പ്രശസ്ത ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിൽ പലതിന്റെയും നിർമാണം ഗാന്ധിമതി ബാലനായിരുന്നു.

പ്രശസ്ത ചലച്ചിത്ര നിർമാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായ ഗാന്ധിമതി ബാലൻ (66)അന്തരിച്ചു. അസുഖത്തെത്തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊതുദർശനത്തിനുശേഷം സംസ്കാരം നാളെ വൈകിട്ട് ശാന്തികവാടത്തിൽ.

മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവാണ് ഗാന്ധിമതി ബാലൻ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'ഇത്തിരി നേരം ഒത്തിരി കാര്യം' എന്ന സിനിമയിലൂടെ നിർമാണരംഗത്ത് എത്തിയ അദ്ദേഹം പിന്നീട് ആദാമിന്റെ വാരിയെല്ല്, പഞ്ചവടിപ്പാലം, മൂന്നാം പക്കം, തൂവാനത്തുമ്പികൾ, സുഖമോ ദേവി, മാളൂട്ടി, നൊമ്പരത്തിപ്പൂവ്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, ഈ തണുത്ത വെളുപ്പാൻ കാലത്ത്, ഇരകൾ, പത്താമുദയം തുടങ്ങി മുപ്പതിലേറെ സിനിമകളുടെ നിർമാണവും വിതരണവും നിർവഹിച്ചു.

സ്ഫടികം, കിലുക്കം എന്നിവയുടെ നിർമാണച്ചുമതലയ്ക്കു നേതൃത്വം നൽകിയ അദ്ദേഹം തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ കൂടിയായിരുന്നു. ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു ഗാന്ധിമതി എന്നത്. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്തായിരുന്നു ബാലൻ തന്റെ പ്രവൃത്തിമണ്ഡലം വിപുലീകരിച്ചത്.

മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. 2015ൽ കേരളത്തിൽ ദേശീയ ഗെയിംസിന്റെ ഗെയിംസ് ചീഫ് ഓർഗനൈസറായിരുന്നു.

63-ാം വയസിൽ മകൾക്കൊപ്പം ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ചു. ആലിബൈയെ രാജ്യത്തെ ഒട്ടുമിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി അദ്ദേഹം വളർത്തി. ഇവന്റ്‌സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഉടമ കൂടിയായ ഗാന്ധിമതി ബാലൻ മികച്ച സംഘാടകൻ കൂടിയായിരുന്നു.

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു
ഇനി ഇരട്ടി ഇംപാക്ട്; വാക്വിൻ ഫീനിക്‌സിനൊപ്പം ലേഡി ഗാഗ, ജോക്കർ രണ്ടാം ഭാഗം ട്രെയ്‌ലർ പുറത്ത്

അനശ്വര സംവിധായകൻ പത്മരാജനൊപ്പം നിരവധി ചിത്രങ്ങൾ ചെയ്ത ഗാന്ധിമതി ബാലൻ അദ്ദേഹത്തിന്റെ മരണത്തോടെ പതിയെ സിനിമയിൽനിന്ന് പിന്മാറുകയായിരുന്നു. കൂടാതെ സാഹിത്യ, സാമൂഹിക, സാംസ്‌കാരിക വേദികളിലെ നിറ സാന്നിധ്യമായിരുന്നു ബാലൻ പ്ലാന്റേഷൻ, റിയൽ എസ്റ്റേറ്റ് ബിസിനസുകളിലും സജീവമായിരുന്നു.

പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമായ ഗാന്ധിമതി ബാലൻ 40 വർഷത്തിലേറെയായി തിരുവനന്തപുരത്തായിരുന്നു പ്രവർത്തിച്ചിരുന്നത്. വഴുതക്കാട്ടെ ആർടെക്ക് മീനാക്ഷിയിലായിരുന്നു താമസം.

ഭാര്യ: അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ- ആലിബൈ സൈബർ ഫോറൻസിക്‌സ്), അനന്ത പത്മനാഭൻ (മാനേജിങ് പാർട്ണർ - മെഡ്‌റൈഡ്, ഡയറക്ടർ-ലോക മെഡിസിറ്റി). മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ - ആലിബൈ സൈബർ ഫോറെൻസിക്‌സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് ആൻഡ് എക്‌സ്‌പോർട്‌സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).

logo
The Fourth
www.thefourthnews.in