'ഹിപ്‌ഹോപ് ഗാനങ്ങള്‍ ചെയ്യുന്നത് എന്റെ സന്തോഷത്തിനുവേണ്ടി'; ഓഫ്‌റോ അഭിമുഖം

'ഹിപ്‌ഹോപ് ഗാനങ്ങള്‍ ചെയ്യുന്നത് എന്റെ സന്തോഷത്തിനുവേണ്ടി'; ഓഫ്‌റോ അഭിമുഖം

തമിഴ് ഹിപ് ഹോപ് മ്യൂസിക്കില്‍ മുടിചൂടാ മന്നനായ ഓഫ്‌റോ മലയാളത്തിലെ അരങ്ങേറ്റവും ഗംഭീരമാക്കിയിരിക്കുകയാണ്. ഹിപ്‌ഹോപിനോടും മലയാളത്തോടുമുള്ള ഇഷ്ടം 'ദ ഫോര്‍ത്തു'മായി പങ്കുവെക്കുകയാണ് ഓഫ്‌റോ

രോഹിത് എബ്രഹാം എന്ന പേര് ഒരുപക്ഷേ പലര്‍ക്കും സുപരിചിതമായിരിക്കില്ല. എന്നാല്‍ തമിഴ് സംഗീതലോകത്തിന് ഓഫ്‌റോ എന്ന പേര് അപരിചിതമല്ല. തമിഴ് ഹിപ് ഹോപ് മ്യൂസിക്കില്‍ മിന്നുംതാരമായി നില്‍ക്കുകയാണ് ഈ യുവ സംഗീത സംവിധായകന്‍. ജിഗര്‍തണ്ട ഡബിള്‍ എക്‌സല്‍, ഡിഡി റിട്ടേണ്‍സ് തുടങ്ങി ഗൗതം വാസുദേവ് മേനോന്റെ ജോഷ്വ ഇമയ്‌പോല്‍ കാക്ക വരെ നീണ്ടുകിടക്കുന്നു ഓഫ്‌റോയുടെ തമിഴ് ഹിപ്‌ഹോപ് ഗാനങ്ങള്‍.

അച്ഛന്‍ ജോളി എബ്രഹാം മലയാളത്തിലും തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ച ഗായകനാണ്. സഹോദരി രേഷ്മ എബ്രഹാമും ഗായിക. ചെന്നൈയിലാണ് താമസമെങ്കിലും കേരളവും മലയാളികളുമായി വളരെ അടുപ്പമുള്ളയാളാണ് രോഹിത്. അച്ഛന്റെ ബന്ധുക്കളെല്ലാം കേരളത്തിലാണ്. ചെറുപ്പത്തില്‍ കേരളത്തിലെത്തിയ ഓര്‍മകൾ വളരെ സന്തോഷത്തോടെയാണ് ഓഫ്‌റോ പങ്കുവെക്കുന്നത്. മലയാളത്തിലെ പ്രിയപ്പെട്ട സംഗീത സംവിധായകന്‍ ഔസേപ്പച്ചനാണെന്നും ഓഫ്‌റോ പറയുന്നു.

തമിഴ് സംഗീതലോകത്ത് തിളങ്ങുമ്പോള്‍ തന്നെ മലയാളത്തിലേക്കുള്ള അരങ്ങേറ്റവും ഗംഭീരമാക്കിയിരിക്കുകയാണ് ഓഫ്‌റോ. ഹിപ്‌ഹോപിനോടും പാട്ടുകളോടും മലയാളത്തോടുമുള്ള ഇഷ്ടം അദ്ദേഹം 'ദ ഫോര്‍ത്തു'മായി പങ്കുവെക്കുന്നു.

രോഹിത് എബ്രഹാം
രോഹിത് എബ്രഹാം
Q

തമിഴ് ഹിപ്‌ഹോപ് മ്യൂസിക്കില്‍ തിളങ്ങി നില്‍ക്കുകയാണല്ലോ. ഈ മേഖയിൽ സ്വന്തമായൊരു ശൈലി താങ്കള്‍ക്കുണ്ട്. എന്താണ് ഇത്തരമൊരു ഴോണര്‍ പിന്തുടരാന്‍ കാരണം?

A

ഞാന്‍ വളരെ ഇഷ്ടപ്പെട്ടു കേള്‍ക്കുന്ന സംഗീത ഴോണറാണ് ഹിപ്‌ഹോപ്. ദേഷ്യം, സങ്കടം, സന്തോഷം, പ്രണയം എന്നിങ്ങനെ പല വികാരങ്ങള്‍ ഹിപ്‌ഹോപിലുണ്ട്. അവയെല്ലാം എന്നെ സ്വാധീനിക്കുകയും സംഗീതത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുമുണ്ട്. ചെറുപ്പത്തില്‍ കേട്ടതും എന്നെ സ്വീധിനിച്ചിട്ടുള്ളതുമായ ഈണങ്ങള്‍ ഹിപ്‌ഹോപില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നു. അതിനെല്ലാം ഉപരിയായി ഞാന്‍ ഹിപ്‌ഹോപ് ഗാനങ്ങള്‍ ചെയ്യുന്നത് എന്റെ സന്തോഷത്തിനുവേണ്ടിയാണ്.

Q

ഇളയരാജയെയും എ ആര്‍ റഹ്‌മാനെയും കേട്ടുവളര്‍ന്ന തമിഴ് ലോകം റാപ് മ്യൂസിക്കിനെ സ്വീകരിക്കുമെന്ന് കരുതിയിരുന്നോ? തമിഴ് സംസ്‌കാരത്തില്‍നിന്നും ഭാഷയില്‍നിന്നും തികച്ചും വ്യത്യസ്തമായ ഒന്നാണല്ലോ റാപ്?

A

പ്രേക്ഷകര്‍ക്ക് എന്താണ് ഇഷ്ടമെന്നത് എനിക്കിപ്പോഴും അറിയില്ല. ആളുകള്‍ മാറുന്നതിനനുസരിച്ച് അവരുടെ ഇഷ്ടങ്ങളും മാറികൊണ്ടേയിരിക്കും. എനിക്കെന്താണ് ഇഷ്ടമെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ എന്നെ സംതൃപ്തനാക്കുന്ന ഗാനങ്ങള്‍ ഞാന്‍ ചെയ്യുന്നു. എനിക്കിഷ്ടപ്പെടുന്നത് മറ്റുള്ളവര്‍ക്കും ഇഷ്ടപ്പെടുമെന്നാണ് വിശ്വാസം. ചിലപ്പോള്‍ അത് ശരിയാകും, ചിലപ്പോള്‍ തെറ്റായിരിക്കും.

Q

സിനിമാ സംഗീത സംവിധായകനെന്ന നിലയില്‍ സ്വന്തം വിജയത്തെ എങ്ങനെ കാണുന്നു?

A

സിനിമാ സംഗീത സംവിധായകനാകണമെന്നുള്ള ആഗ്രഹമുണ്ടായിരുന്നില്ല. നല്ല ഗാനങ്ങളുണ്ടാക്കണം, അതെല്ലാവരും കേള്‍ക്കണമെന്നേ കരുതിയിട്ടുള്ളൂ. നല്ല ഗാനങ്ങള്‍ സിനിമയില്‍ ചെയ്താലും അല്ലാതെ ചെയ്താലും അത് നല്ലത് തന്നെയാണ്. നല്ല ഗാനങ്ങള്‍ ചെയ്യുക എന്നതാണെന്റെ ജോലി. നല്ലത് ചെയ്യുമ്പോള്‍ അവസരങ്ങളും പ്രശസ്തിയും പണവും എല്ലാം നമ്മളെത്തേടി വന്നുകൊള്ളും.

Q

യുവന്‍ ശങ്കര്‍ രാജയുടെ വലിയ ആരാധകനാണെന്ന് കേട്ടിട്ടുണ്ട്?

A

അതെ. ഞാന്‍ അദ്ദേഹത്തിന്റെ കടുത്ത ആരാധകനാണ്. എന്റെ പാട്ടുകള്‍ക്കൊക്കെ വളരെ പിന്തുണ തന്നിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

Q

തമിഴിലെ മറ്റൊരു ഹിറ്റ് സംഗീതസംവിധായകനാണ് ജി വി പ്രകാശ്. അദ്ദേഹത്തോടൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ടല്ലോ?

A

അതെ. ജി വി സാറും വലിയ പിന്തുണയാണ് നല്‍കാറ്. അദ്ദേഹത്തിനൊപ്പം 'റിബല്‍' എന്നൊരു ചിത്രം ഇപ്പോള്‍ ചെയ്തിട്ടുണ്ട്. ആ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഞാനാണ് ചെയ്തിരിക്കുന്നത്. തമിഴ് ചിത്രമാണെങ്കിലും റിബലില്‍ ഒരു മലയാള ഗാനം ഞാന്‍ കംപോസ് ചെയ്തിട്ടുണ്ട്.

Q

നല്ലൊരു ഗായകന്‍ കൂടിയാണല്ലോ താങ്കള്‍? പാടണമെന്ന് ആഗ്രഹിക്കുന്ന മറ്റേതെങ്കിലും സംഗീത സംവിധായകരുണ്ടോ?

A

ഇളയരാജ, എ ആര്‍ റഹ്‌മാന്‍... ഇവര്‍ക്കെല്ലാം വേണ്ടി പാടണമെന്ന് ഏത് ഗായകര്‍ക്കാണ് ആഗ്രഹമില്ലാത്തത്. ഞാന്‍ അത്ര നല്ല പാട്ടുകാരനാണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നതാണ് സത്യം. പക്ഷേ ഒരു സംഗീതസംവിധായകനുവേണ്ടി പാടണമെന്ന് ഞാന്‍ ഒരുപാട് ആഗ്രഹിച്ചിട്ടുള്ളത് ഔസേപ്പച്ചന്‍ സാറിനുവേണ്ടിയാണ്. ആ ആഗ്രഹം സാധിക്കുകയും ചെയ്തു, അദ്ദേഹത്തിനുവേണ്ടി ഒരു പാട്ട് പാടി.

Q

മലയാള സിനിമയുമായുള്ള ബന്ധം വര്‍ഷങ്ങള്‍ക്ക മുൻപേ ആരംഭിച്ചതാണല്ലോ?

A

ഏകദേശം പത്ത് വര്‍ഷം മുന്‍പ് എന്റെ സിനിമാ ജീവിതം ആരംഭിക്കുന്ന സമയം ദീപക് ദേവ് സാറിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ചിരുന്നു. ഒരുപക്ഷേ ഭാഗ്യമായിരിക്കാം, തമിഴിലും മലയാളത്തിലും നിരവധി പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചു. ഔസേപ്പച്ചന്‍, ദീപക് ദേവ്, ഹാരിസ് ജയരാജ്, യുവന്‍ ശങ്കര്‍ രാജ, സന്തോഷ് നാരായണന്‍ എന്നിങ്ങനെ നിരവധി പേര്‍. ഇവര്‍ക്കൊപ്പം ഒരു പാട്ട് ചെയ്യുന്നത് തന്നെ നൂറ് ക്ലാസ് കേള്‍ക്കുന്നത് പോലെയാണ്.

Q

ഇപ്പോള്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന ചിത്രത്തിലെ 'വിടുതല്‍...' എന്ന ഗാനത്തിലൂടെ മലയാളത്തിലും എത്തിയിരിക്കുകയാണല്ലോ? എങ്ങനെയാണ് ആ പാട്ടിലേക്ക് എത്തിയത്?

A

ആ പാട്ടിനുപിന്നിലെ കഥ വളരെ രസകരമാണ്. ജോലി കഴിഞ്ഞ് രാത്രി സന്തോഷ് നാരായണന്‍ സാറിന്റെ വീട്ടില്‍ പോയതാണ്. എന്നെ കണ്ടപ്പോള്‍ തന്നെ ഒരു മലയാളം പാട്ട് വന്നിട്ടുണ്ട്, നീ വന്ന് പാട് എന്ന് അദ്ദേഹം പറയുകയായിരുന്നു. യാദൃശ്ചികമായാണ് അത് സംഭവിച്ചത്.

Q

മലയാളത്തിലും ഇപ്പോള്‍ റാപ് സോങ്ങുകളുടെ കാലമാണ്. ഓഫ്‌റോയുടെ ഹിപ്‌ഹോപ് മലയാളത്തില്‍ എപ്പോഴാണ് കേള്‍ക്കാന്‍ സാധിക്കുക?

A

തീര്‍ച്ചയായുമുണ്ടാകും. എനിക്ക് മലയാളം റാപ്പറുകളെ വളരെ ഇഷ്ടമാണ്. ബേബി ജീന്‍, എംഎച്ച്ആര്‍, നീരജ് മാധവ് തുടങ്ങി എല്ലാവരുടെയും റാപ് മ്യൂസിക്കുകള്‍ കേള്‍ക്കാറുണ്ട്. നീരജ് മാധവിനൊപ്പം ഒരു പാട്ട് ചെയ്തിട്ടുണ്ട്. അത് ഉടനെ റിലീസ് ആകും.

Q

സംഗീത സംവിധായകനെന്ന നിലയില്‍ സിനിമയ്ക്കുവേണ്ടി എല്ലാ ഴോണറുകളും പരീക്ഷിക്കേണ്ടതായി വരില്ലേ? ഹിപ്‌ഹോപ് ഗാനങ്ങള്‍ മാത്രമായി ഒതുങ്ങാന്‍ സാധിക്കില്ലല്ലോ?

A

ഞാന്‍ എല്ലാത്തിനും തയ്യാറാണ്. സന്താനം സാറിന്റെ ഡിഡി റിട്ടേണ്‍സിനായി ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയുണ്ടായി. അതിലൊരു ഗാനം ഹിപ്‌ഹോപ് ആണെങ്കില്‍ മറ്റൊന്ന് ഒരു കുത്ത് സോങ് ആണ്. മൂന്നാമത്തേത് ഏത് ഴോണറാണെന്നത് എനിക്ക് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഹിപ്‌ഹോപ് അല്ലെന്ന് മാത്രമറിയാം.

Q

ഓരോ ഭാഷയ്ക്കും ഓരോ പ്രദേശത്തിനും വ്യത്യസ്ത സംസ്‌കാരമാണുള്ളത്. ആളുകളുടെ സംസ്‌കാരത്തിനും അഭിരുചിയ്ക്കുമനുസരിച്ച് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നതില്‍ റഹ്‌മാന്‍, ഇളയരാജ, വിദ്യാ സാഗര്‍ എല്ലാം കഴിവ് തെളിയിച്ചവരാണ്. ഓഫ്‌റോയെ സംബന്ധിച്ചിടത്തോളം ഇത്തരം വ്യത്യാസങ്ങള്‍ എത്രത്തോളം വെല്ലുവിളി ഉയര്‍ത്തുന്നതാണ്?

A

തീര്‍ച്ചയായും അത് വലിയൊരു വെല്ലുവിളി തന്നെയാണ്. തമിഴായാലും തെലുങ്കായാലും അവരുടെ സംസ്‌കാരം നമ്മള്‍ അറിഞ്ഞിരുന്നാല്‍ മാത്രമേ അവര്‍ ആഗ്രഹിക്കുന്നതുപോലുള്ള ഗാനങ്ങള്‍ നമുക്ക് നല്‍കാന്‍ സാധിക്കൂ. ഓരോരുത്തരും ജീവിക്കുന്നത് തന്നെ അവരുടെ സംസ്‌കാരത്തിനനുസരിച്ചാണ്. അത് മനസ്സിലാക്കാതെ അതേക്കുറിച്ച് പഠിക്കാതെ എന്തെങ്കിലും ചെയ്ത് കൊടുത്തിട്ട് എന്ത് കാര്യം?

logo
The Fourth
www.thefourthnews.in