പൊന്നിയിന്‍ സെല്‍വന്‍
പൊന്നിയിന്‍ സെല്‍വന്‍

കൊളുത്താനുള്ളതുണ്ട്! ആരാധകരെ ആവേശത്തിലാക്കി പൊന്നിയിന്‍ സെല്‍വന്‍; പ്രേക്ഷക പ്രതികരണം

2000തിലധികം തിയേറ്ററുകളിലാണ് പൊന്നിയിൻ സെൽവൻ ആദ്യഭാഗം റിലീസ് ചെയ്തിരിക്കുന്നത്.

തീയറ്ററുകളിൽ ആവേശമായി ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ. പുലർച്ചെ നാലുമണിക്ക് തുടങ്ങിയ പ്രത്യേക പ്രദർശനത്തിന് ശേഷം, പ്രേക്ഷകരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. തമിഴകത്തിന്റെ മനസ്സിൽ ഇതിഹാസമായി നിൽക്കുന്ന പൊന്നിയിൻ സെൽവൻ നോവലിന് മണിരത്നത്തിന്റെ സംവിധാനവും എആർ റഹ്‌മാന്റെ സംഗീതവും ജീവൻ പകർന്നെന്നാണ് വിലയിരുത്തൽ. അഭിനേതാക്കൾ ഓരോരുത്തരും പകരം വയ്ക്കാനാവാതെ പകർന്നാടുമ്പോൾ, സ്‌ക്രീനിൽ ഇതിഹാസം രചിക്കപ്പെടുകയാണെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

കാർത്തി, വിക്രം, തൃഷ, ജയറാം, ശരത് കുമാർ, പ്രകാശ് രാജ്, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ റായ് തുടങ്ങി മുൻനിര താരങ്ങൾ അണിനിരന്ന ചിത്രത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച്‌ മികച്ച പ്രതികരണമാണ് വരുന്നത്. ഓരോ കഥാപാത്രത്തിനും അനുയോജ്യരായ അഭിനേതാക്കളെ തിരഞ്ഞെടുത്തത് ചിത്രത്തിന് കൂടുതൽ വ്യക്തത വരുത്തിയെന്ന് ആരാധകർ പറയുന്നു. പത്താം നൂറ്റാണ്ടിലെ കാലഘട്ടം, അതിന്റെ ദൃശ്യചാരുത ഒട്ടും ചോരാതെ ക്യാമറയിലെത്തിക്കാൻ രവി വർമന് കഴിഞ്ഞിട്ടുണ്ട്. കലാസംവിധാനത്തില്‍ തുല്യതകളില്ലാതെ യാഥാര്‍ഥ്യത്തോട് ചേര്‍ന്നുനില്‍ക്കാന്‍ തൊട്ടാധരണിക്കും സാധിച്ചു.

ആദ്യ ഭാഗത്തിൽ ചോള സാമ്രാജ്യത്തിന്റെ കഥ പറഞ്ഞു തുടങ്ങി, രണ്ടാം ഭാഗത്ത് അരുൾമൊഴി വർമന്റെ വരവോടു കൂടി പൊന്നിയിൻ സെൽവന്റെ ലോകം പൂർണമായി തുടങ്ങുമെന്നാണ് പറയുന്നത്. തൃഷയുടെയും ഐശ്വര്യ റായിയുടെയും കഥാപാത്രങ്ങളുടെ ആഴം ചിത്രത്തിന് നൽകുന്ന പിന്തുണ എടുത്തുപറയേണ്ടതാണെന്ന് പൊതുവിലുള്ള അഭിപ്രായം.

തമിഴ് സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവൽ വെള്ളിത്തിരയിലെത്തുമ്പോൾ, നോവലിന് സമാനമായി സഞ്ചിരിക്കുന്ന സിനിമയിൽ, ശബ്ദക്രമീകരണവും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ദൃശ്യവിരുന്ന് കാഴ്ചക്കാരെ പിടിച്ചിരുത്താൻ ധാരാളമാണ്. തമിഴകത്ത് കൊളുത്താനുള്ളതെല്ലാം മണിരത്‌നം മാജിക്കിൽ ഉണ്ടെന്നാണ് അധികവും വരുന്ന പ്രതികരണം.

ആഗോള തലത്തിൽ രണ്ടായിവരത്തിലധികം തിയേറ്ററുകളിലാണ് പൊന്നിയിൻ സെൽവൻ ആദ്യഭാഗം റിലീസ് ചെയ്തിരിക്കുന്നത്. ഇരുപത്തിയഞ്ച് കോടിയിലധികം കളക്ഷൻ ആദ്യ ദിനം തന്നെ നേടുമെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. മണിരത്‌നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പ്രസിദ്ധമായ നോവല്‍ ആസ്പദമാക്കി ഒരുങ്ങിയ ചിത്രം, കേരളത്തിൽ 250ഓളം തിയേറ്ററുകളിലാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിനാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം. അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ, രണ്ട് ഭാഗങ്ങളിലായാണ് വെള്ളിത്തിരയില്‍ എത്തുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2023ൽ റിലീസ് ചെയ്യും.

logo
The Fourth
www.thefourthnews.in