നാദവ് ലാപിഡ്
നാദവ് ലാപിഡ്

''ആശങ്കയുണ്ടായിരുന്നു, ആരെങ്കിലും തുറന്ന് പറയണമെന്ന് തോന്നി''; കശ്മീർ ഫയല്‍സ് വിവാദത്തില്‍ നാദവ് ലാപിഡ്

തന്റെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായും നദവ് ലാപിഡ് പറഞ്ഞു

ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ വിവേക് അഗ്നിഹോത്രി ചിത്രം കാശ്മീര്‍ ഫയല്‍സിനെ കുറിച്ചുള്ള പരാമർശങ്ങളില്‍ വിശദീകരണവുമായി ജൂറി ചെയര്‍മാനും ഇസ്രായേല്‍ ചലച്ചിത്ര സംവിധായകനുമായ നാദവ് ലാപിഡ്. ആരെങ്കിലും തുറന്നുപറയേണ്ടതുണ്ട് എന്ന് തോന്നിയതിനാലാണ് ആശങ്കകൾക്കിടയിലും താൻ അഭിപ്രായം തുറന്നുപറഞ്ഞതെന്ന് നാദവ് ലാപിഡ് വ്യക്തമാക്കി. തന്റെ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നതായും നദവ് ലാപിഡ് പറഞ്ഞു.

53ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന ചടങ്ങിലാണ് നാദവ് ലാപിഡ് കശ്മീർ ഫയല്‍സിനെതിരെ പരസ്യ വിമര്‍ശനം ഉന്നയിച്ചത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ കശ്മീര്‍ ഫയല്‍സ് ഇടം നേടിയത് ശരിക്കും ഞങ്ങളെ ഞെട്ടിച്ചുവെന്നും ഇതുപോലുള്ള സിനിമ ഒരിക്കലും മേളകള്‍ക്ക് ചേര്‍ന്നതല്ലെന്നുമായിരുന്നു ലാപിഡിന്റെ പരാമർശം. അശ്ലീല നിർമ്മിതിയായ ഇത്തരം ചിത്രങ്ങൾ മേളയിൽ ഉൾപ്പെടുത്തുന്നത് പരിഹാസ്യമാണ്. ഗോവ ചലച്ചിത്ര മേള പോലെയുള്ള അഭിമാനകരമായ മേളയിലെ കലാപരവും മത്സരപരവുമായ ഒരു വിഭാഗത്തിന് അനുചിതമായ, ഒരു പ്രൊപ്പഗാൻഡ സിനിമയായി കശ്മീർ ഫയല്‍സിനെ ഞങ്ങൾക്ക് തോന്നിയെന്നും അദ്ദേഹം തുറന്നടിച്ചു.

ലാപിഡിന്റെ പരാമർശം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്ത് വന്നു. എന്നാൽ അന്താരാഷ്ട്ര ജൂറിയുടെ തലവൻ എന്ന നിലയിൽ തന്റെ അഭിപ്രായം പറയേണ്ടത് തന്റെ കടമയാണെന്നായിരുന്നു ലാപിഡിന്റെ മറുപടി. തന്റെ അഭിപ്രായം തന്നെയായിരുന്നു മറ്റ് ജൂറി അംഗങ്ങൾക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിനെതിരെ അത്തരത്തിലൊരു പരാമർശം നടത്തുന്നതിന് മുൻപ് തനിക്ക് ആശങ്കയുണ്ടായിരുന്നു.

ചലച്ചിത്രമേള രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ടും ഒപ്പമുള്ളത് സര്‍ക്കാരിനെ പ്രശംസിക്കുന്ന ജനങ്ങളുമായതിനാല്‍ അഭിപ്രായം തുറന്നു പറയുകയെന്നത് എളുപ്പമായിരുന്നില്ല. അഥിതിയായാണ് താന്‍ അവിടെ എത്തിയത്. മാത്രമല്ല ജൂറി ചെയര്‍മാനുമാണ്. ഇവിടെയുള്ളവര്‍ മാന്യമായാണ് തന്നെ പരിഗണിച്ചത്. എന്നിട്ടും ചലച്ചിത്രമേളയില്‍ കാശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ചപ്പോള്‍ ഭയവും ആശങ്കയും ഉണ്ടായിരുന്നു. അഭിപ്രായം തുറന്നു പറഞ്ഞതിനാല്‍ തന്നെ വളരെ ആശങ്കയോടെ ആണ് ആ ദിവസം ചിലവഴിച്ചതെന്നും ലാപിഡ് പറഞ്ഞു.

നാദവ് ലാപിഡ്
കശ്മീര്‍ ഫയല്‍സിനെ മേളയില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ല; പരസ്യ വിമര്‍ശനവുമായി ജൂറി ചെയര്‍മാന്‍

അഭിപ്രായങ്ങള്‍ തുറന്നുപറയാൻ ശേഷി നഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ആരെങ്കിലുമൊക്കെ സത്യം തുറന്നു പറയേണ്ടതുണ്ട്. ഈ സിനിമ കണ്ടപ്പോൾ, അതിന്റെ ഇസ്രായേലി സാമ്യത തനിക്ക് സങ്കൽപ്പിക്കാതിരിക്കാൻ കഴിഞ്ഞില്ല. അത് നിലവിലില്ലെങ്കിലും. അതിനാലാണ് താന്‍ പ്രതികരിച്ചതെന്നും ലാപിഡ് വ്യക്തമാക്കി. സ്വയം പരിഷ്‌കരിക്കപ്പെടാത്ത ഒരിടത്തു നിന്നാണ് താന്‍ വരുന്നത്. അതിനാലാണ് സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്നു പറഞ്ഞതെന്നും ലാപിഡ് വ്യക്തമാക്കി.

നാദവ് ലാപിഡ്
കശ്മീർ ഫയൽസ് വിവാദത്തിൽ ക്ഷമ ചോദിച്ച് ഇസ്രായേൽ ; 'ഇന്ത്യയ്ക്ക് മുറിവേറ്റതിൽ ഖേദിക്കുന്നു'

അതിനിടെ ജൂറി ചെയർമാന്‌റെ പരാമർശത്തില്‍ ഇസ്രായേല്‍ ക്ഷമാപണം നടത്തിയിരുന്നു.  ഇന്ത്യയ്ക്ക് മുറിവേറ്റത്തിൽ ഖേദിക്കുന്നു. ചരിത്രപരമായ സംഭവങ്ങളെ കുറിച്ച് വ്യക്തമായ ധാരണയില്ലാതെ ജൂറി ചെയർമാനായ നാദവ് ലാപിഡ് പ്രതികരിക്കരുതായിരുന്നെന്നും സ്വന്തം പ്രതികരണത്തിൽ നാദവ് ലജ്ജിക്കണമെന്നും ഇസ്രായേലിന് വേണ്ടി അംബാസിഡർ നാവോർ ഗിലൻ പറഞ്ഞു.

logo
The Fourth
www.thefourthnews.in