'വൺസ് മോർ, ഒന്നല്ല പതിമൂന്ന് വട്ടം'; ചിത്രയോടൊപ്പം അരങ്ങേറിയ ഓർമകളുമായി ശരത്

'വൺസ് മോർ, ഒന്നല്ല പതിമൂന്ന് വട്ടം'; ചിത്രയോടൊപ്പം അരങ്ങേറിയ ഓർമകളുമായി ശരത്

എന്റെ കാൽമുട്ടുകൾ കൂട്ടിയിടിക്കുന്നത് കൺസോളിൽ ഇരുന്നവർക്ക് കേൾക്കാം. ഓർക്കസ്ട്രയിൽ അതുവരെ കേൾക്കാത്ത സൗണ്ടിങ് ഉള്ള ഒരു വാദ്യോപകരണമോ എന്നോർത്ത് അന്തംവിട്ടുകാണും ചിലരെങ്കിലും.

"വൺസ് മോർ'' കേട്ടാൽ അഭിമാന പുളകിതരാകാത്ത പാട്ടുകാരുണ്ടോ? പാടിനിർത്തിയ പാട്ട് ഒരിക്കൽ കൂടി പാടിക്കേൾക്കാനുള്ള ശ്രോതാവിന്റെ ആഗ്രഹം ഏത് ഗായകനെയാണ് ത്രില്ലടിപ്പിക്കാത്തത് ?

എന്നാൽ, മറിച്ചാണ് തന്റെ അനുഭവമെന്ന് പറയും ഗായകനും സംഗീത സംവിധായകനുമായ ശരത്. ജീവിതത്തിലാദ്യമായി ഒരു ചലച്ചിത്രഗാനം പാടി റെക്കോർഡ് ചെയ്യാൻ ചെന്നൈ തരംഗിണി സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ നിൽക്കുകയാണ് ശരത് -- "ഒന്നിങ്ങു വന്നെങ്കിൽ'' (1985) എന്ന ചിത്രത്തിലെ "ഡും ഡും ഡും സ്വരമേളം'' എന്ന യുഗ്മഗാനം. കൂടെപ്പാടുന്നത് സാക്ഷാൽ കെ എസ് ചിത്ര. ``വൺസ് മോർ'' ചിലപ്പോൾ ശിക്ഷയായും വരുമെന്ന് ആദ്യമായി തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ഒന്നും രണ്ടുമല്ല പതിമൂന്ന് വട്ടം.

വോയ്സ് ബൂത്തിലെ വിറച്ചുകൊണ്ടുള്ള നിൽപ്പ് ഇന്നുമുണ്ട് ശരത്തിന്റെ (അന്ന് സുജിത്) ഓർമയിൽ. ഫുൾ ഓർക്കസ്ട്രയുടെ അകമ്പടിയോടെ ആദ്യം പാടുകയല്ലേ? എന്റെ കാൽമുട്ടുകൾ കൂട്ടിയിടിക്കുന്നത് കൺസോളിൽ ഇരുന്നവർക്ക് കേൾക്കാം. ഓർക്കസ്ട്രയിൽ അതുവരെ കേൾക്കാത്ത സൗണ്ടിങ് ഉള്ള ഒരു വാദ്യോപകരണമോ എന്നോർത്ത് അന്തംവിട്ടുകാണും ചിലരെങ്കിലും.

ചിത്രയുടെ മുഖത്തേക്ക് അറിയാതെ നോക്കിപ്പോയപ്പോൾ അവിടെ സൗമ്യസുന്ദരമായ ഒരു മന്ദഹാസം മാത്രം. തളർച്ചയില്ല; പരാതിയില്ല; പരിഭവമില്ല

'വൺസ് മോർ, ഒന്നല്ല പതിമൂന്ന് വട്ടം'; ചിത്രയോടൊപ്പം അരങ്ങേറിയ ഓർമകളുമായി ശരത്
ചോരകൊണ്ട് എഴുതിയ കത്ത്, ദേഹമാസകലം ചിത്രയുടെ പേര് പച്ചകുത്തിയ തഞ്ചാവൂർക്കാരി; വാനമ്പാടിയുടെ ആരാധികമാര്‍

ആദ്യ ടേക്ക് വിറയലോടെ തന്നെ പാടി നവാഗത ഗായകൻ. വലിയ കുഴപ്പമില്ലാതെ പാടിത്തീർത്തല്ലോ എന്ന് സ്വയം സമാധാനിച്ചു നിന്നപ്പോൾ അതാ വരുന്നു സംഗീത സംവിധായകൻ ശ്യാം സാറിന്റെ ഘനഗംഭീര ശബ്ദത്തിലുള്ള കല്പന: "വൺസ് മോർ.''

ടേക്ക് നമ്പർ ടുവിലും ചിത്ര പതിവുപോലെ ഡബിൾ ഓക്കേ. പക്ഷേ സഹഗായകന്റെ വഞ്ചി തിരുനക്കരെ തന്നെ. എവിടെയൊക്കെയോ ചില്ലറ പാളിച്ചകൾ. പ്രതീക്ഷിച്ചപോലെ ശ്യാം സാറിന്റെ വൺസ് മോർ വിളി വീണ്ടും.

അടുത്ത ടേക്ക് മുതൽ പിഴവുകൾ തീർത്ത് പൂർവാധികം ആത്മവിശ്വാസത്തോടെ പാടിയെങ്കിലും കഥ പഴയതുതന്നെ. തൃപ്തി വരാതെ വൺസ് മോർ ആവർത്തിച്ചുകൊണ്ടിരുന്നു ശ്യാം സാർ- പതിമൂന്ന് വട്ടം. പതിനാലാം തവണ പാടിത്തീർന്നപ്പോൾ ഭാഗ്യവശാൽ വൺസ് മോർ പറഞ്ഞില്ല ശ്യാം സാർ. പാട്ട് ഓക്കേ ആയിരിക്കണം.

" ഏത് സംഗീത സംവിധായകന്റെയും സൗഭാഗ്യമാണ് ചിത്രച്ചേച്ചിയെപ്പോലൊരു ഗായിക."

സകല ദൈവങ്ങൾക്കും നന്ദി പറഞ്ഞ് നെറ്റിയിലെ വിയർപ്പ് തുടച്ച് വോയ്‌സ് ബൂത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ഗായകനെ ഞെട്ടിച്ചുകൊണ്ട് ശ്യാം സാറിന്റെ പരുക്കൻ ശബ്ദം വീണ്ടും: "ഫസ്റ്റ് ടേക്ക് ഓക്കേ...!'' പതിനാലിൽ ആദ്യത്തേതായിരുന്നുവത്രേ ബെസ്റ്റ്! കുറ്റം പറഞ്ഞുകൂടാ. തമ്മിൽ ഭേദം അതായി തോന്നിയിരിക്കണം അദ്ദേഹത്തിന്.

ചിരിയും കരച്ചിലും ഒരുമിച്ചാണ് വന്നതെന്ന് ശരത്. ഒപ്പം പാടിയ ചിത്രയുടെ മുഖത്തേക്ക് അറിയാതെ നോക്കിപ്പോയപ്പോൾ അവിടെ സൗമ്യസുന്ദരമായ ഒരു മന്ദഹാസം മാത്രം. തളർച്ചയില്ല; പരാതിയില്ല; പരിഭവമില്ല. വേണമെങ്കിൽ ഇനിയും ഒരു പതിനാല് തവണ കൂടി കൂൾ കൂളായി പാടിയേക്കാം എന്ന ഭാവം. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷവും ആ പുഞ്ചിരി അതേ ആത്മാർത്ഥതയോടെ, അതേ ആത്മവിശ്വാസത്തോടെ മുഖത്തും മനസ്സിലും സൂക്ഷിക്കുന്നു ചിത്ര. പകരം വെക്കാനില്ലാത്ത ഗായിക എന്ന് നമ്മൾ ഇന്നും ചിത്രയെ വിശേഷിപ്പിക്കുന്നതിന് വേറെ കാരണങ്ങൾ വേണോ?

പാടാൻ വന്ന സുജിത് പിന്നെ ശരത്തായി; മലയാളത്തിലെ മൗലികപ്രതിഭയുള്ള സംഗീത സംവിധായകനായി. റിയാലിറ്റി ഷോകളിലെ മിന്നും താരമായി. പക്ഷേ ചിത്രയുമായുളള ആദ്യ കൂടിക്കാഴ്ച്ചയുടെ ഓർമ ഇന്നും അതേ മിഴിവോടെ തെളിഞ്ഞുനിൽക്കുന്നു ശരത്തിന്റെ മനസ്സിൽ.

താത്കാലികമായ അഡ്ജസ്റ്റ്മെന്റുകൾക്കപ്പുറത്ത്, സുദീർഘ സഖ്യങ്ങളും സുതാര്യ സൗഹൃദങ്ങളും മഷിയിട്ട് നോക്കിയാൽ പോലും കാണാൻ കിട്ടാത്ത സിനിമയുടെ ലോകത്ത് ആഹ്ലാദം കലർന്ന അത്ഭുതമായി നിലനിൽക്കുന്നു ചിത്രയും ശരത്തും തമ്മിലുള്ള ആത്മബന്ധം. "ഏത് ഘട്ടങ്ങളിലും ഒരു സഹോദരനെപ്പോലെ എനിക്കൊപ്പം നിൽക്കുന്നയാളാണ് ശരത്. സന്തോഷത്തിലും സന്താപത്തിലുമെല്ലാം ഒപ്പമുള്ളയാൾ.''-- ചിത്ര പറയും. "സംഗീതജ്ഞൻ എന്ന നിലയിലാണെങ്കിൽ ശരിക്കും ജീനിയസ്. സ്വന്തം സൃഷ്ടിയെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് വളർത്തി കാലാതിവർത്തിയാക്കാൻ കഴിവുള്ള പ്രതിഭാശാലി.''

"ക്ഷണക്കത്ത്'' എന്ന ചിത്രത്തിൽ ശരത് സംഗീത സംവിധായകനായി അരങ്ങേറി. മനോഹരമായ രണ്ട് പാട്ടുകൾ ഉണ്ടായിരുന്നു ആ പടത്തിൽ ചിത്രക്ക് പാടാൻ. ആകാശദീപമെന്നുമുണരുമിടമായ് (യേശുദാസിനൊപ്പം) എന്ന യുഗ്മഗാനവും, മംഗളങ്ങളരുളും എന്ന സോളോയും.

രക്തബന്ധത്തേക്കാൾ തീവ്രമെന്ന് വിശേഷിപ്പിക്കും ചിത്രയുമായുള്ള ബന്ധത്തെ ശരത്. "കൂടപ്പിറപ്പുകൾ തമ്മിൽ പോലും ഇത്രയും ഗാഢവും ആത്മാർത്ഥവുമായുള്ള ബന്ധം ഉണ്ടാകുമോ എന്ന് തോന്നാറുണ്ട്. അമ്മയെപ്പോലെ, സഹോദരിയെപ്പോലെ, ഒരുപക്ഷേ അവരെക്കാളൊക്കെ എന്റെ ജീവിതത്തിൽ നിർണായക സ്വാധീനമാണ് ചേച്ചി. എന്നെ ശാസിക്കാനും ഗുണദോഷിക്കാനും അടിക്കാനും വരെ അർഹതയുള്ള ആൾ. മാനസികമായ ഈ പൊരുത്തം തന്നെയാവണം ഞങ്ങളൊരുമിക്കുന്ന ഗാനങ്ങളിലും പ്രതിഫലിച്ചിരിക്കുക.''

ആദ്യമായി സ്വതന്ത്ര സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൽ തന്നെ ചിത്രയെക്കൊണ്ട് രണ്ടുപാട്ട് പാടിച്ചു ശരത് -- ഒരു സോളോയും ഒരു ഡ്യൂയറ്റും. "അതൊരു തമിഴ് ചിത്രമായിരുന്നു. വെളിച്ചം കാണാൻ ഭാഗ്യമുണ്ടാകാതെ പോയ പടം. വൈരമുത്തു വഴിയാണ് ആ പടത്തിൽ അവസരം കിട്ടിയത്. എന്തുചെയ്യാം. റെക്കോഡിങ് കഴിഞ്ഞതും പ്രൊഡ്യൂസർ മുങ്ങിയതും ഒരുമിച്ച്. അമ്മയുടെ താലിമാല ഒഴികെയുള്ള സകല സ്ഥാവരജംഗമ വസ്തുക്കളും വിൽക്കേണ്ടിവന്നു ഗായകർക്കും ഓർക്കസ്ട്രക്കാർക്കും പ്രതിഫലം കൊടുത്തുതീർക്കാൻ..''-- ശരത് ചിരിക്കുന്നു.

ഭാഗ്യദോഷങ്ങളുടെ ആ നാളുകളിൽ ഇടയ്ക്ക് സംഗീത സംവിധായകൻ കണ്ണൂർ രാജന്റെ സഹായിയുടെ റോളും ഏറ്റെടുക്കാറുണ്ട് ശരത്. "മിക്ക റെക്കോർഡിങ്ങുകളിലും ചിത്രച്ചേച്ചിയെ പാട്ട് പാടിപ്പഠിപ്പിക്കുക ഞാനാണ്. അന്നൊന്നും ചേച്ചി എന്നെ ശ്രദ്ധിച്ചിരുന്നതായി തോന്നിയിട്ടില്ല. ആകെ മൂന്നേകാൽ അടി ഉയരവും 22 കിലോ തൂക്കവുമുള്ള, അധികമാരുടെയും കണ്ണിൽപ്പെടാത്ത ഒരുത്തനെ ചേച്ചിക്ക് ഓർത്തുവയ്ക്കേണ്ട കാര്യമില്ലല്ലോ. അങ്ങനെയിരിക്കെ ഞാനില്ലാത്ത ഒരു നാൾ ചേച്ചി സ്റ്റുഡിയോയിൽ വന്നപ്പോൾ എന്നെ പറ്റി അന്വേഷിച്ചു എന്ന് കണ്ണൂർ രാജന്റെ മകൾ (പിൽക്കാലത്ത് ശരത്തിന്റെ ഭാര്യ) പറഞ്ഞറിഞ്ഞപ്പോഴാണ് നമ്മുടെ സാന്നിധ്യം ശ്രദ്ധിക്കുന്നവരും നാട്ടിലുണ്ട് എന്ന് മനസ്സിലായത്.''

അധികം വൈകാതെ "ക്ഷണക്കത്ത്'' (1990) എന്ന ചിത്രത്തിൽ സംഗീത സംവിധായകനായി അരങ്ങേറുന്നു ശരത്. മനോഹരമായ രണ്ടു പാട്ടുകൾ ഉണ്ടായിരുന്നു ആ പടത്തിൽ ചിത്രക്ക് പാടാൻ: ആകാശദീപമെന്നുമുണരുമിടമായ് (യേശുദാസിനൊപ്പം) എന്ന യുഗ്മഗാനവും, മംഗളങ്ങളരുളും എന്ന സോളോയും.

പിന്നെ എത്രയെത്ര സുന്ദരഗാനങ്ങൾ: തച്ചോളി വർഗീസ് ചേകവരിലെ ''മാലേയം മാറോടലിഞ്ഞും'', സിന്ദൂരരേഖയിലെ "പ്രണതോസ്മി ഗുരുവായുപുരേശം'', തിരക്കഥയിലെ ''ഒടുവിലൊരു ശോണരേഖയായ്'', സാഗരം സാക്ഷിയിലെ ''നീലാകാശം തിലകക്കുറി ചാർത്തി'' (യേശുദാസിനൊപ്പം).... ജനപ്രീതി നേടിയ ആൽബം ഗാനങ്ങൾ വേറെ.

"ഏത് സംഗീത സംവിധായകന്റെയും സൗഭാഗ്യമാണ് ചിത്രച്ചേച്ചിയെപ്പോലൊരു ഗായിക"-- ശരത് പറയും. "കമ്പോസർ ഉദ്ദേശിക്കുന്ന ഭാവം എല്ലാ സൂക്ഷ്മതയോടെയും പൂർണതയോടെയും പകർത്താനുള്ള കഴിവാണ് ചേച്ചിയിൽ ഞാൻ കണ്ട ഏറ്റവും വലിയ പ്രത്യേകത. ആ തികവ് ലഭിക്കാൻ നമ്മൾ പാട്ട് പാടിക്കൊടുക്കണം എന്ന് മാത്രം." മാലേയം മാറോടലിഞ്ഞും എന്ന പാട്ടിന്റെ പിറവി ഉദാഹരണമായി എടുത്തുപറയുന്നു ശരത്. "ഇറോട്ടിക്ക് ഭാവമാണ് പാട്ടിൽ വേണ്ടത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഞാൻ അവയ്ക്ക് നൽകിയ സംഗീതവും അത്തരത്തിലാണ്. പക്ഷേ ഇക്കാര്യം വ്യക്തതയോടെ ചിത്ര ചേച്ചിയെ പറഞ്ഞു ബോധ്യപ്പെടുത്താൻ പരിമിതികളുണ്ട് എനിക്ക്. ഉദ്ദേശിക്കുന്ന ഭാവം എന്തെന്ന് ചേച്ചി മനസ്സിലാക്കണം എന്നുമില്ല."

ഒടുവിൽ പാടിത്തുടങ്ങിയപ്പോൾ പാട്ടിന് ഒരു ഗുരുവായൂരപ്പ ഭക്തിഗാനത്തിന്റെ ഫീൽ. "മഞ്ഞിൽ കുതിർന്നാടും പൊന്നിൻ ആട ഒന്നൊന്നായഴിഞ്ഞും നിന്റെ നെഞ്ചിൻ ചെണ്ടുമല്ലിപ്പൂവിൻ നേർത്ത ചേലക്കൂമ്പുലഞ്ഞും" എന്നൊക്കെ ഭക്തിഗാനത്തിന്റെ മൂഡിൽ പാടിയാൽ എങ്ങനെയുണ്ടാകും എന്നോർത്തുനോക്കൂ. യഥാർത്ഥ ഭാവം എന്തായിരിക്കണമെന്ന് പാടിത്തന്നെ ചിത്രയെ ബോധ്യപ്പെടുത്തുന്നു ശരത്. തെല്ലൊരു സങ്കോചത്തോടെയാണെങ്കിലും അതുൾക്കൊണ്ടു പാടി ചിത്ര. "മാലേയം" ശരത് -- ചിത്ര സഖ്യത്തിന്റെ ക്ലാസ്സിക് ഗാനങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

logo
The Fourth
www.thefourthnews.in