ജോമോളെ എക്‌സിക്യുട്ടീവിലെടുത്തതില്‍ അമ്മയില്‍ കലാപം; എതിര്‍ത്ത് ടൊവിനോയും ജയന്‍ ചേര്‍ത്തലയും

ജോമോളെ എക്‌സിക്യുട്ടീവിലെടുത്തതില്‍ അമ്മയില്‍ കലാപം; എതിര്‍ത്ത് ടൊവിനോയും ജയന്‍ ചേര്‍ത്തലയും

ജനറല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച പേരുകള്‍ കൂടി പരിഗണിക്കണമെന്ന് വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തലയും എക്‌സിക്യുട്ടീവ് അംഗം ടൊവിനോ തോമസും

ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ വീണ്ടും കലാപം. വനിതാ സംവരണം നടപ്പാക്കാന്‍ ജോമോളെ നോമിനേറ്റ് ചെയ്തതില്‍ എക്‌സിക്യുട്ടീവിൽ തന്നെ ഭിന്നത. ജനറല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച പേരുകള്‍ കൂടി പരിഗണിക്കണമെന്ന് എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായ ടൊവിനോ തോമസ് യോഗത്തിൽ ആവശ്യപ്പെട്ടു. കൗണ്‍സില്‍ നിര്‍ദേശിച്ച പേരുകള്‍ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും വിയോജിപ്പ് രേഖപ്പെടുത്തണമെന്നും വൈസ് പ്രസിഡന്റ് ജയന്‍ ചേര്‍ത്തലയും ആവശ്യപ്പെട്ടു.

എന്നാല്‍ ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ജോമോളെ തിരഞ്ഞെടുക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി കൂടിയായ സിദ്ധിഖ് എക്‌സിക്യൂട്ടിവില്‍ പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ പ്രവര്‍ത്തിച്ച് പരിചയമുള്ളവര്‍ വേണ്ട, പുതിയ ആള്‍ക്കാര്‍ വരട്ടെയെന്നതാണ് നേതൃത്വത്തിന്റെ നിലപാടെന്നുമായിരുന്നു സിദ്ധിഖിന്റെ പ്രതികരണം. എന്നാല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച കുക്കു പരമേശ്വരന്‍, ഷീലു എബ്രഹാം, ശ്രുതിലക്ഷ്മി, സോന നായര്‍, പ്രസീത മേനോന്‍, നീന കുറുപ്പ്, നിഷ സാരംഗ് തുടങ്ങിവരുടെ പേരുകള്‍ ഒരുഘട്ടത്തിലും എക്‌സിക്യൂട്ടിവ് പരിഗണിച്ചില്ല.

പുതുമുഖങ്ങളെന്ന മാനദണ്ഡം പാലിച്ചാല്‍ പോലും കുക്കു പരമേശ്വരന്‍ ഒഴികെയുള്ള അംഗങ്ങള്‍ പരിഗണിക്കപ്പെടേണ്ടതാണെന്ന് ടൊവിനോയും ജയന്‍ ചേര്‍ത്തലയും ചൂണ്ടിക്കാട്ടിയിട്ടും ആര്‍ക്കും ഭൂരിപക്ഷമില്ലെന്ന നിലപാടിലായിരുന്നു സിദ്ധിഖ് അടങ്ങുന്ന നേതൃത്വം. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോയ് മാത്യൂ, സരയൂ, അന്‍സിബ തുടങ്ങിയവര്‍ അനുകൂലിക്കാനോ വിയോജിക്കാനോ തയാറായില്ല. മാത്രമല്ല ജോമോളെ തിരഞ്ഞെടുത്ത വിവരം ഔദ്യോഗികമായി അമ്മയിലെ അംഗങ്ങളെ അറിയിക്കാന്‍ പോലും നേതൃത്വം തയാറായിട്ടില്ല. എക്‌സിക്യൂട്ടീവ് യോഗശേഷം സിദ്ധിഖ് മാധ്യമങ്ങളോട് പ്രതികരിച്ചതില്‍നിന്നാണ് ജോമോള്‍ തിരഞ്ഞെടുക്കപ്പെട്ട വിവരം അംഗങ്ങളറിഞ്ഞത്.

ജനറല്‍ കൗണ്‍സില്‍ നിര്‍ദേശിച്ച ആള്‍ക്കാരെ എന്തുകൊണ്ട് പരിഗണിച്ചില്ലെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന ആവശ്യം അമ്മയ്ക്കുള്ളിലെ മറ്റ് അംഗങ്ങളും ഉയര്‍ത്തിക്കഴിഞ്ഞു. വോട്ടെടുപ്പിനുശേഷം അന്‍സിബയേയും സരയൂവിനേയും തിരഞ്ഞെടുത്ത രീതിയിലും പലര്‍ക്കും വിയോജിപ്പുണ്ട്. വനിതാ സംവരണം നടപ്പാക്കാന്‍ രമേഷ് പിഷാരടിക്കും റോണിക്കും പകരം സരയൂവിനെയും അന്‍സിബയെയും തിരഞ്ഞെടുത്തപ്പോഴും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നാണ് ആരോപണം. എക്‌സിക്യുട്ടിവിലേക്കു മത്സരിച്ച മൂന്ന് വനിതകളില്‍ രണ്ടുപേരും പരാജയപ്പെട്ടപ്പോള്‍ അവരെ കൂടി എക്‌സിക്യൂട്ടീവ് ചേര്‍ന്ന് നോമിനേറ്റ് ചെയ്യുകയായിരുന്നു വേണ്ടത്. അതിനുപകരം അന്‍സിബയെയും സരയൂവിനെയും തങ്ങള്‍ ഏറ്റെടുക്കുന്നുവെന്നായിരുന്നു നേതൃത്വത്തിന്റെ പ്രതികരണം. ഇക്കാര്യത്തിലും പലര്‍ക്കും അതൃപ്തിയുണ്ട്.

കൗണ്‍സില്‍ നിര്‍ദേശിച്ച പേരുകള്‍ പരിഗണിക്കപ്പെടാത്തത് എന്തുകൊണ്ട്?

അമ്മ എക്‌സിക്യുട്ടീവ് നോമിനേറ്റ് ചെയ്തത് ആരെയാണെന്നുള്ളതല്ല പ്രശ്‌നം, ജനറല്‍ കൗണ്‍സില്‍ മുന്നോട്ടുവെച്ച പേരുകള്‍ എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ലെന്ന് അറിയാന്‍ ആഗ്രഹമുണ്ടെന്ന് കുക്കു പരമേശ്വരന്‍. അമ്മ തിരഞ്ഞെടുപ്പില്‍ മാധ്യമങ്ങള്‍ പോലും പക്ഷപാതപരമായി പെരുമാറി. ഔദ്യോഗിക പാനലില്ലെന്ന് മോഹന്‍ലാല്‍ തന്നെ പറഞ്ഞിട്ടും മാധ്യമങ്ങള്‍ പലരെയും ഔദ്യോഗിക പാനലിന്റെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചു. മാധ്യമങ്ങളുടെ സ്ത്രീവിരുദ്ധനിലപാട് പുനഃപരിശോധിക്കണമെന്നും കുക്കു പരമേശ്വരന്‍ ആവശ്യപ്പെട്ടു.

അമ്മയില്‍ അഞ്ഞൂറലധികം അംഗങ്ങളുണ്ട്, അതില്‍ നാനൂറിലേറെ പേര്‍ക്കും സ്ഥിരവരുമാനമോ ജോലിയോ ഇല്ല. അവര്‍ക്കു കൈനീട്ടം കിട്ടുന്നുണ്ടെന്നത് ശരിയാണ്. പക്ഷേ , ജോലിയേക്കാള്‍ വലുതല്ല ദാനമെന്ന് നേതൃത്വം മനസിലാക്കണം. മുന്‍നിര നിര്‍മാതാക്കള്‍ അടക്കം അംഗങ്ങളായുള്ള സംഘടനയാണ് അമ്മ, ഓരോ സിനിമയിലും ഓരോരുത്തര്‍ക്കെങ്കിലും ചെറിയ റോളെങ്കിലും കൊടുത്താല്‍ അതില്‍നിന്ന് അവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ജോലി ചെയ്ത് ജീവിക്കാനുള്ള സാഹചര്യമുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്തണമെന്ന ആഗ്രഹത്തിലാണ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ചത്. പല കാര്യങ്ങളിലും വിയോജിപ്പുണ്ട്. എന്നാല്‍ അക്കാര്യങ്ങളൊന്നും പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. അമ്മയ്ക്കുള്ളില്‍നിന്ന് തന്നെ അവ തിരുത്താമെന്നാണ് പ്രതീക്ഷയെന്നും കുക്കു പരമേശ്വരന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in