ഗൗതം മേനോന്റെ ഡ്യുവല്‍ ഹീറോ ചിത്രം; 
വിജയ് സേതുപതിയും അഭിഷേക് ബച്ചനും ഒന്നിക്കുന്നു

ഗൗതം മേനോന്റെ ഡ്യുവല്‍ ഹീറോ ചിത്രം; വിജയ് സേതുപതിയും അഭിഷേക് ബച്ചനും ഒന്നിക്കുന്നു

അഭിഷേക് ബച്ചൻ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്

മനോഹരമായ അഭിനയ മുഹൂർത്തങ്ങൾ‍ കൊണ്ട് മികവ് തെളിയിച്ച താരങ്ങളാണ് വിജയ് സേതുപതിയും അഭിഷേക് ബച്ചനും. കോളിവുഡിലെയും ബോളിവുഡിലെയും സൂപ്പർഹിറ്റ് താരങ്ങൾ‍ ഗൗതം മേനോൻ ചിത്രത്തിലൂടെ ഒന്നിക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇരട്ട നായകരെ അവതരിപ്പിക്കുന്ന ബഹുഭാഷ ചിത്രമായിരിക്കും ഗൗതം മേനോന്റെ പുതിയ ചിത്രമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അഭിഷേക് ബച്ചൻ ഈ ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

ബിഗ് ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രം ആക്ഷൻ-ഡ്രാമ വിഭാഗത്തിൽ പെടുന്നതാണെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. വിജയ് സേതുപതിയുമായും അഭിഷേക് ബച്ചനുമായും ഗൗതം മേനോൻ ചർച്ച നടത്തിവരികയാണ്. എന്നാൽ കരാർ ഒപ്പിടുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ‍ സൂചിപ്പിച്ചു.

'വേണ്ടൂ തനിന്തത്ത് കാട്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമിക്കാനും സംവിധായകന് പദ്ധതിയുള്ളതായി സൂചനയുണ്ട്

ഗൗതം മേനോന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ഗ്യാങ്‌സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമായ 'വേണ്ടൂ തനിന്തത്ത് കാട്' വൻ ഹിറ്റായിരുന്നു. സംവിധായകനൊപ്പം നടൻ കൂടിയായ ഗൗതം മേനോൻ ഇപ്പോള്‍ ഷൂട്ടിങ് തിരക്കുകളിലായതിനാല്‍ ചിത്രം തുടങ്ങാൻ വൈകിയേക്കും. 'വേണ്ടൂ തനിന്തത്ത് കാട്' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം നിർമിക്കാനും സംവിധായകന് പദ്ധതിയുള്ളതായി സൂചനയുണ്ട്. ഗൗതം മേനോന്റെ സംവിധാനത്തില്‍ ചിയാൻ വിക്രം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായ 'ധ്രുവനച്ചത്തിരം' അവസാനഘട്ടത്തിലാണ്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

കാശ്മീരിൽ ലോകേഷ് കനകരാജ് ചിത്രമായ ലിയോയുടെ ചിത്രീകരണത്തിലാണ് ഗൗതം മേനോൻ ഇപ്പോൾ. വിജയ് നായകനാകുന്ന ചിത്രത്തിൽ ഗൗതം മേനോൻ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. പാൻ-ഇന്ത്യൻ ആക്ഷൻ ഡ്രാമാ ചിത്രമായ 'ലിയോ'യിൽ തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, മിഷ്‌കിൻ, മൻസൂർ അലി ഖാൻ, മാത്യു തോമസ് എന്നിവരും നിർണായക വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in