പൂരനഗരിയിൽ 'ചാവേർ' പുലികൾ! ടിനു പാപ്പച്ചന്‍ ചിത്രം 21ന് തിയേറ്ററുകളിൽ

പൂരനഗരിയിൽ 'ചാവേർ' പുലികൾ! ടിനു പാപ്പച്ചന്‍ ചിത്രം 21ന് തിയേറ്ററുകളിൽ

വിയ്യൂർ സെൻട്രൽ പുലിക്കളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ 'ചാവേർ' സിനിമയുടെ അണിയറപ്രവർത്തകരും എത്തിയിരുന്നു

ഓണാഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് പൂരനഗരിയിൽ നടന്ന പുലിക്കളി മഹോത്സവത്തിനിടയിൽ ആവേശമായി 'ചാവേർ'. ഇത്തവണത്തെ അഞ്ച് ടീമുകളിൽ വിയ്യൂർ സെൻട്രൽ പുലിക്കളി ടീമിന്‍റെ ആവേശത്തോടൊപ്പം പങ്കുചേരാൻ സംവിധായകൻ ടിനു പാപ്പച്ചനും 'ചാവേർ' സിനിമയുടെ അണിയറപ്രവർത്തകരും എത്തിയിരുന്നു. ചാവേർ' വീര്യം കൂടി കലർന്നതോടെ പുലിക്കളിയുടെ ഫ്ലാഗ് ഓഫ് വേദി ആഘോഷമായി'. 'ചാവേർ' സിനിമയുടെ പോസ്റ്റർ ഉയർത്തിപ്പിടിച്ച പുലികള്‍ ആയിരുന്നു ജാഥയിലെ പ്രത്യേകത. പോസ്റ്ററുകള്‍ പതിച്ച പ്രത്യേക വണ്ടികളും പുലിക്കളിക്കിടയിലൂടെ നിരത്തിലിറങ്ങി. ഇതാദ്യമായാണ് പുലിക്കളിക്കിടയിൽ ഒരു സിനിമയുടെ അണിയറപ്രവർത്തകര്‍ സിനിമയുടെ പ്രചരണാർത്ഥം എത്തിച്ചേരുന്നത്.

300 ഓളം പുലികളാണ് സ്വരാജ് റൗണ്ടില്‍ ചെണ്ടയുടെ താളത്തിന് ഒപ്പം നൃത്തം വെച്ചത്. കരിമ്പുലി, വരയന്‍ പുലി, പുള്ളിപ്പുലി ഫ്ലൂറസന്‍റ്പുലി തുടങ്ങി പലവിധ പുലികള്‍ നഗരത്തിന് കൗതുകകാഴ്ചകള്‍ സമ്മാനിച്ചു. വിയ്യൂര്‍ ദേശത്ത് നിന്നും വന്ന പെണ്‍പുലികളും ഇക്കുറി പുലിക്കളിയുടെ ആകർഷണമായിരുന്നു.

സംവിധായകൻ ടിനു പാപ്പച്ചനോടൊപ്പം താരങ്ങളായ കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വർഗ്ഗീസും ഒന്നിച്ചെത്തുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപനം മുതൽ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രമാണ് 'ചാവേർ‍'. ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിൽ', 'അജഗജാന്തരം' എന്നീ സിനിമകൾക്ക് സിനിമാ പ്രേമികൾക്കിടയിൽ ലഭിച്ച സ്വീകാര്യതയും 'ചാവേറി'ന്റെ പ്രതീക്ഷ കൂട്ടുന്നു. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം കാവ്യ ഫിലിം കമ്പനി, അരുൺ നാരായൺ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. സെപ്റ്റംബര്‍ 21നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in