'കെഎസ്എഫ്ഡിസി നിർമ്മിച്ച ചിത്രം  സെൻസർ സർട്ടിഫിക്കറ്റില്ലാതെ  പുരസ്കാരത്തിനയച്ചു': വലിയ പിഴവെന്ന് ജൂറി അംഗം

'കെഎസ്എഫ്ഡിസി നിർമ്മിച്ച ചിത്രം സെൻസർ സർട്ടിഫിക്കറ്റില്ലാതെ പുരസ്കാരത്തിനയച്ചു': വലിയ പിഴവെന്ന് ജൂറി അംഗം

കെഎസ്എഫ്ഡിസി പോലൊരു സർക്കാർ സ്ഥാപനം നിർമ്മിച്ച സിനിമ അവർ തന്നെ നാഷണൽ അവാർഡിന് അയക്കുമ്പോൾ അവർ കാണിക്കേണ്ട ഉത്തവാദിത്ത്വം എന്ത് കൊണ്ട് കാണിച്ചില്ലെന്നും സജിൻ ഫാസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സജിൻ ബാബു. കെഎസ്എഫ്ഡിസി നിർമ്മിച്ച വനിതാ സംവിധായികയുടെ ചിത്രം ദേശീയ പുരസ്കാരത്തിനയച്ചപ്പോൾ വന്ന ഗുരുതര പിഴവ് ചൂടിക്കട്ടിയാണ് സജിൻ ബാബുവിന്റെ ആരോപണം. കെ എസ് എഫ് ഡി സി നിർമിച്ച താരാ രാമാനുജന്റെ 'നിഷിദ്ദോ' എന്ന ചിത്രം ദേശീയ അവാർഡിന് അയച്ചത് കൃത്യമായ സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാതെയാണെന്ന് സജിൻ ആരോപിക്കുന്നു. പുരസ്കാരം ലഭിക്കാൻ സാധ്യതയുണ്ടായിരുന്ന ചിത്രം പരിഗണിക്കാൻ പോലും സാധിച്ചില്ലെന്ന് ജൂറി അംഗം കൂടിയായ സജിൻ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കെഎസ്എഫ്ഡിസി പോലൊരു സർക്കാർ സ്ഥാപനം നിർമ്മിച്ച സിനിമ അവർ തന്നെ നാഷണൽ അവാർഡിന് അയക്കുമ്പോൾ കാണിക്കേണ്ട ഉത്തവാദിത്ത്വം എന്ത് കൊണ്ട് കാണിച്ചില്ലെന്നും സജിൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു. വ്യക്തിപരമായോ, രാഷ്ട്രീയപരമായോ ആരോടെങ്കിലും ഉള്ള പകപോക്കലാണോ ഇതിന് പിന്നിലെന്നും ഇതിന് കൃത്യമായ മറുപടി തരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം-

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ വനിത സംവിധായകരെയും, മാർജിനലൈസ്ഡ് സമുദായങ്ങളിൽ നിന്നുള്ള ഫിലിം മേക്കേഴ്സിനെയും പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വർഷത്തിൽ നാല് ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി ഓരോ സിനിമക്കും ഒന്നര കോടി വച്ച് നൽകുന്ന പദ്ധതി കേരള സർക്കാർ ആവിഷ്ക്കരിച്ചത്‌ വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. ഈ പദ്ധതി നടപ്പിലാക്കിയത് മുതൽ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ തിരഞ്ഞെടുക്കപെട്ട വനിത സംവിധായികമാരിൽ പലരും KSFDC യെക്കുറിച്ച് പല പരാതികളും ഉന്നയിക്കുന്നതും ശ്രദ്ധയിൽ പെട്ടിരുന്നു. സർക്കാർ കാര്യങ്ങളിൽ പേപ്പർ വർക്കുകൾ ധാരാളം ഉള്ളതിനാലും അത് നടപ്പിലാക്കാൻ കാല താമസം ഉണ്ടാകുന്നതും ആയിരിക്കാം ഇതിന്റെ പിന്നിൽ എന്നാണ് വിചാരിച്ചിരുന്നത്.

ഈ പദ്ധതി പ്രകാരം നിർമ്മിക്കുന്ന സിനിമകളുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നത് ചിത്രജ്ഞലി lസ്റ്റുഡിയോയിൽ എന്നാണ് എന്റെ അറിവ്. കേരളത്തിൽ മറ്റ് ഏത് സ്റ്റുഡിയോകളിലും ഇല്ലാത്ത പല സൗകര്യങ്ങളും നല്ല ടെക്‌നീഷ്യൻസും അവിടെയുണ്ട്. ഒരു സിനിമ പൂർത്തിയാക്കി കഴിഞ്ഞാൽ ആദ്യ പടി അത് സെൻസർ ചെയ്യുക എന്നതാണ്. കേരളത്തിൽ സെൻസർ ബോർഡ് പ്രവർത്തിക്കുന്നതും KSFDC കോമ്പൗണ്ടിൽ തന്നെയാണ്. ഒരു ചിത്രം സെൻസർ ചെയ്യുന്നത് പ്രധാനമായും തിയറ്റർ റിലീസിനും, നാഷണൽ, സ്റ്റേറ്റ് അവാർഡുകൾക്ക് അയക്കാനും വേണ്ടിയാണ്. ഒരിക്കൽ ഒരു ചിത്രം സെൻസർ ചെയ്ത് കഴിഞ്ഞാൽ അതിന്റെ ഒരു ഫ്രെയിം പോലും മാറ്റാനോ ലെങ്ത് വ്യത്യാസം വരാനും പാടില്ല എന്നതാണ് സെൻസർ നിയമം. സ്വന്തം സിനിമകൾ സെൻസർ ചെയ്യുന്ന സമയത്ത് ഫ്രെയിമുകളുടെ ചെറിയ വ്യത്യാസങ്ങൾ വരുമ്പോഴും (ടെക്നിക്കൽ ) അത് കറക്റ്റ് ചെയ്യാനും, വീണ്ടും പുതിയ ഔട്ട്‌ എടുത്ത് കൊടുക്കാനും ഓടിയ അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.

ഇതൊക്കെ ഇവിടെ പറയുന്നതിന്റെ കാരണം ഇത്തവണ മലയാളം, തമിഴ് സിനിമകൾ തിരഞ്ഞെടുക്കുന്ന നാഷണൽ അവാർഡ് ജൂറിയിൽ ഒരു അംഗം ആകാൻ എനിക്കും അവസരം ലഭിച്ചു. അതിന്റ ഭാഗമായി ഡൽഹിയിൽ പോയി സിനിമകൾ കണ്ട് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ തന്നെ വിമൻ എമ്പവർമെന്റ് പദ്ധതി അനുസരിച്ചു KSFDC നിർമ്മിച്ച ഒരു സിനിമയും കാണാൻ ഇടയായി. ഇതേ ചിത്രം ഞാൻ മുമ്പ് ജൂറി അംഗമായിരുന്ന പല കമ്മറ്റികളിലും കണ്ടതും, ഇഷ്ട്ടപെട്ടതും തിരഞ്ഞെടുത്തതുമായ സിനിമയായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന ജൂറി അംഗങ്ങൾക്കും സിനിമ വളരെ ഇഷ്ടമായി. അപ്പോഴാണ് ഒരു മെമ്പർ ഇതിന്റെ ലെങ്ത് വ്യത്യാസത്തെ കുറിച്ചും, സെൻസർ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ കുറിച്ചും ശ്രദ്ധയിൽ പെടുത്തിയത്.

നാഷണൽ അവാർഡിനായി അയക്കുന്ന എല്ലാ പ്രൊഡ്യൂസർമാർക്കും അപേക്ഷയോടൊപ്പം കൂടെയുള്ള നിയമാവലി വായിച്ചാൽ എല്ലാം വ്യക്തമായി മനസ്സിലാകുന്നതാണ്. അവാർഡ് നിയമാവലിയിൽ വളരെ വ്യക്തമായി ഡ്യൂറേഷനെ കുറിച്ച് പറയുന്നുമുണ്ട്. ഓപ്പൺ DCP ഫോർമാറ്റിൽ ആണ് കൂടുതൽ ചിത്രങ്ങളും അവാർഡ് കമ്മറ്റിക്ക് മുന്നിൽ അയക്കുന്നത്. അത് തിയറ്റർ പ്രൊജക്റ്ററിൽ അപ്‌ലോഡ് (ആവറേജ് ഒന്നര മണിക്കൂർ എടുക്കും ലോഡ് ആകാൻ) ചെയ്തുമാണ് ചിത്രങ്ങൾ ജൂറി കാണുന്നത്. ഇത്തരത്തിൽ സമർപ്പിക്കുന്ന ചിത്രങ്ങളുടെ എണ്ണം 300 എണ്ണത്തിൽ കൂടുതൽ ആയതിനാൽ എല്ലാം പ്രൊഡ്യൂസർ സമർപ്പിക്കുന്ന അപേക്ഷയിലെ വിവരങ്ങൾ ആണ് ജൂറിക്കു മുന്നിൽ വരുന്നത്. എന്തെങ്കിലും തെറ്റായ വിവരങ്ങൾ ജൂറിക്കു അധികൃതരുടെ ശ്രദ്ധയിൽ പെടുത്തണം. അങ്ങനെ ഒരു ജൂറി അംഗം മേല്പറഞ്ഞ സിനിമയെ കുറിച്ച് സംശയം ഉന്നയിച്ച ഉടൻ തന്നെ പ്രൊജക്റ്റർ റൂമിൽ പോയി ചെക്ക് ചെയ്തപ്പോൾ ഞാനും കൂടെ ഉണ്ടായിരുന്നു.

ഏകദേശം മൂന്ന് മിനിറ്റോളം കുറവ് (വ്യത്യാസം) സിനിമക്ക് ഉള്ളതായും, സെൻസർ സർട്ടിഫിക്കറ്റ് പോലും വക്കാതെയാണ് KSFDC സിനിമ അയച്ചിരിക്കുന്നതെന്നും മനസ്സിലായി. ഫ്രെയിം റേറ്റ് മാറിയാൽ ചിലപ്പോൾ ഒരു മിനിറ്റിന്റെ ഒക്കെ വ്യത്യാസം വരാവുന്നതും അവിടെ ചെക്ക് ചെയ്തു. സ്വന്തമായി DCP ഉണ്ടാക്കാനും, എഡിറ്റ്‌ ചെയ്യാനും എല്ലാ സൗകര്യങ്ങളും ഉള്ള KSFDC യിൽ നിന്നും ഇങ്ങനെ ഒരു ഗുരുതരമായ പിഴവ് മനപ്പൂർവം ചെയ്യുക അല്ലാതെ വരാൻ ഒരു കാരണവും കാണുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. എന്തിനാണ് kSFDC ഇത് ചെയ്തത്? അത് നിഗൂഢമായി തോന്നുന്നു. ഈ ചിത്രം അവസാനത്തെ ദിവസമാണ് ജൂറിക്കു മുന്നിൽ സ്ക്രീൻ ചെയ്തിരുന്നതെങ്കിൽ എക്സ്പ്ലനേഷൻ പോലും ചോദിക്കാൻ കഴിയാതെ തള്ളി പോകുമായിരുന്നു.

ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നിർമ്മിച്ച ഒരു ചിത്രത്തിനോടും ഈ സിനിമയോടും,അതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാ ടെക്നീഷ്യൻമാരോടും കാണിക്കുന്ന വലിയ അനീതിയല്ലേ ഇത്? KSFDC പോലൊരു സർക്കാർ സ്ഥാപനം നിർമ്മിച്ച സിനിമ അവർ തന്നെ നാഷണൽ അവാർഡിന് അയക്കുമ്പോൾ (സംവിധാകർ അല്ല ഇവിടെ അവാർഡിന് അയക്കുന്നത്) അവർ കാണിക്കേണ്ട ഉത്തവാദിത്ത്വം എന്ത് കൊണ്ട് കാണിച്ചില്ല? അതോ വ്യക്തിപരമായോ, രാഷ്ട്രീയപരമായോ ആരോടെങ്കിലും ഉള്ള പകപോക്കലാണോ ഇതിന് പിന്നിൽ? അതുകൊണ്ട് KSFDC അധികൃതർ ഇതിന് മറുപടി പറയേണ്ടതാണ് എന്ന് മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്നു. ഇത് വെറും ആരോപണമല്ല. തെളിവും കയ്യിൽ വച്ചിട്ടാണ് എഴുതുന്നത്..

logo
The Fourth
www.thefourthnews.in