ന്നാ താൻ കേസ് കൊട് പോസ്റ്റര്‍
ന്നാ താൻ കേസ് കൊട് പോസ്റ്റര്‍

'തീയേറ്ററിലേക്കുള്ള വഴിയിൽ കുഴിയുണ്ട് , എന്നാലും വന്നേക്കണേ'- 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പരസ്യത്തെ ചൊല്ലി വിവാദം

സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്ററിനെ ചൊല്ലി പോസ്റ്റുകളും ട്രോളുകളും

കുഞ്ചാക്കോ ബോബൻ നായകനാകുന്ന 'ന്നാ താൻ കേസ് കൊട്' സിനിമയുടെ പോസ്റ്ററിനെ ചൊല്ലി വിവാദം. മലയാള പത്രങ്ങളിലെല്ലാം ഇന്ന് നല്‍കിയ പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനമുയരുകയാണ്. 'തീയറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്നാണ് പരസ്യവാചകം. സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതാണ് പോസ്റ്ററെന്നാണ് വിമർശനം.

സംസ്ഥാനത്ത് മഴ കനത്തതോടെ റോഡിലെ കുഴിയെ ചൊല്ലിയുള്ള രാഷ്ട്രീയ വാക്പോരും ഉടലെടുത്തിരുന്നു. ഇതാണ് സിനിമാ പോസ്റ്റര്‍ വിവാദത്തിനും കാരണം. റോഡിലെ കുഴികളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിനോ കേന്ദ്രത്തിനോ എന്നതാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രധാന വാര്‍ത്ത പോലും.

ഇന്ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രമോഷനായി നൽകിയ പരസ്യവാചകം മാത്രമാണെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകരുടെ വിശദീകരണം. റോഡിലെ കുഴികളുമായി ബന്ധപ്പെട്ട വിഷയവും ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്ന് ട്രെയിലറിലും വ്യക്തമാണ്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ന്നാ താൻ കേസു കൊട്’.

ഏതെങ്കിലും സർക്കാരിനെ പറ്റി പരസ്യത്തിൽ സൂചിപ്പിക്കാത്തതിനാൽ പരിഹാസം സംസ്ഥാനത്തിനോ കേന്ദ്രത്തിനോ എന്ന ചർച്ചകളാണ് സൈബറിടത്തില്‍ നടക്കുന്നത്. സമൂഹമാധ്യമങ്ങളിലെ ഇടത് അനുകൂല പ്രൊഫൈലുകളിൽ സിനിമക്കെതിരെ കടുത്ത വിമർശനമാണുയരുന്നത്. ആവശ്യമില്ലാതെ സർക്കാരിനെ വലിച്ചിഴച്ചതിനാൽ സിനിമ ബഹിഷ്കരിക്കുമെന്ന് വരെ ഇക്കൂട്ടർ പറയുന്നു. എന്നാൽ ഇവർക്കെതിരെ വിമർശനവുമായി മറുപക്ഷവും പോസ്റ്റുകളും ട്രോളുകളും സജീവമാണ്.

പരസ്യം സര്‍ക്കാരിന് എതിരല്ല. പരസ്യം കണ്ടപ്പോള്‍ ചിരിച്ച് ആസ്വദിച്ചു
കുഞ്ചാക്കോ ബോബന്‍

പരസ്യം സര്‍ക്കാരിനെതിരല്ലെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ പ്രതികരണം. ഒരു സാമൂഹിക പ്രശ്‌നം സിനിമയുടെ കഥയെ ബന്ധപ്പെടുത്തി ഉന്നയിക്കുകയാണ് ചെയ്തത്. പരസ്യം കണ്ടപ്പോള്‍ ചിരിച്ച് ആസ്വദിച്ചു. കേരളത്തിലെയല്ല, തമിഴ്‌നാട്ടിലെ കുഴിയാണ് സിനിമയിലെ പ്രതിപാദ്യ വിഷയമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഇന്ന് തീയേറ്ററിലെത്തിയ ചിത്രത്തിന്റെ പ്രമോഷനായി നൽകിയ പരസ്യവാചകം മാത്രമാണെന്ന് സിനിമയുടെ അണിയറ പ്രവർത്തകരും വിശദീകരിച്ചു.

സിനിമയെയും പരസ്യത്തേയും ആ നിലയില്‍ കണ്ടാല്‍ മതി
പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്

സിനിമയെയും പരസ്യത്തേയും ആ നിലയില്‍ കണ്ടാല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. റോഡിലെ കുഴികള്‍ പണ്ടേയുള്ള പ്രശ്നമാണ്. അത് പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രിയാത്മക നിര്‍ദേശങ്ങളും വിമര്‍ശനങ്ങളും സ്വാഗതം ചെയ്യും. സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in