എന്റെ പാട്ടുകളിലെ ഭാസ്കരൻ മാഷ്

എന്റെ പാട്ടുകളിലെ ഭാസ്കരൻ മാഷ്

അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരനെ വരെ, ലളിതമായ ഭാഷയിൽ കാവ്യാനുഭൂതി അനുഭവിപ്പിച്ചു ഭാസ്കരൻ മാസ്റ്റർ

ഓർമവെക്കുന്ന കാലത്ത് അറിയാതെ ചലച്ചിത്രഗാന ശകല ങ്ങളിലൂടെ മനസ്സിൽ കയറിക്കൂടിയ കവിയാണ് പി ഭാസ്കരൻ മാസ്റ്റർ. റേഡിയോയിലൂടെ നിരന്തരം ഒഴുകിവരുന്ന ചലച്ചിത്ര ഗാനങ്ങളിൽനിന്ന് ഞാൻ പഠിച്ചതിൽ, എന്നെ സ്വാധീനിച്ച വരികളിൽ ആദ്യത്തേത് ഭാസ്കരൻ മാസ്റ്ററുടെ വരികളായിരുന്നുവെന്ന് വളർന്നശേഷമാണ് മനസ്സിലാക്കിയത്.

സംഗീതാധ്യാപികയായിരുന്ന അമ്മ എനിക്കുവേണ്ടി പാടിയിരുന്ന “എന്റെ മകൻ കൃഷ്ണനുണ്ണിയും” പുലയനാർ മണിയമ്മ പൂമുല്ലക്കാവിലമ്മയും ഒക്കെത്തന്നെ മാസ്റ്ററുടെ പാട്ടുകളായിരുന്നു. ഞാൻ പാടി തുടങ്ങിയപ്പോൾ, ഞാനെപ്പോഴും പാടി നടന്നിരുന്ന പാട്ടുകളും അതുതന്നെ. അങ്ങനെ സംഗീത സമൃദ്ധമായ ആ കുട്ടിക്കാലത്തു തന്നെ മാസ്റ്റർ അറിയാതെ മനസ്സിലേക്കു ചേക്കേറി.

Summary

ലാളിത്യമാണ് ജനപ്രിയ ചലച്ചിത്രഗാനങ്ങളുടെ മുഖമുദ്രയെങ്കിൽ മാതൃകയാക്കേണ്ടത് ആരെയെന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. അതാണ് ഭാസ്കരൻ മാസ്റ്റർ

കൗമാരകാലത്ത് എപ്പോഴോ ആണ് ഗാനരചന ഒന്ന് പരീക്ഷിക്കുവാനുള്ള ആഗ്രഹമുണ്ടായത്. അതിനുവേണ്ടി ശ്രമിക്കുകയും ആ വഴിയിൽ ഏറെ മുന്നോട്ടുപോവുകയും ചെയ്തപ്പോൾ പൂർവസൂരികളുടെ ഗാനങ്ങളെക്കുറിച്ച് അറിയാനും അവരുടെ ശൈലികളെ കൂടുതലായി മനസ്സിലാക്കാനും ശ്രമിച്ചു. വളരെ പതുക്കെയാണ് ചലച്ചിത്രഗാന മേഖലയിൽ പ്രവേശിക്കാൻ എനിക്ക് അവസരമുണ്ടായത്.

എന്റെ പാട്ടുകളിലെ ഭാസ്കരൻ മാഷ്
'നഗരം നഗരം മഹാസാഗരം'; ജീവിതവീക്ഷണം പകര്‍ത്തിയെഴുതിയ ഭാസ്‌കരന്‍ മാഷ്

ലാളിത്യമാണ് ജനപ്രിയ ചലച്ചിത്രഗാനങ്ങളുടെ മുഖമുദ്രയെന്ന് തിരിച്ചറിയുന്നത് ഒരുപക്ഷേ ആ അവസരത്തിലാണ്. അങ്ങനെയെങ്കിൽ മാതൃകയാക്കേണ്ടത് ആരെയെന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. അതാണ് ഭാസ്കരൻ മാസ്റ്റർ. അക്ഷരാഭ്യാസമില്ലാത്ത സാധാരണക്കാരനെ വരെ, ലളിതമായ ഭാഷയിൽ കാവ്യാനുഭൂതി അനുഭവിപ്പിച്ചു ഭാസ്കരൻ മാസ്റ്റർ.

നീലക്കുയിൽ സിനിമയിൽ, പതിറ്റാണ്ടുകൾക്കു മുൻപ് നമ്മൾ കേട്ട ''എല്ലാരും ചൊല്ലണ്'' എന്ന പാട്ട് ഒരു സിനിമയിൽ വന്നാൽ, ഇന്നും അത് ആസ്വാദകർ ഇരുകൈയും നീട്ടി നെഞ്ചോട് ചേർക്കും. പറഞ്ഞുവന്നത് ഭാസ്കരൻ മാസ്റ്ററുടെ ഗാനങ്ങൾ, അല്ലെങ്കിൽ ഗാനരചനാ ശൈലി, മലയാളത്തിലെ ഏത് ഉത്തരാധുനിക സിനിമയ്ക്കും ഒപ്പം ചേർന്നുപോകാവുന്ന ഒന്നാണ് എന്നാണ്. അതുകൊണ്ടുതന്നെ പുതിയ കാലത്തെ ഗാനരചയിതാവിന് ഏറ്റവും സ്വീകാര്യമായ മാതൃകയായി പി ഭാസ്കരൻ മാസ്റ്റർ മാറുന്നു.

ആ ലാളിത്യം പരിശീലിക്കാൻ ഞാൻ മനപ്പൂർവം പല ഗാനങ്ങളിലും ശ്രമിച്ചിട്ടുണ്ട്. 'പാവ' എന്ന സിനിമയ്ക്ക് പാട്ടെഴുതുവാൻ ചെല്ലുമ്പോൾ, അപ്പോൾ ചെയ്യേണ്ട ഗാനത്തിന് മാതൃകയായി അവർ കേൾപ്പിച്ചത് ഭാസ്കരൻ മാസ്റ്ററുടെ “മലമൂട്ടിൽ നിന്നൊരു മാപ്പിള മാലാഖ പോലൊരു പെമ്പിള” എന്ന ഗാനമായിരുന്നു. അവിടെയാണ് “പൊടിമീശ മുളയ്ക്കണ കാലം” പിറവിയെടുക്കുന്നത്. ആ ഗാനം സൂപ്പർഹിറ്റാകാൻ കാരണം അതിന്റെ വരികളിൽ എനിയ്ക്ക് പുലർത്താൻ കഴിഞ്ഞ ലാളിത്യമാണെന്ന് വിശ്വസിക്കുന്നു.

സ്ഥലപ്പേരുകളും ഉത്സവങ്ങളും പൂരങ്ങളും സൂചിപ്പിക്കുന്ന നിരവധി ഗാനങ്ങൾ മാസ്റ്ററുടേതായി ഉണ്ട്. “മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം” തുടങ്ങി ഒരുപാട്. അത് ഞാൻ പരീക്ഷിച്ചത് “എന്റെ ജനലരികിലിന്ന് ഒരു ജമന്തി പൂവിരിഞ്ഞു” എന്ന പാട്ടിലായിരുന്നു. അങ്ങനെയാണ് അതിൽ ചെനക്കത്തൂർ പൂരവും നെന്മാറ വേലയും ഒക്കെ കടന്നുവന്നത്. പിന്നെ വികൃതി എന്ന ചിത്രത്തിലെ “കാണുമ്പോ കാണുമ്പോ” എന്ന പാട്ടിൽ കാഞ്ഞിരമറ്റം ഉറൂസിനെയും കൊണ്ടുവന്നു.

ചെറിയൊരു ആശയത്തിൽനിന്നു പോലും പാട്ട് സൃഷ്ടിയ്ക്കുന്ന വൈഭവം മാസ്റ്ററിൽ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. "അവിടുന്നെൻ ഗാനം കേൾക്കാൻ" എന്ന ഗാനത്തിൽ നമുക്കത് കാണാം. ഞാൻ എന്ത് പാടിയാലും അത് അബദ്ധം ആകുമോയെന്ന ഒരു നായികയുടെ സന്ദേഹത്തെയാണ് അദ്ദേഹം വരികളാക്കിയത്.

ഒരേ ആശയത്തെ തന്നെ കഥാപാത്രങ്ങൾക്കും കഥയ്ക്കും അനുയോജ്യമാം വിധം മാസ്റ്റർ രണ്ടുതരം ഭാഷയിൽ എഴുതിയിട്ടുണ്ട്. ഗുരുവായൂർ കേശവനിലെ “സുന്ദര സ്വപ്നമേ നീയെനിയ്ക്കേകിയ വർണ്ണചിറകുകൾ വീശി, പ്രത്യുഷ നിദ്രയിൽ ഇന്നലെ ഞാനൊരു ചിത്രപതംഗമായ് മാറി…'' എന്ന വരികളെ പിന്നീട് 'ഒരു മെയ് മാസ പുലരിയിൽ' എന്ന ചിത്രത്തിനുവേണ്ടി വളരെ ലളിതമായി “പുലർകാലസുന്ദര സ്വപ്നത്തിൽ ഞാനൊരു പൂമ്പാറ്റയായിന്നു മാറി” എന്ന് എഴുതിയപ്പോൾ അല്ലേ ആ ആശയം കൂടുതൽ ജനപ്രിയമായതെന്നു തോന്നിയിട്ടുണ്ട്. മലയാള സിനിമയുള്ള കാലം ഭാസ്കര ശൈലിക്ക് അസ്തമനമില്ല.

Related Stories

No stories found.
logo
The Fourth
www.thefourthnews.in