ട്വിറ്ററിൽ ഫഹദ് ഫാസിലിന്റെ രത്നവേൽ തരംഗം; വീണ്ടും
ചർച്ചയായി തമിഴ്നാട്ടിലെ ജാതി രാഷ്ട്രീയം

ട്വിറ്ററിൽ ഫഹദ് ഫാസിലിന്റെ രത്നവേൽ തരംഗം; വീണ്ടും ചർച്ചയായി തമിഴ്നാട്ടിലെ ജാതി രാഷ്ട്രീയം

മാമന്നന്റെ ഒടിടിയ റിലീസിന് പിന്നാലെ നിരവധി വീഡിയോകളാണ് വരുന്നത്

മാമന്നൻ ഒടിടിയിലെത്തിയതോടെ ട്വിറ്ററിൽ രത്നവേൽ തരംഗം. ചിത്രത്തിലെ വില്ലൻ വേഷത്തിലെത്തിയ ഫഹദ് ഫാസിലിനെ ആഘോഷമാക്കുകയാണ് ആരാധകർ. വില്ലന്റെ മാസ് സീനുകൾക്കൊപ്പം പ്രത്യേക ബിജെഎം ചേർത്തുള്ള നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ചിത്രത്തിലൂടെ മാരി സെൽവരാജ് പറയാൻ ശ്രമിച്ചത് എന്തോ അതിന് നേരെ വിപരീതമാണ് ഇപ്പോൾ സംഭവിക്കുന്നതെന്നാണ് സിനിമാ നിരൂപകരുടെ വിലയിരുത്തൽ

തമിഴ്നാട്ടിലെ ദളിത് സമൂഹം നേരിടുന്ന വർണ- വർഗ- രാഷ്ട്രീയ വിവേചനങ്ങളെ തുറന്നു കാട്ടാനുള്ള മാരി സെൽവരാജിന്റെ ശ്രമമായിരുന്നു മാമന്നൻ. എന്നാൽ ദളിത് സമൂഹത്തെ പ്രതിനിധികരിച്ച വടിവേലിനും ഉദയനിധി സ്റ്റാലിനും ലഭിക്കുന്നതിനേക്കാൾ പിന്തുണയാണ് സവർണ മേധാവിത്വത്തെ അവതരിപ്പിച്ച ഫഹദ് ഫാസിലിന് ലഭിക്കുന്നത്.

ഫഹദ് ഫാസിലിന്റെ ചിത്രത്തിലെ പ്രകടനം തന്നെയാണ് ഇതിന് കാരണമെന്ന വിലയിരുത്തലുമുണ്ട്. ദളിത് സമൂഹത്തിന്റെ നിസഹായതയും മാനസിക സംഘർഷങ്ങളും പ്രേക്ഷകരിലേക്കെത്തിക്കാൻ ഉദയ്നിധി സ്റ്റാലിന് കഴിഞ്ഞില്ലെന്ന വിമർശനവുമുണ്ട്. ചിത്രത്തിന്റെ ടൈറ്റിൽ കഥാപാത്രമായ വടിവേൽ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും രത്നവേലിന്റെ 'അഴിഞ്ഞാട്ടത്തിന്' മുന്നിൽ വടിവേലിനും ഉദയനിധിക്കും പിടിച്ച് നിൽക്കാനാകുന്നില്ല

ചുരുക്കത്തിൽ കമൽഹാസന്റെ തേവർ മകൻ തമിഴ്നാട്ടിലുണ്ടാക്കിയ അതേഫലം തന്നെയാണ് ഇപ്പോൾ മാമന്നനനുമുണ്ടാക്കുന്നത്. തേവർമകൻ റിലീസായതിന് ശേഷം തമിഴ്നാട്ടിൽ ജാതി രാഷ്ട്രീയം കൂടുതൽ ശക്തിപ്പെടുത്തുകയും ജാതി സംഘടനകൾ രൂപപ്പെടുകയും ചെയ്തിരുന്നു. ഇതുതന്നെയാണ് രത്നവേൽ ആഘോഷിക്കപ്പെടുന്നതിലൂടെ ഉണ്ടാകുന്ന പൊതു- രാഷ്ട്രീയ സാഹചര്യം

എന്നാൽ മാമന്നൻ , രാഷ്ട്രീയമായി ഉദയനിധിക്ക് ഗുണം ചെയ്യുന്നുണ്ട് താനും. പ്രകടനം കൊണ്ടല്ല, തിരഞ്ഞെടുപ്പ് കൊണ്ടാണെന്ന് മാത്രം. തമിഴ്നാട് കായികമന്ത്രിയായ ഉദയനിധി സ്റ്റാലിന്റെ അവസാന ചിത്രമായ മാമന്നൻ അദ്ദേഹത്തിന്റെ കരിയർ ബെസ്റ്റ് മാത്രമല്ല, മികച്ച രാഷ്ട്രീയ തീരുമാനം കൂടിയാണ്, പ്രത്യേകിച്ച് ജാതി രാഷ്ട്രീയം നിർണായകമാകുന്ന തമിഴ്നാട്ടിൽ ...

logo
The Fourth
www.thefourthnews.in