'നിർമാതാവില്ലെങ്കിൽ താരമില്ല, എഡിറ്റിൽ ഇടപെടണമെന്ന നടന്റെ ആവശ്യം കേട്ടുകേൾവി ഇല്ലാത്തത്'; താരങ്ങൾക്കെതിരെ ഫെഫ്ക

'നിർമാതാവില്ലെങ്കിൽ താരമില്ല, എഡിറ്റിൽ ഇടപെടണമെന്ന നടന്റെ ആവശ്യം കേട്ടുകേൾവി ഇല്ലാത്തത്'; താരങ്ങൾക്കെതിരെ ഫെഫ്ക

ആർട്ടിസ്റ്റുകളുടെ പേര് വച്ചുളള പരാതി ലഭിച്ചിട്ടുണ്ടെന്നും അവരുമായി സംസാരിച്ചതിന് ശേഷമേ മാധ്യമങ്ങൾക്കു മുന്നിൽ പേര് വെളിപ്പെടുത്തൂ എന്നാണ് നിലപാടെന്നും ബി ഉണ്ണികൃഷ്ണൻ

മലയാള സിനിമാ താരങ്ങൾക്കെതിരെ വിമർശനവുമായി ഫെഫ്ക. ചില നടീനടന്മാർ പ്രശ്നമുണ്ടാക്കുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. എഡിറ്റ് വരെ കാണണമെന്ന് ആവശ്യപ്പെടുകയാണ് ചിലരെന്നും നടക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമെന്നും ബി ഉണ്ണികൃഷ്ണൻ തുറന്നടിച്ചു. കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ബി ഉണ്ണികൃഷ്ണൻ താരങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

കൊച്ചിയിൽ നടന്ന ഫെഫ്കയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്
കൊച്ചിയിൽ നടന്ന ഫെഫ്കയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്

മലയാള സിനിമ ഇപ്പോൾ കടന്നു പോകുന്നത് ബുദ്ധിമുട്ടേറിയ കാലത്തിലൂടെയെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

'ചില നടന്മാർ സിനിമയുടെ എഡിറ്റ് അവരെ കാണിക്കണമെന്ന് ആവശ്യപ്പെടുന്നു. ഇപ്പോൾ ഡബ്ബിങ് നടക്കുന്ന സിനിമയിൽ ഇത്തരമൊരു പ്രശ്നം ഉണ്ടായി. പ്രധാന നടന്റെ ഇഷ്ടപ്രകാരം എഡിറ്റ് ചെയ്യണമെന്ന് ആവശ്യപെട്ടു. ഇത്തരം കാര്യങ്ങൾ കേട്ടു കേൾവി ഇല്ലാത്തതാണ്. സിനിമയ്ക്ക് മേലുളള അധികാരം സംവിധായകന് മാത്രമാണ്. എഡിറ്റ് ആരെയെങ്കിലും കാണിക്കുമെങ്കിൽ അത് പണം മുടക്കിയ നിർമ്മാതാക്കളെ മാത്രമായിരിക്കും'.

എല്ലാവരിലും നിന്ന് സർഗാത്മകമായ ചർച്ചയെ സ്വാഗതം ചെയ്യും പക്ഷേ എഡിറ്റ് ലോക്ക് ചെയ്യേണ്ടത് സംവിധായകരുടെ അവകാശമാണെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

മലയാള സിനിമയിലെ ചില നടീ നടന്മാർ ഒരേ സമയം പല നിർമാതാക്കൾക്കും സംവിധായകർക്കും ഡേറ്റുകൾ നൽകുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
ബി ഉണ്ണികൃഷ്ണൻ

അമ്മ അംഗീകരിച്ചകരാർ ഒപ്പിടാൻ ചില നടീനടന്മാർ തയ്യാറാകുന്നില്ലെന്ന് ഫെഫ്ക കുറ്റപ്പെടുത്തി. ''മലയാള സിനിമയിലെ ചില നടീ നടന്മാർ ഒരേ സമയം പല നിർമാതാക്കൾക്കും സംവിധായകർക്കും ഡേറ്റുകൾ നൽകുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അമ്മ സംഘടന അംഗീകരിച്ച കരാറിൽ ഒപ്പിടാൻ ചില നടീനടന്മാർ തയ്യാറാകുന്നില്ലെന്നും പരാതിയായി ഉയരുന്നു. എല്ലാവരുമായി കരാർ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കു എന്നതാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ്റെയും ഫെഫ്കയുടെയും തീരുമാനം' ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. തീയേറ്ററിൽ ആളുകൾ എത്താത്തതും പ്രതിസന്ധിയാണെന്നും ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നിർമാതാക്കളുടെ സംഘടനയുമായി ചേർന്ന് ഫെഫ്ക നടത്തിയെന്നും ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.

' പ്രശ്നങ്ങൾ നിരന്തരം സൃഷ്ടിക്കുന്നവരോട് ഒന്ന് മാത്രമാണ് പറയാനുളളത്, നിർമാതാവ് ഇല്ലെങ്കിൽ ഒരു താരത്തിന് പ്രസക്തി ഇല്ല. ആർട്ടിസ്റ്റുകളുടെ പേര് വച്ചുളള പരാതി ലഭിച്ചിട്ടുണ്ട്. അവരുമായി സംസാരിച്ചതിന് ശേഷമേ മാധ്യമങ്ങൾക്കുമുന്നിൽ പേര് വെളിപ്പെടുത്തൂ എന്നാണ് നിലപാട്.' സംയുക്തമായി എടുക്കുന്ന തീരുമാനത്തിൽ 'അമ്മ' ഒപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

ബി 32 മുതൽ 44 വരെ വളരെ മികച്ച സിനിമയാണ്. ഈ സിനിമ തീയേറ്ററിൽ നിലനിർത്താൻ കെ എസ് എഫ ഡി സി തയ്യാറാകണം എന്നാണ് ഫെഫ്കയുടെ അഭിപ്രായമെന്നും കൊച്ചിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in