ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റുമായി പാർട്നർഷിപ്പ്, 
ഗോകുലം മൂവീസ് ഇനി തമിഴ്നാട്ടിലും; ആദ്യ ചിത്രം ജവാൻ

ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റുമായി പാർട്നർഷിപ്പ്, ഗോകുലം മൂവീസ് ഇനി തമിഴ്നാട്ടിലും; ആദ്യ ചിത്രം ജവാൻ

ജവാന്റെ കേരളത്തിലെ വിതരണാവകാശവും ഗോകുലം മൂവീസിനാണ്

പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ഷാരുഖ് ഖാൻ ചിത്രം ജവാന്റെ തമിഴ്‌നാട്, കേരള വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്. റെക്കോർഡ് തുകയ്ക്കാണ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള കമ്പനി വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തീയേറ്ററുകളില്‍ വലിയ വിജയം നേടിയ രജനികാന്ത് ചിത്രം ജയിലറും കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവീസ് തന്നെ. ഇതിനു പിന്നാലെയാണ് ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായ ജവാനും വിതരണാവകാശവും സ്വന്തമാക്കിയിരിക്കുന്നത്

മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബ്യുഷൻ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ജവാൻ തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്നത്. വിതരണാവകാശം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിക്കുമ്പോൾ പെർഫെക്‌ട്‌ ചിത്രത്തോടെ തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറയുന്നു. റെഡ് ജയന്റ് മൂവീസാണ് തമിഴ്‌നാട്ടിലെ ജവാന്റെ ഡിസ്ട്രിബ്യൂഷന്‍ പാർട്ണര്‍. കേരള ഡിസ്ട്രിബ്യൂഷന്‍ പാർട്ണര്‍ ഡ്രീം ബിഗ് ഫിലിംസാണ്.

സംവിധായകൻ അറ്റ്ലിയുടേയും ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാൻ പ്രതികാരത്തിന്റെ കഥയാണ് പറയുന്നത്. വിജയ് സേതുപതിയാണ് വില്ലൻ. പ്രിയാമണി, സാന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്യുക. സെപ്റ്റംബർ ഏഴിനാണ് ജവാൻ തീയേറ്ററുകളിലെത്തുക.

logo
The Fourth
www.thefourthnews.in