർത്തിയായിരുന്നു. എന്നാൽ ചിത്രത്തിന്റെ ചർച്ചകൾക്ക് അവസാന രൂപമാകുന്നതിന് മുൻപാണ് ഭരതൻ വിടപറഞ്ഞത്. ആ ചിത്രം സംഭവിക്കാതെ പോയതാണ് കരിയറിലെ ഏറ്റവും വലിയ നഷ്ടമെന്ന് ജയറാം മുൻപ് പറഞ്ഞിട്ടുണ്ട്. കെ ജയകുമാറിന്റെ തിരക്കഥയിൽ സംവിധായകൻ ഹരിഹരനും കുഞ്ചൻ നമ്പ്യാരെ വെള്ളിത്തിരയിലെത്തിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ആ ചിത്രവും എവിടെയുമെത്തിയില്ല

logo
The Fourth
www.thefourthnews.in