ഫെഫ്ക ടെലിവിഷൻ രംഗത്തേക്കും; വെബ് സീരിസ് പ്രവർത്തകർക്കും അഗത്വം നൽകുമെന്ന് ബി ഉണ്ണികൃഷ്ണൻ

ഫെഫ്ക ടെലിവിഷൻ രംഗത്തേക്കും; വെബ് സീരിസ് പ്രവർത്തകർക്കും അഗത്വം നൽകുമെന്ന് ബി ഉണ്ണികൃഷ്ണൻ

ഫെഫ്ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോഴ്സ് യൂണിയൻ എന്ന പേരിലാണ് യൂണിയൻ

മലയാള സിനിമയ്ക്ക് പുറമെ ടെലിവിഷൻ രംഗത്തും, വെബ് സീരിസ് ഉൾപ്പെടെയുള്ള പ്രൊഡക്ഷൻസിലും പ്രവർത്തിക്കുന്ന സാങ്കേതിക പ്രവർത്തകർക്ക് അംഗത്വം നൽകാൻ ഫെഫ്ക. ഫെഫ്ക മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോഴ്സ് യൂണിയൻ എന്ന പേരിൽ സംഘടന നിലവിൽ വന്നതായി ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ ദ ഫോർത്തിനോട് പറഞ്ഞു.

ടെലിവിഷൻ രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ നിരന്തരമുള്ള അഭ്യർത്ഥന പരിഗണിച്ചാണ് ഫെഫ്കയുടെ തീരുമാനം. സേവന വേതന വ്യവസ്ഥകളിലെ വ്യക്തതയില്ലായ്മ, സമയത്ത് വേതനം നൽകാതെയിരിക്കുക, ക്ഷേമ പരിപാടികളോ, ഇൻഷൂറൻസോ തുടങ്ങി യാതൊരു തൊഴിൽ പരിരക്ഷയും ഈ മേഖലയിൽ ഇല്ല. അതിനാൽ തന്നെ ടെലിവിഷൻ , വെബ് സീരിസ് മേഖലയിലുള്ളവരുടെ തൊഴിൽ പരിരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാങ്കേതിക പ്രവർത്തകർക്കായി സംഘടന രൂപീകരിക്കുന്നതെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കി

നിലവിൽ 2000 ത്തിലധികം പേർ സംഘടനയിൽ അംഗത്വമെടുത്തിട്ടുണ്ട്. ടെലിവിഷൻ, വെബ് സീരിസ് മേഖലയുടെ പ്രൊഡക്ഷൻസിൽ രണ്ടുവർഷത്തിലധികമായി ജോലി ചെയ്യുന്ന സംവിധായകർ മുതൽ ഡ്രൈവർമാർ വരെയുള്ള എല്ലാവർക്കും അംഗത്വത്തിന് അപേക്ഷ നൽകാമെന്നും ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. ഫെഫ്കയിലേത് പോലെ ഓരോ വിഭാഗത്തിനും പ്രത്യേക സംഘടന ഇപ്പോൾ ഉണ്ടാകില്ല. സംവിധായകർ മുതൽ ഡ്രൈവർ മാരെ വരെ, ഒറ്റ സംഘടനയായാകും നിലകൊള്ളുക.

പിന്നീട് അംഗങ്ങൾ കൂടുന്നത് അനുസരിച്ച് തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു . ഫെഫ്കയിൽ നിലവിൽ ഡയറക്ടേഴ്സ് യൂണിയൻ, റൈറ്റേഴ്സ് യൂണിയൻ എന്നിങ്ങനെ ഓരോ വിഭാഗത്തിനുമായി 20 സംഘടനകളാണുള്ളത്. 21 -ാമത് സംഘടയായാണ് മലയാളം ഡിജിറ്റൽ ടെലിവിഷൻ എംപ്ലോഴ്സ് യൂണിയനെ ഉൾപ്പെടുത്തുക

ഇവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് ഭാരവാഹികൾക്ക് ഫെഫ്കയുടെ യോഗങ്ങളിൽ സംഘടനയെ പ്രതിനിധീകരിച്ച് പങ്കെടുക്കാനാകും. ഭരാവാഹികളെ നാളെ ചേരുന്ന യോഗത്തിൽ തിരഞ്ഞെടുക്കും. സംഘടനയുടെ പ്രഥമ അംഗത്വ വിതരണ കൺവെൻഷനും ഭാരവാഹി തിരഞ്ഞെടുപ്പും നാളെ തിരുവനന്തപുരത്തെ ശ്രീമൂലം ക്ലബിൽ നടക്കും

logo
The Fourth
www.thefourthnews.in