ഫാലിമി; മധ്യവര്‍ഗ്ഗ മലയാളി കുടുംബത്തിന് നേർ പിടിച്ച കണ്ണാടി

ഫാലിമി; മധ്യവര്‍ഗ്ഗ മലയാളി കുടുംബത്തിന് നേർ പിടിച്ച കണ്ണാടി

ശുഭപര്യവസാനിയായി ഒരു കു‌ടുംബകഥയും മാറുന്നില്ലെന്ന യാഥാർത്ഥ്യം വ്യക്തമാക്കിത്തരുന്നു 'ഫാലിമി'

ഒട്ടും അപരിചതത്വം തോന്നാത്ത കഥാപരിസരവും കഥാപാത്രങ്ങളും ജീവിതസാഹചര്യങ്ങളുമാണ് ഫാലിമിയെ ഓരോ ഫാമിലി പ്രേക്ഷകന്റെയും നേരംപോക്കാക്കി മാറ്റുന്നത്. കാണുന്നവന്റെ ഉള്ളിൽ താനെന്നോ തന്നോടൊപ്പമുളളവരെന്നോ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ, വൈകാരിക രം​ഗങ്ങളിലെ അതിനാടകീയത ഒഴിവാക്കിയുളള സമീപനങ്ങൾ, എല്ലാം തിരക്കഥയുടെ ഭം​ഗിയാണ്. കഥാപാത്രങ്ങളുടെ ജീവിതപശ്ചാത്തലം ചികഞ്ഞുമാന്തിയുളള സാധൂകരണങ്ങളില്ല. പ്രത്യേകമായി ആർക്കൊപ്പവും ശരിയും തെറ്റുമില്ല. കുടുംബത്തിലെ അഞ്ചു പേർക്കും അവരുടേതായ ഇടം നൽകുന്ന അമിത വ്യാഖ്യാനങ്ങളില്ലാത്ത കഥപറച്ചിൽ, അതാണ് ഫാലിമിയെ ആസ്വാദ്യമാക്കുന്നത്.

ഏതൊരു മധ്യവര്‍ഗ്ഗ മലയാളി കുടുംബത്തിന്റെയും പ്രശ്നങ്ങളൊക്കെത്തന്നെ ഫാലിമിയിലേതും. കല്യാണ പ്രായമെത്തിയിട്ടും പെണ്ണ് കിട്ടാതെ, കുടുംബപ്രാരാബ്ദം പേറുന്ന ഒന്നിലും സംതൃപ്തനല്ലാത്ത മൂത്ത പുത്രൻ, ബേസിലിന്റെ നായകൻ. കു‌ടുംബത്തോട് യാതൊരു ഉത്തരവാദിത്തവുമില്ലാത്ത മദ്യപാനിയായ അച്ഛന്‍, ജ​ഗദീഷ്. ഒറ്റയ്ക്കൊരു കാശിയാത്ര എന്ന സ്വപ്നത്തിൽ തക്കം കിട്ടിയാൽ റെയിൽവെ സ്റ്റേഷനിലേക്ക് ഓടുന്ന അപ്പൂപ്പന്‍, മീനാരാജ്. വിദേശപഠനമെന്ന ആ​ഗ്രഹവുമായി നടക്കുന്ന പരിഷ്കാരി അനിയന്‍, സന്ദീപ് പ്രദീപ്. എല്ലാം സമനിലയിലെത്തിക്കാൻ പെടാപ്പാട് പെടുന്ന അമ്മ, മഞ്ജുപിള്ള. ഈ കഥാപാത്രങ്ങൾക്കൊന്നുംതന്നെ യാതൊരു പുതുമയുമില്ല. അമിത കാട്ടിക്കൂട്ടലുകളോ പൊട്ടിക്കരച്ചിലുകളോ വേണ്ട ഇവരെ ഒരു നോർമൽ മലയാളിക്ക് മനസിലാവാനെന്ന സംവിധായകനും തിരക്കഥാകൃത്തുമായ നിതീഷ് സഹദേവിന്റെ തിരിച്ചറിവ് സിനിമയ്ക്ക് ​ഗുണം ചെയ്തി‌ട്ടുണ്ട്. കഥാപരമായി നോക്കിയാൽ ഇതൊരു സ്ഥിരം ടെംപ്ലേറ്റ് കുടുംബപ്പടം തന്നെ. പക്ഷെ ക്ലൈമാക്സ് ഉൾപ്പടെ ഒരു ഘട്ടത്തിൽ പോലും സംഭാഷണങ്ങളിൽ കഥാപ്രസം​ഗ ശൈലിയില്ല. 'ഈ കുടുംബത്തിൽ ഇങ്ങനെ ചിലര് കൂടി ഉണ്ടെന്ന് ഓർത്താൽ കൊള്ളാം', എന്ന ഒരൊറ്റ വാചകത്തിൽ പറഞ്ഞവസാനിപ്പിക്കുന്നു അമ്മയുടെ നിരാശയും ഒറ്റപ്പെടലും പരിഭവവുമെല്ലാം. അച്ഛനും മൂത്ത മകനും തമ്മിൽ എന്നോ ഇല്ലാതായ അ‌ടുപ്പം ഇല്ലായ്മ ചെയ്യാനാവാതെ തുടർന്നുപോകുന്നത് മനസിലാക്കിത്തരുന്ന ചുരുക്കം ചില രം​ഗങ്ങൾ. സിനിമ അവസാനിക്കുമ്പോഴും അച്ഛനും മകനുമിടയിലെ ആ വിടവ് അങ്ങനെതന്നെ അവശേഷിക്കുന്നുണ്ട്. ശുഭപര്യവസാനിയായി ഒരു കു‌ടുംബകഥയും മാറുന്നില്ലെന്ന യാഥാർത്ഥ്യം വ്യക്തമാക്കിത്തരുന്നു. സ്നേഹമില്ലായ്മയല്ല അവരുടെ പ്രശ്നം. പ്രേക്ഷകന് എളുപ്പം വായിച്ചെടുക്കാവുന്നതാണ് പിന്നിലുളള കഥ.

ബേസിലിനൊപ്പം ജ​ഗദീഷും മഞ്ചു പിളളയും ഭാ​ര്യ ഭർത്താക്കന്മാരാകുമ്പോൾ വലിയ തമാശകളും കൗണ്ടറുകളും പ്രതീക്ഷിക്കും. എന്നാൽ ചിരിപ്പിച്ചേക്കാം എന്ന ഉദ്ദേശത്തിൽ എഴുതപ്പെട്ടതല്ല തിരക്കഥ. അതുകൊണ്ടുതന്നെ തമാശകൾ കുറവാണ്. റിയാലിറ്റിയിൽ ദേഷ്യവും നിരാശയും തോന്നിപ്പോകുന്ന സാഹചര്യങ്ങളിൽ ഓരോരുത്തരിലും സംഭവിച്ചുപോകുന്ന സിറ്റുവേഷൻ കോമഡികളിലാണ് ഫാലിമി നമ്മളെ ചിരിപ്പിക്കുന്നത്. തിരുവനന്തപുരത്തുനിന്നും കാശിയിലേക്കുളള ഈ കുടുംബത്തിന്റെ യാത്രയും ഇടയിലെ ചില സംഭവങ്ങളുമാണ് തുടർന്നുളള ഭാ​ഗങ്ങളിൽ. ഒരു റോഡ് മൂവിയുടെ സുഖം തരുന്ന കാഴ്ചയാണ് രണ്ടാം പകുതി. സാഹചര്യങ്ങളോട് ലയിച്ചുചേരുന്ന വിഷ്ണു വിജയുടെ സംഗീതവും മികവാണ്. ഒപ്പം മുഹ്സിൻ പരാരി ചിട്ടപ്പെ‌ടുത്തിയ പകരം വെക്കാനില്ലാതെ വരികളും, ബബ്ലു അജുവിന്റെ ഛായാഗ്രഹണം കൂടി ആകുമ്പോൾ തീയേറ്ററിൽ ഫാലിമി സമ്മാനിക്കുന്നത് ഒരു ഡീസന്റ് കാഴ്ച്ചാനുഭവമാണ്. പറയത്തക്ക വലിയ ​ഗിമ്മിക്കുകളോ എന്റർടെയ്നിങ് എലമെന്റുകളോ ഒന്നും അവകാശപ്പെടാനില്ലെങ്കിലും ഒരു ശരാശരി മലയാളി കുടുംബത്തിന്റെ കണ്ണാടി കാഴ്ചയാണ് ഫാലിമിയെന്ന് പറയാം.

logo
The Fourth
www.thefourthnews.in