ലവ് യു മുത്തേ പാടാമെന്ന് പറഞ്ഞത് ചാക്കോച്ചൻ;
പദ്മിനി എന്ന പേരിലാണ് ചിത്രത്തിന്റെ സസ്പെൻസ്: സെന്ന ഹെഗ്ഡേ

ലവ് യു മുത്തേ പാടാമെന്ന് പറഞ്ഞത് ചാക്കോച്ചൻ; പദ്മിനി എന്ന പേരിലാണ് ചിത്രത്തിന്റെ സസ്പെൻസ്: സെന്ന ഹെഗ്ഡേ

കാലാവസ്ഥ അനുകൂലമായാൽ പദ്മിനി അടുത്തയാഴ്ച എത്തും

തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ഓൾട്ടോ എന്നീ ചിത്രങ്ങൾക്ക് ശേഷം സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രമാണ് പദ്മിനി. ചിത്രത്തിന്റെ വിശേഷങ്ങളുമായി സെന്ന ഹെഗ്ഡേ

പദ്മിനി ഒരു കോമഡി ചിത്രം

ട്രെയിലറിൽ കണ്ട പോലെ തന്നെ ഒരു മുഴുനീള ഹാസ്യ ചിത്രം തന്നെയാണ് പദ്മിനി. പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്, അവർ ചിരിച്ചാൽ കോമഡി ആകും, ചിരിച്ചില്ലെങ്കിൽ ട്രാജഡി ആകും

രമേശൻ എന്ന കഥാപാത്രത്തിലൂടെ ( കുഞ്ചാക്കോ ബോബൻ) ആണ് കഥ പോകുന്നത്. രമേശന്റെ ജീവിതത്തിലുണ്ടാകുന്ന ഒരു അപ്രതീക്ഷിത സംഭവവും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന കാര്യങ്ങളുമൊക്കെയാണ് പദ്മിനിയിൽ പറയുന്നത്

ആരാണ് പദ്മിനി എന്ന് പറഞ്ഞാൽ സസ്പെൻസ് പൊളിയും

പദ്മിനി എന്ന പേര്

ദീപു ( ദീപു പ്രദീപ്) കഥ എഴുതുമ്പോൾ തന്നെ തീരുമാനിച്ചിരുന്ന പേരാണ് പദ്മിനി. മറ്റൊരു പേര് ഈ ചിത്രത്തിന് ചേരില്ല, അത് ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകർക്കും മനസിലാകും. പക്ഷേ ആരാണ് പദ്മിനി എന്നോ എന്തുകൊണ്ടാണ് ഈ പേര് നൽകിയതെന്നോ ഇപ്പോൾ പറയാനാകില്ല, അതുതന്നെയാണ് ഈ ചിത്രത്തിന്റെ സസ്പെൻസും. റാണി പദ്മിനി എന്ന പേരിൽ നേരത്തെ ഒരു ചിത്രം വന്നിട്ടുണ്ടെന്ന് അറിയാമായിരുന്നു. പ്രേക്ഷകർക്ക് ആശയക്കുഴപ്പമുണ്ടാകുമെന്ന ആശങ്കയില്ല. ഒരുപാട് മുൻപ് വന്ന സിനിമ അല്ലേ.

ചാക്കോച്ചൻ തന്നെയാണ് ജേക്ക്സിനെ വിളിച്ച് ലവ് യു മുത്തേ പാടട്ടെ എന്ന് ചോദിച്ചത്

കുഞ്ഞിരാമായണത്തിന് ശേഷമുള്ള ദീപുവിന്റെ തിരക്കഥ

കുഞ്ഞിരാമായണത്തിന്റെ അത്രേയും ലെയർ ഉള്ള ഒരു സിനിമയല്ല പദ്മിനി, കുറച്ചുകൂടി സിംപിൾ ആണ്. പക്ഷേ കുഞ്ഞിരാമായണത്തിലെ പോലെ തന്നെ കോമഡിക്ക് പ്രധാന്യം കൊടുത്തിടുണ്ട്. സാധാരണ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന തമാശകളാണ് ദീപുവിന്റെ എഴുത്തിൽ കൂടുതൽ ഉണ്ടാവുക. പദ്മിനിയിലും അത്തരം സാഹചര്യങ്ങൾ കാണാം

പിന്നണി ഗായകനായി കുഞ്ചാക്കോ ബോബൻ

ലവ് യു മുത്തേ എന്ന പാട്ട് കേട്ടപ്പോൾ തന്നെ ചാക്കോച്ചന് ഒത്തിരി ഇഷ്ടപ്പെട്ടു. ചാക്കോച്ചൻ അപ്പോൾ തന്നെ ജേക്ക്സിനെ ( ജേക്ക്സ് ബിജോയ്) വിളിച്ച് അഭിനന്ദനം അറിയിച്ചു. 'ഞാൻ പാടട്ടെ എന്നും ചോദിച്ചു'. ചാക്കോച്ചൻ പാടി കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടു അങ്ങനെയാണ് ചാക്കോച്ചൻ പിന്നണി ഗായകനായത്

രമേശനായി ചാക്കോച്ചൻ

ഒരുപാട് ഇമോഷൻസ് ഉള്ള ഒരു കഥാപാത്രമാണ് രമേശന്റേത്. സന്തോഷം,സങ്കടം, നിരാശ, അങ്ങനെ എല്ലാത്തരം ഇമോഷൻസിന്റെയും എക്സിട്രീം ലെവൽ വരെ പ്രകടിപ്പിക്കേണ്ടി വരുന്ന ഒരു കഥാപാത്രം. ചാക്കോച്ചന് അത് നല്ലത് പോലെ ചെയ്യാനായിട്ടുണ്ട്

അപർണ, മഡോണ, വിൻസി ...

മൂന്ന് നായികമാരാണ് ചിത്രത്തിൽ. മൂന്നും മൂന്ന് തരം കഥാപാത്രങ്ങൾ, അവയ്ക്ക് ഏറ്റവും യോജിക്കുന്നവരെ തന്നെയാണ് കിട്ടിയത്. കഥയെഴുതുമ്പോൾ തന്നെ ഇവർ ആയിരുന്നാൽ നന്നാകും എന്ന് തോന്നിയിരുന്നു. കഥ ഇഷ്ടമായതിനാൽ അവരും വന്നു

കാണാം... ചിരിക്കാം... മറക്കാം...

ഒരു പക്കാ എന്റർടെയ്നർ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. കുടുംബപ്രേക്ഷകർക്ക് പെട്ടെന്ന് കണക്ട് ചെയ്യാൻ സാധ്യതയുണ്ട്. പണ്ട് പ്രിയദർശൻ പറഞ്ഞിട്ടുള്ള പോലെ കാണുക, ചിരിക്കുക, മറക്കുക എന്നേ പറയാനുള്ളൂ. ചിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് . ചിരിക്കാൻ സാധിച്ചോ എന്ന് പ്രേക്ഷകരാണ് പറയേണ്ടത്

റിലീസ് ജൂലൈ 14 ന്

മഴ കാരണമാണ് ജൂലൈ 7 ന് തീരുമാനിച്ചിരുന്ന റിലീസ് മാറ്റിയത്. കാലാവസ്ഥ അനുകൂലമായാൽ ചിത്രം പതിനാലിന് എത്തും. അല്ലെങ്കിൽ ജൂലൈ 21 ലേക്കാണ് തീരുമാനിച്ചിരിക്കുന്നത്

logo
The Fourth
www.thefourthnews.in