2024ല്‍ പ്രേക്ഷകരെ വീഴ്ത്താന്‍ മലയാള സിനിമയും; കാത്തിരിക്കുന്ന ചിത്രങ്ങളിൽ മാസും ക്ലാസും

2024ല്‍ പ്രേക്ഷകരെ വീഴ്ത്താന്‍ മലയാള സിനിമയും; കാത്തിരിക്കുന്ന ചിത്രങ്ങളിൽ മാസും ക്ലാസും

മാസ് പടങ്ങളോടൊപ്പം ആധുനിക ക്ലാസിക്കുകളും 3ഡി ചിത്രങ്ങളും തിയേറ്ററിലേക്ക് പ്രേക്ഷകരെ കാത്തിരിക്കുകയാണ്.

2024ല്‍ ഗംഭീര ദൃശ്യവിരുന്നൊരുക്കാന്‍ മലയാള സിനിമ ഒരുങ്ങിക്കഴിഞ്ഞു. മാസ് പടങ്ങളോടൊപ്പം ആധുനിക ക്ലാസിക്കുകളും 3ഡി ചിത്രങ്ങളും തിയേറ്ററിലേക്ക് പ്രേക്ഷകരെ കാത്തിരിക്കുകയാണ്. ബോക്‌സോഫീസില്‍ മാത്രമല്ല, അന്താരാഷ്ട്രതലത്തിലും സ്വാധീനം ചെലുത്താന്‍ സാധിക്കുന്ന ചിത്രങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളും പ്രേക്ഷകര്‍ കാത്തിരിക്കുന്ന പ്രിഥ്വിരാജ് ചിത്രം ആടുജീവിതവും ഇക്കൂട്ടത്തില്‍പ്പെടുന്നു. പ്രേക്ഷകര്‍ 2024ൽ കാത്തിരിക്കുന്ന ചില ചിത്രങ്ങള്‍ പരിചയപ്പെടാം

ബറോസ്

മോഹന്‍ലാല്‍ സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്. സിനിമ പ്രഖ്യാപിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണിത്. ത്രീഡിയില്‍ മാത്രം ചിത്രീകരിച്ച ചിത്രം, നിധി കാക്കുന്ന പ്രേതത്തിന്റെ കഥയാണ് പ്രമേയം. മോഹന്‍ലാല്‍ തന്നെയാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം. നിരവധി ബാല താരങ്ങളും ഹോളിവുഡിലെ അടക്കം പ്രധാന അഭിനേതാക്കളും ബറോസില്‍ അണിനിരക്കുന്നു. സന്തോഷ് ശിവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമ ആശിര്‍വാദ് സിനിമാസിനായി ആന്റണി പെരുമ്പാവൂറാണ് നിര്‍മിക്കുന്നത്. നിരവധി ഗ്രാഫിക് ജോലികള്‍ ഉള്‍പ്പെടുന്ന ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ലോസ് ആഞ്ചല്‍സില്‍ വെച്ചാണ് നടക്കുന്നത്.

ബസൂക്ക

തിയേറ്ററില്‍ കോളിളക്കം സൃഷ്ടിച്ചുക്കൊണ്ടിരിക്കുന്ന കണ്ണൂര്‍ സ്‌ക്വാഡിന്റെ ആവേശത്തിലാണ് മമ്മൂട്ടിയുടെ ആരാധകര്‍. പുതുമുഖ സംവിധായകരോടൊപ്പം വന്ന് ബ്ലോക്ബസ്റ്റര്‍ ഹിറ്റുകള്‍ ഉണ്ടാക്കുന്ന മമ്മൂട്ടിയുടെ പുതിയ പ്രവണതയുടെ ഉദാഹരണം കൂടിയാണ് കണ്ണൂര്‍ സ്‌ക്വാഡ്. പുതിയ സംവിധായകരുമായുള്ള മമ്മൂട്ടിയുടെ കെമിസ്ട്രി തന്നെയാണ് ബസൂക്കയിലുള്ള പ്രേക്ഷകരുടെ വിശ്വാസം. യൂഡ്‌ലി ഫിലിംസ് നിര്‍മിക്കുന്ന നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനകം തന്നെ ആരാധകര്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ചിട്ടുണ്ട്. തമിഴ് സിനിമ സംവിധായകനും നടനുമായ ഗൗതം വാസുദേവ മേനോനൊപ്പമുള്ള മമ്മൂട്ടിയുടെ ആദ്യ സിനിമ കൂടിയാണിത്. കഴിഞ്ഞ വര്‍ഷത്തെ മമ്മൂട്ടിയുടെ മറ്റൊരു ഹിറ്റായ റോഷാക്കിന്റെ ക്യാമറ ചലിപ്പിച്ച നിമിഷ് രവി ഒരിക്കല്‍ കൂടി മമ്മൂട്ടിക്ക് വേണ്ടി ക്യാമറ കൈകാര്യം ചെയ്യും. സിനിമയുടെ റിലീസ് തിയ്യതി എത്രയും പെട്ടെന്ന് അറിയിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ആട് ജീവിതം

ബെന്യാമിന്റെ ആട് ജീവി തം വായിച്ചവരാരും നജീബിനെ മറന്നുപോകാനിടയില്ല. ആട് ജീവിതം ബ്ലെസ്‌ലി സിനിമയാക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതല്‍ കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നിര്‍മാണ മൂല്യത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സിനിമയില്‍ നിര്‍മിച്ചതില്‍ വെച്ച് ഏറ്റവും സാഹസികത നിറഞ്ഞ സിനിമയാണ് ഇത്. നജീബായി വേഷമിടുന്ന പ്രിഥ്വിരാജ് കഥാപാത്രത്തിന് വേണ്ടി ശാരീരികമായി ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ക്ക് വിധേയനായിരുന്നു. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രേക്ഷക പ്രശംസയും നേടിയിരുന്നു. ഓസ്‌കാര്‍ ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനവും റസൂല്‍ പൂക്കുട്ടി ഓഡിയോ ഡിസൈനും കൈകാര്യം ചെയ്യുന്നു. ഹോളിവുഡ് താരം ജിമ്മി ജീന്‍ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. അമല പോളാണ് നായിക. അതിഗംഭീരമായ ചിത്രങ്ങളും, വിഷയത്തിന്റെ തീവ്രതയും ലോകോത്തര അണിയറ പ്രവര്‍ത്തകരും കാരണം ആടുജീവിതം എക്കാലത്തെയും മാസ്റ്റര്‍ പീസായി മാറുമെന്നാണ് പ്രതീക്ഷ. ചിത്രം ഉടന്‍ തന്നെ ഒരു പ്രമുഖ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കും

മലൈക്കോട്ടൈ വാലിബന്‍

ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ ലാല്‍ കൂട്ടുകെട്ട് ചലച്ചിത്രാരാധകര്‍ക്ക് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. പ്രേക്ഷകരുടെ ആവേശത്തെ വിജയത്തിന്റെ അളവുകോലായി കണക്കാക്കുകയാണെങ്കില്‍ കേരളത്തിലെ എല്ലാ പ്രാരംഭ കളക്ഷനുകളും തകര്‍ക്കാന്‍ മലൈക്കോട്ടൈ വാലിബന് സാധിക്കും. സിനിമയെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ബഹളങ്ങള്‍ക്ക് നിരവധി കാരണങ്ങളുണ്ട്. 2022ലാണ് അവസാനമായി മോഹന്‍ലാലിന്റെ ചിത്രം തീയെറ്ററിൽ പുറത്തിറങ്ങിയത്. അതുകൊണ്ട് തന്നെ ആരാധകര്‍ വാലിബന് വേണ്ടിയുള്ള കാത്തിരപ്പിലാണ്. മാത്രവുമല്ല, ലിജോ എന്ന എന്ന ഘടകവും ആ കാത്തിരിപ്പിന് കൂടുതൽ ഊർജം നില്‍ക്കുന്നുണ്ട്. കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടില്ലെങ്കിലും കാലഘട്ടത്തെക്കുറിച്ചുള്ള സൂചനകള്‍ പോസ്റ്ററുകളില്‍ നിന്നും ലഭ്യമാണ്. ലിജോയുടെ ആമേന്‍ രചിച്ച പിഎസ് റഫീഖാണ് വാലിബന്റെ തിരക്കഥാകൃത്ത്. യൂഡ്‌ലീ ഫിലിംസ്, ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ജനുവരി 25നാണ് സിനിമയുടെ റിലീസ് പ്രതീക്ഷിക്കുന്നത്.

കത്തനാര്‍-ദി വൈല്‍ഡ് സോര്‍സെറെര്‍

നടന്‍ ജയസൂര്യയുടെ കരിയറില്‍ തന്നെ ബജറ്റിന്റെ അടിസ്ഥാനത്തിലും സാങ്കേതിക മികവിന്റെ കാര്യത്തിലുമുള്ള ഏറ്റവും വലിയ നിര്‍മാണമാണിത്. ത്രീഡിയിലൊരുക്കുന്ന സിനിമ, തെന്നിന്ത്യന്‍ താരം അനുഷ്‌ക ഷെട്ടിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റത്തിനും വഴിയൊരുക്കുന്നു. മാന്ത്രിക ശക്തിയുള്ള പുരോഹിതനായ കടമ്മറ്റത്ത് കത്തനാറിന്റെ വേഷത്തിലാണ് ജയസൂര്യ പ്രത്യക്ഷപ്പെടുന്നത്. കല്യങ്കാട്ട് നീലിയുടെ വേഷത്തില്‍ അനുഷ്‌കയും പ്രേക്ഷകരെ പിടിച്ചിരുത്തും. റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ ഗോകുലം മൂവീസാണ് സിനിമ നിര്‍മിക്കുന്നത്. രണ്ട് ഭാഗമായിട്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ആദ്യ ഭാഗം 2024ല്‍ തിയേറ്ററിലെത്തും.

logo
The Fourth
www.thefourthnews.in