പാട്ടിലെ  ഇലക്ട്രോണിക് യുഗത്തിന്  37 വയസ്

പാട്ടിലെ ഇലക്ട്രോണിക് യുഗത്തിന് 37 വയസ്

മലയാള സിനിമയിലെ പ്രോഗ്രാമിങ് ചെയ്യപ്പെട്ട ആദ്യത്തെ ഗാനം ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ "ദൂരെ മാമലയിൽ" ആയിരുന്നു. ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിച്ച ആ പാട്ടിന്റെ പിറവിയെ കുറിച്ച്

സിംഗപ്പൂരിൽ നിന്ന് അരനൂറ്റാണ്ട് മുൻപ് യമഹയുടെ മിനി സിന്തസൈസറുമായി ആർ കെ ശേഖർ ചെന്നൈയിൽ വന്നിറങ്ങിയപ്പോൾ പഴമക്കാരായ സംഗീത സംവിധായകർ പലരും നെറ്റിചുളിച്ചു; ചിലർ മുറുമുറുത്തു: "തികച്ചും അനാവശ്യം; അധികപ്രസംഗവും. പാട്ടുകളിൽ ഇത്തരം കൃത്രിമ ശബ്ദങ്ങൾ നമ്മുടെ ആളുകൾ പൊറുപ്പിക്കില്ല."

കാലം തന്നെ വേണ്ടിവന്നു അവരുടെ ആശങ്കകൾ തുടച്ചുനീക്കാൻ. വിമർശകരായ സംഗീത സംവിധായകർ പലരും കീബോർഡിന്റെ ആരാധകരായി മാറുന്ന വിസ്മയക്കാഴ്ചയാണ് പിന്നീട് കണ്ടത്. പാട്ടുകളുടെ സ്വീകാര്യതയിൽ സൗണ്ടിങും കേൾവി സുഖവും നിർണായക ഘടകങ്ങളായതോടെ ഡിജിറ്റൽ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ നിലനിൽപ്പില്ലെന്ന അവസ്ഥയായി സംഗീത ശിൽപ്പികൾക്കും സൗണ്ട് എഞ്ചിനീയർമാർക്കും. കെ ജെ ജോയിയും ശ്യാമും ഇളയരാജയുമായിരുന്നു ഇക്കൂട്ടത്തിൽ മുൻപേ പറന്ന പക്ഷികൾ. പിന്നാലെ വന്ന എ ആർ റഹ്‌മാൻ ആകട്ടെ, ആധുനികതയിലേക്കുള്ള ആ കുതിപ്പിനെ ഒരു ഡിജിറ്റൽ വിപ്ലവമാക്കി മാറ്റി.

മലയാള സിനിമയിൽ ആ "വിപ്ലവ"ത്തിന് നാന്ദി കുറിച്ചത് ഔസേപ്പച്ചനാണ്; "റോജ" (1992) യിലൂടെ റഹ്‌മാൻ അരങ്ങേറുന്നതിന് ആറ് വർഷം മുൻപ്. പൂർണമായും സീക്വൻസിങിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയ മലയാളത്തിലെ ആദ്യ സിനിമാഗാനം ഒരുക്കാനുള്ള നിയോഗം ഔസേപ്പച്ചനായിരുന്നു. മൂന്നര പതിറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ "വീണ്ടും" (1986) എന്ന ചിത്രത്തിൽ യേശുദാസ് പാടിയ "ദൂരെ മാമലയിൽ" എന്ന പാട്ട്. മലയാളത്തിൽ ഇലക്ട്രോണിക് വിപ്ലവത്തിന് തുടക്കമിട്ടത് ആ ഗാനമാണ്.

"ഇയ്യിടെ നമ്മെ വിട്ടുപോയ ഗിറ്റാറിസ്റ്റ് ആർ ചന്ദ്രശേഖർ ആണ് ആ പാട്ടിന്റെ പ്രോഗ്രാമിങ് നിർവഹിച്ചത്."- ഔസേപ്പച്ചൻ ഓർക്കുന്നു. "അന്ന് അതൊരു പുതുമയാണ്. മലയാള സിനിമയിൽ അതുവരെ ആരും പരീക്ഷിച്ചിട്ടില്ലാത്ത കാര്യം. ക്യു എക്സ് 18 സീക്വൻസറിൽ ചന്ദ്രശേഖർ ക്ഷമയോടെയിരുന്ന് തന്റെ ദൗത്യം നിറവേറ്റുന്നത് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നവർ ആകാംക്ഷയോടെ ചുറ്റും കൂടിനിന്ന് കാണുന്നത് ഓർമയുണ്ട്. എല്ലാവർക്കും അത്ഭുതമായിരുന്നു."

"ഇളയനിലാ" പോലുള്ള ഗാനങ്ങളുടെ പിന്നണിയിൽ ഗിറ്റാർ വായിച്ചിട്ടുണ്ടെങ്കിലും പ്രഗൽഭനായ പ്രോഗ്രാമർ എന്ന നിലയ്ക്കാണ് ചരിത്രം ചന്ദ്രശേഖറിനെ രേഖപ്പെടുത്തുക എന്ന കാര്യത്തിൽ സംശയമില്ല ഔസേപ്പച്ചന്. പിന്നീടും പല ചിത്രങ്ങളുടെയും ഗാനസൃഷ്ടിയിൽ ഔസേപ്പച്ചനുമായി സഹകരിച്ചു ചന്ദ്രശേഖർ. ജനുവരി ഒരു ഓർമ, ഉണ്ണികളെ ഒരു കഥ പറയാം എന്നിവ ഉദാഹരണങ്ങൾ. "അതൊരു നല്ല തുടക്കമായിരുന്നു. ഗാനങ്ങളുടെ സൗണ്ടിങിൽ വന്ന മാറ്റം ജനം എളുപ്പം ശ്രദ്ധിച്ചു. ഒരു കാലത്ത് ഇലക്ട്രോണിക് സംഗീതത്തോട് മുഖം തിരിച്ച് നിന്നവർ പോലും അതിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് തുടങ്ങി. അതിനൊരു നിമിത്തമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്."

"ദൂരെ മാമലയിൽ" എന്ന പാട്ടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്വതന്ത്ര സംഗീത സംവിധായകനായി അരങ്ങേറിയ "കാതോട് കാതോരം" (1985) എന്ന ചിത്രത്തിന്റെ തീംമ്യൂസിക് ആയി ഔസേപ്പച്ചൻ ചിട്ടപ്പെടുത്തിയ സംഗീത ശകലമാണത്. "വീണ്ടും" എന്ന സിനിമയിൽ അതൊരു താരാട്ടിന്റെ മൂഡിലുള്ള ഗാനമായി മാറിയപ്പോൾ ഈണത്തിനൊത്ത് വരികൾ കുറിച്ചത് ഷിബു ചക്രവർത്തി.

മാസങ്ങൾ മാത്രം മുൻപാണ് പൂർണമായും കംപ്യൂട്ടറൈസ്‌ഡ്‌ സംഗീതവുമായി തമിഴിൽ "വിക്രം" (1986) എന്ന സിനിമ ഇളയരാജയുടെ സംഗീത സംവിധാനത്തിൽ പുറത്തുവന്നത്. തലേ വർഷം സിംഗപ്പൂരിൽ നിന്ന് വാങ്ങിക്കൊണ്ടുവന്ന യമഹയുടെ സി എക്സ് 5 എം മ്യൂസിക് കമ്പ്യൂട്ടർ ഉപയോഗിച്ചായിരുന്നു ഇശൈജ്ഞാനിയുടെ ഡിജിറ്റൽ പരീക്ഷണം. അതൊരു നല്ല തുടക്കമായി. പിന്നാലെ വന്ന പുന്നകൈ മന്നൻ, നായകൻ (1987), അഗ്നിനച്ചത്രം (1988) എന്നീ ചിത്രങ്ങളിലെ പാട്ടുകളിലും കമ്പ്യൂട്ടർ പ്രോഗ്രാമിങിന്റെ സാദ്ധ്യതകൾ ബുദ്ധിപൂർവം പ്രയോജനപ്പെടുത്തി അദ്ദേഹം.

"പുന്നകൈ മന്ന"നിൽ സിന്തസൈസർ കൈകാര്യം ചെയ്തത് പിൽക്കാലത്ത് എ ആർ റഹ്‌മാൻ ആയി മാറിയ ദിലീപ്. ഈ ചിത്രത്തിന്റെ എൽ പി റെക്കോഡ് ജാക്കറ്റിൽ ചരിത്രപ്രധാനമായ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ കാണാം: യമഹ സി എക്സ് 5 എം, യമഹ ഡി എക്സ് 7, റോളണ്ടിന്റെ ജുപിറ്റർ 8 എന്നീ സിന്തസൈസറുകളുമായി ഗാനസൃഷ്ടിയിൽ മുഴുകിയിരിക്കുന്ന യുവാവായ രാജയുടെ ചിത്രം. നാല് വർഷം മുൻപ് ഇളയരാജയുടെ എഴുപത്തഞ്ചാം പിറന്നാളിനോടനുബന്ധിച്ച് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ചെന്നൈയിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ ഇശൈജ്ഞാനിയുടെ അഭ്യർത്ഥന മാനിച്ച് "പുന്നകൈ മന്നനി"ലെ പ്രമേയസംഗീതം റഹ്‌മാൻ കീബോർഡിൽ വായിച്ചിരുന്നു. വൈ എം സി എ മൈതാനത്തെ നിറഞ്ഞ സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹർഷാരവത്തോടെയാണ് ആ പുനഃസമാഗമം ആസ്വദിച്ചത്.

പ്രോഗ്രാമിങും സീക്വൻസിങും എല്ലാം കൊച്ച് കുട്ടികൾക്ക് പോലും സുപരിചിതമായിക്കഴിഞ്ഞ ഈ കാലത്ത് നിന്ന് തിരിഞ്ഞുനോക്കുമ്പോൾ എല്ലാം ഒരത്ഭുതം പോലെ. അഭൂതപൂർവമായ ആ സാങ്കേതിക വളർച്ചയ്ക്ക് തുടക്കമിട്ട ദീർഘദർശികളായ സംഗീത സംവിധായകരിൽ ഔസേപ്പച്ചനും ഉണ്ടെന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന കാര്യം.

logo
The Fourth
www.thefourthnews.in