ഡിസംബർ പൊളിക്കും; ടൊവിനോ മുതൽ പ്രഭാസ് വരെ; വരാനിരിക്കുന്നത് ബിഗ് റിലീസുകൾ

ഡിസംബർ പൊളിക്കും; ടൊവിനോ മുതൽ പ്രഭാസ് വരെ; വരാനിരിക്കുന്നത് ബിഗ് റിലീസുകൾ

പ്രഭാസിന്റെ സലാർ ഡിസംബർ 22 ന് തീയേറ്ററുകളിലെത്തും

2023 അവസാനിക്കാൻ രണ്ടുമാസം മാത്രം ശേഷിക്കെ തമിഴിലും തെലുങ്കിലും മലയാളത്തിൽനിന്നുമായി വരാനിരിക്കുന്നത് വമ്പൻ റിലീസുകൾ. മോഹൻലാലിന്റെ ബറോസ്, ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ, പ്രഭാസിന്റെ സലാർ അങ്ങനെ നീളുന്നു പട്ടിക. ഇതിനുപുറമെ ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ നീണ്ടനിരയുമുണ്ട്. ആ പട്ടികയിലൂടെ ഒന്ന് എളുപ്പം കണ്ണോടിക്കാം.

അന്വേഷിപ്പിൻ കണ്ടെത്തും

കേരളത്തെ നടുക്കിയ രണ്ട് പ്രധാന കുറ്റകൃത്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇൻവെസ്റ്റിഗേഷൻ ത്രില്ലർ. ടൊവിനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന ചിത്രം, നവാഗതനായ ഡാർവിൻ കുര്യാക്കോസാണ് സംവിധാനം ചെയ്തിരിക്കുന്നത്. യൂഡ്‌ലീ ഫിലിംസ് നിർമിച്ച ചിത്രത്തിൽ ആധ്യ പ്രസാദ്, നെടുമുടി വേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ആക്ഷൻ സീക്വൻസുകളും സസ്‌പെൻസും നിറഞ്ഞ ചിത്രം ഡിസംബർ എട്ടിന് തീയേറ്ററുകളിലെത്തും

സലാർ പാർട്ട് 1- സീസ്‌ഫയർ

പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരുൾപ്പെടെ വൻ താരനിര അണിനിരക്കുന്ന തെലു​ഗു ചിത്രം. പ്രശാന്ത് നീലാണ് സംവിധാനം. മരണക്കിടക്കയിലുള്ള സുഹൃത്തിന് നൽകിയ വാക്ക് പാലിക്കാൻ എതിരാളികളായ ക്രിമിനൽ സംഘങ്ങളെ നേരിടുന്ന ഒരു സംഘത്തലവനെ കേന്ദ്രീകരിച്ചാണ് ചിത്രം. ഡിസംബർ 22 ന് തീയേറ്ററുകളിലെത്തും

ആനിമൽ

രൺബീർ കപൂർ നായകനായെത്തുന്ന ഹിന്ദി ക്രൈം ത്രില്ലർ. അർജുൻ റെഡ്ഡി, കബീ‍ർ സിങ് എ‌ന്നീ ചിത്രങ്ങൾക്കുശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രം. മാനസികമായും ശാരീരികമായും മകനെ പീഡിപ്പിക്കുന്ന അച്ഛനായാണ് അനിൽ കപൂർ ചിത്രത്തിലെത്തുന്നത്. രശ്മിക മന്ദാന, ത്രിപ്തി ദിമ്രി, ബോബി ഡിയോൾ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസംബർ ഒന്നിന് ചിത്രം തീയേറ്ററുകളിലെത്തും.

യോദ്ധ

സാഗർ ആംബ്രെയും പുഷ്‌കർ ഓജയും ചേർന്ന് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ. ഒരു വിമാനം ഹൈജാക്ക് ചെയ്യപ്പെടുന്നു. വിമാനത്തിലുണ്ടായിരുന്ന പട്ടാളക്കാരൻ അക്രമികളുമായി നടത്തുന്ന പോരാട്ടമാണ് കഥ. ധർമ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് മൽഹോത്രയും ദിഷാ പടാനിയും റാഷി ഖന്നയും പ്രധാന വേളങ്ങളിലെത്തുന്നു. ഡിസംബർ എട്ടിനാണ് റിലീസ്

ഡങ്കി

സഞ്ജുവിനുശേഷം രാജ്‌കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ചിത്രം. യുകെ, കാനഡ, യുഎസ് എന്നിവിടങ്ങളിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് അനധികൃതമായി പ്രവേശനനാനുമതി നൽകുന്നതിനെ അടിസ്ഥാനമാക്കിയാണ് ചിത്രം. ഷാരൂഖ് ഖാൻ, ദിയാ മിർസ, തപ്‌സി പന്നു, ബൊമൻ ഇറാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഡിസംബർ 22 ന് തീയേറ്ററുകളിലെത്തും.

logo
The Fourth
www.thefourthnews.in