കമൽ ഹാസൻ - മണിരത്‌നം ചിത്രത്തിൽ ദുൽഖർ സൽമാനും; കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നാലെ

കമൽ ഹാസൻ - മണിരത്‌നം ചിത്രത്തിൽ ദുൽഖർ സൽമാനും; കൂടുതൽ വെളിപ്പെടുത്തലുകൾ പിന്നാലെ

ഓക്കേ കണ്മണിക്ക് ശേഷം മണിരത്‌നവും ദുൽഖറും വീണ്ടും ഒന്നിക്കുന്ന ചിത്രം

നായകൻ ഇറങ്ങി 35 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്‌നവും ഒന്നിക്കുന്ന കെഎച്ച് 234 ൽ ദുൽഖർ സൽമാനും പ്രധാന വേഷത്തിലെത്തുന്നു. മാസ്റ്റർമാരായ മണി സാറിന്റെയും കമൽ സാറിന്റെയും ഐതിഹാസിക സംഗമം എന്ന തലക്കെട്ടോടെ ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് വീഡിയോയും വൈകാതെ പ്രേക്ഷകരിലേക്കെത്തും.

ഒരു ജന്മത്തേക്കുള്ള പഠനാവസരം. കെഎച്ച് 234ന്റെ ഭാഗമാകാൻ കഴിഞ്ഞത് വലിയ അനു​ഗ്രഹമെന്ന് ദുൽഖർ സല്‍മാന്‍ സോഷ്യൽ മീഡിയയിൽ കുറിച്ചു. ദുൽഖറിന് പുറമേ തൃഷയും ജയം രവിയും സിനിമയുടെ ഭാ​ഗമാകുന്നതായി അറിയിപ്പുകൾ വന്നുകഴിഞ്ഞു. സിനിമയുടെ ഭാ​ഗമാകുന്ന താരങ്ങളെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ പിന്നാലെ പ്രതീക്ഷിക്കാം.

ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് എആർ റഹ്മാനാണ്. എഡിറ്റിം​ഗ് ശ്രീകർ പ്രസാദ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്‌നം, ആർ.മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയും എത്തുന്നു.

2015ൽ പുറത്തിറങ്ങിയ ഓക്കേ കണ്മണിക്ക് ശേഷം മണിരത്‌നവും ദുൽഖറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും കെഎച്ച് 234ന് ഉണ്ട്. നിത്യാ മേനോൻ, പ്രകാശ് രാജ്, ലീല സാംസൺ എന്നിവരായിരുന്നു ആദ്യചിത്രത്തിൽ ദുൽഖറിനൊപ്പം ഉണ്ടായിരുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യ 43 ആണ് ദുൽഖറിന്റെ പുറത്തിറങ്ങാനുള്ള അടുത്ത തമിഴ് ചിത്രം. സൂര്യ, നസ്രിയ, വിജയ് വർമ എന്നിവരാണ് സഹതാരങ്ങൾ.

logo
The Fourth
www.thefourthnews.in