'അഖില്‍ പറഞ്ഞു, ബിഗ് ബിയിലെ ഉമ്മയെ പോലെ ഒരാളെ വേണം'; പാച്ചുവിന്‌റെ 'അദ്ഭുതവിളക്കി'നെ കണ്ടെത്തിയ കഥയുമായി
ഗായത്രി സ്മിത

'അഖില്‍ പറഞ്ഞു, ബിഗ് ബിയിലെ ഉമ്മയെ പോലെ ഒരാളെ വേണം'; പാച്ചുവിന്‌റെ 'അദ്ഭുതവിളക്കി'നെ കണ്ടെത്തിയ കഥയുമായി ഗായത്രി സ്മിത

നഫീസ അലിയെ പോലെ ഒരാൾ, പക്ഷേ പുതുമുഖം ആവണം, മലയാളം സംസാരിക്കണം, ഇതായിരുന്നു അഖിലിന്റെ ആവശ്യം

'പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രം കണ്ടവർക്ക് അറിയാം, റിയാസിന്റെ ഉമ്മയാണ് ആണ് ആ ചിത്രത്തിന്റെ നെടുംതൂണ്. ഉമ്മയായി വിജി വെങ്കടേഷിനെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധം ആ കഥാപാത്രത്തെ അവർ അനശ്വരമാക്കി. സംവിധായകൻ അഖിൽ സത്യൻ ആഗ്രഹിച്ച പോലെ, മനസിൽ കണ്ട പോലെ തന്നെയുള്ള ആ ഉമ്മയെ കണ്ടെത്തിയത് ഒരു കാസ്റ്റിങ് ഡയറക്ടറാണ്. ആന്ധ്ര സ്വദേശിയായ, ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഗായത്രി സ്മിത. പത്തുവർഷമായി പരസ്യ രംഗത്ത് കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിക്കുന്ന ഗായത്രിയുടെ ആദ്യ സിനിമയാണ് പാച്ചു. ഉമ്മയെ കണ്ടെത്തിയ രസകരമായ കഥ പങ്കുവച്ച് ഗായത്രി ...

ബിഗ് ബി യിലെ നഫീസ അലിയെ പോലെ ഒരാൾ, പക്ഷേ പുതുമുഖം ആവണം, മലയാളം സംസാരിക്കണം ...

2019 ലാണ് പാച്ചുവിന് വേണ്ടി അഖിൽ വിളിക്കുന്നത്, ചിത്രത്തിലെ കാസ്റ്റിങ് ഡയറക്ടറായി. അഖിൽ ബാഗ്ലൂരിൽ വന്നു, കഥ പറഞ്ഞു , നഫീസ അലിയെ പോലെ ഒരാൾ ആവണം ഉമ്മ എന്നതായിരുന്നു അഖിലിന്റെ ആവശ്യം, മുസ്ലീം ആയ, മലയാളം സംസാരിക്കുന്ന, (അത്ര നന്നായി സംസാരിക്കേണ്ടതില്ല) ഒരു സ്ത്രീ കഥാപാത്രം, പുതുമുഖമാവും നല്ലത്, ഇതായിരുന്നു അഖിലിന്റെ ബ്രീഫ്. അഖിലിന്റെ വാക്കുകൾ തന്നെ വളരെ എക്സൈറ്റിങ് ആയിരുന്നു

ബാംഗ്ലൂരിലെ ഒരു കോഫി ഷോപ്പിലാണ് വിജിയെ ആദ്യമായി കാണുന്നത്

ഗൾഫിലൊക്കെ, കുറേയേറെ തിരഞ്ഞു, അങ്ങനെ ഒരാളെ കിട്ടുമോയെന്ന്. ആ സമയത്താണ് എന്റെ അസിസ്റ്റൻസ് വിജിയുടെ ഇൻസ്റ്റഗ്രാം പ്രൊഫൈൽ എന്നെ കാണിക്കുന്നത്, ഒരു നിയോഗം പോലെ. സത്യത്തിൽ അതിനും ഒരു വർഷം മുൻപ് ഞാൻ വിജിയെ നേരിൽ കണ്ടിട്ടുണ്ട്. ബാംഗ്ലൂരിലെ സ്ലേ ഗ്രാനി എന്ന കോഫി ഷോപ്പിലാണ് വിജിയെ (വിജി വെങ്കടേഷ്) ആദ്യമായി കാണുന്നത്. വിജി ഒരിടത്തേക്ക് കയറി വന്നാൽ നമ്മൾ എല്ലാവരും ഒന്നും നോക്കും, അങ്ങനെ ഒരു പേഴ്സണാലിറ്റി ആണ് അവരുടേത്. അന്ന് പക്ഷേ സംസാരിച്ചൊന്നുമില്ല, ഏതെങ്കിലും പരസ്യചിത്രത്തിലേക്ക് വിളിക്കണം എന്നും വിചാരിച്ചു

സത്യൻ അന്തിക്കാട് സാറിന്റെ മോഹൻലാൽ- മഞ്ജു വാര്യർ സിനിമയിൽ ഒരു കഥാപാത്രം ചെയ്യാനാണ് അഖിൽ ആദ്യം വിളിക്കുന്നത്

പിന്നീട് എപ്പഴോ, ഇൻസ്റ്റഗ്രാമിൽ വിജിയുടെ പ്രൊഫൈൽ ശ്രദ്ധിച്ചിരുന്നു. വ്ളോഗറോ, ഇൻഫ്ലുവൻസറോ മറ്റോ ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. എന്റെ അസിസ്റ്റൻസ് പ്രൊഫൈൽ കാണിച്ചപ്പോൾ എല്ലാം വീണ്ടും ഓർമ്മ വന്നു , ഇതിലും ആപ്റ്റ് ആയ വേറെ ഒരാൾ ഉണ്ടാവില്ലെന്ന് തോന്നി. അപ്പോൾ തന്നെ വിജിക്ക് ഇൻസ്റ്റയിൽ മെസേജ് അയച്ചു. ഒരാഴ്ചയ്ക്ക് ശേഷം മറുപടി വന്നു. 'അഭിനയിക്കാനൊക്കെ ഇഷ്ടമാണ്, മലയാളിയും ആണ്, പക്ഷേ മലയാളം കുറച്ചേ അറിയൂ, കാരണം മുംബൈയിലാണ് താമസിക്കുന്നത്'...എല്ലാം ആഗ്രഹിച്ചത് പോലെ തന്നെ, വിജിയോട് മലയാളത്തിൽ ഒരു ഇൻട്രോ വീഡിയോ അയക്കാമോ എന്ന് ചോദിച്ചു, വീഡിയോ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു. ' എന്നേക്കാൾ നല്ല വേറെ ഒരാളെ കണ്ടെത്താനാകുമോ എന്ന് നോക്കൂ, ഇല്ലെങ്കിൽ ഞാൻ ശ്രമിക്കാം' എന്നായിരുന്നു വിജിയുടെ പ്രതികരണം. വിജിയെക്കാൾ ആ കഥാപാത്രത്തിന് ചേരുന്ന മറ്റൊരാളെ ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ല, കാരണം വിജി അത്രമേൽ ആപ്റ്റ് ആയിരുന്നു

ഉമ്മയെ കണ്ടെത്തുക വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു, പുതുമുഖങ്ങളെ കണ്ടെത്തുന്ന ആ പ്രൊസസ് ആസ്വദിക്കുന്നു

പിന്നെ വളരെ വേഗത്തിൽ അഖിലുമായുള്ള വിജിയുടെ കൂടിക്കാഴ്ച നടന്നു. അർബുദ രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന വിജി, നിധിയുടെ കഥ കേട്ട് വികാരാധീനയായി. കഥ ഇഷ്ടപ്പെട്ടു, സ്ക്രീൻ ടെസ്റ്റ് ഓകെയായി, വിജി റിയാസിന്റെ, പാച്ചുവിന്റെ ഉമ്മയായി

ആദ്യ സിനിമ പാച്ചു

അഖിലിനെ ( സംവിധായകൻ അഖിൽ സത്യൻ ) കഴിഞ്ഞ പത്തുവർഷമായി അറിയാം. ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. സത്യൻ അന്തിക്കാട് സാറിന്റെ മോഹൻലാൽ- മഞ്ജു വാര്യർ സിനിമയിൽ ഒരു കഥാപാത്രം ചെയ്യാനാണ് അഖിൽ ആദ്യം വിളിക്കുന്നത്. അഭിനയമല്ല, കാസ്റ്റിങ് ആണ് മേഖല എന്ന് അന്നേ അഖിലിനോട് പറഞ്ഞിരുന്നു. അന്നുമുതൽ നമ്മൾ തമ്മിൽ ബന്ധമുണ്ട്.

പാച്ചുവിലേക്ക് വിളിക്കുമ്പോൾ അഖിൽ പറഞ്ഞു, ഒരു സിനിമ ചെയ്യാൻ പോകുന്നു , എനിക്ക് ഒരു കാസ്റ്റിങ് ഡയറക്ടറെ വേണം, ഫഹദ് ആണ് നായകൻ (ഫഹദ് ഒരു എക്സൈറ്റിങ് ഫാക്ടർ ആയിരുന്നു ) മലയാളത്തിൽ നിന്ന് അല്ലാത്ത കുറച്ച് അഭിനേതാക്കളെ ആവശ്യമുണ്ട്. ഗോവ, ബോംബെ എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ... അപ്പോൾ തന്നെ ഓകെ പറഞ്ഞു. അങ്ങനെ അഖിൽ കഥയൊക്കെ പറഞ്ഞു തന്നു. ഉമ്മയെ കണ്ടെത്തുക എന്നത് ഒരു വെല്ലുവിളിയാണെന്ന് അറിയാമായിരുന്നു, പക്ഷേ പുതിയ മുഖങ്ങളെ കണ്ടെത്തുകയെന്നത് എപ്പോഴും എനിക്ക് ഇഷ്ടമാണ്.

'നിധി' പോലെ ധ്വനി

കഥ കേട്ടപ്പോൾ തന്നെ നിധിയായി മനസിലേക്ക് വന്നത് ധ്വനിയാണ്. ഫോണിൽ ധ്വനിയുടെ ഫോട്ടോ കാണിച്ചപ്പോൾ അഖിലിനും ഓക്കെ. ഓഡിഷൻ നടത്തി... ധ്വനി രാജേഷ് നിധിയായി മാറി

പത്തുവർഷമായി പരസ്യമേഖലയിൽ

പത്തുവർഷമായി പരസ്യചിത്രമേഖലയിൽ കാസ്റ്റിങ് ഡയറക്ടറാണ്. പ്രകാശ് വര്‍മ്മയ്‌ക്കൊപ്പവും, നിർവാണ ഫിലിംസിനൊപ്പവും ചേർന്ന് നിരവധി പരസ്യചിത്രങ്ങൾക്കായി കാസ്റ്റിങ് ചെയ്തിട്ടുണ്ട്. വോഡഫോൺ, ഇൻക്രിഡിബിൾ ഇന്ത്യ തുടങ്ങി വലിയ ബ്രാൻഡുകൾക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.

പത്തുവർഷമായി കാസ്റ്റിങ് മേഖലയിലുണ്ടെങ്കിലും പരസ്യചിത്രങ്ങളാണ് കൂടുതലും ചെയ്തിട്ടുള്ളത്. പാച്ചു ആദ്യസിനിമയാണ്. സത്യത്തിൽ ഇന്ത്യൻ സിനിമയിൽ കാസ്റ്റിങ് ഡയറക്ടേഴ്സ് വളരെ കുറവാണ് കാരണം അസിസ്റ്റൻഡ് ഡയറക്ടഴേസ് തന്നെയാണ് മിക്കപ്പോഴും കാസ്റ്റിങും ചെയ്യുന്നത്. ഇപ്പോഴാണ് കാസ്റ്റിങ് ഡയക്ടറെ ഒക്കെ വയ്ക്കുന്നത്. വിദേശ സിനിമകളിലേത് പോലെ ഇന്ത്യൻ സിനിമയും കാസ്റ്റിങ് ഡയറക്ടേഴ്സിലൂടെ മാത്രം കഥാപാത്രങ്ങളെ കണ്ടെത്തുന്ന രീതിയിലേക്ക് മാറുമെന്നാണ് പ്രതീക്ഷ... കാരണം ഈ ജോലി ഇഷ്ടപ്പെട്ട് ചെയ്യുന്ന ഒരുപാട് പേരുണ്ട് ...

logo
The Fourth
www.thefourthnews.in