ഒടിടി റിലീസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ; സിനിമാ 
സംഘടനകളുടെ യോഗം വിളിച്ചു

ഒടിടി റിലീസിന് നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ; സിനിമാ സംഘടനകളുടെ യോഗം വിളിച്ചു

അടുത്ത ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം
Updated on
1 min read

മലയാള സിനിമകളുടെ ഒടിടി റിലീസിന് വ്യവസ്ഥയുണ്ടാക്കുന്നതിൽ നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് നൽകിയ പരാതിയിലാണ് സർക്കാർ നടപടി. വിഷയം ചർച്ച ചെയ്യാൻ വിവിധ സിനിമാ സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. അടുത്ത ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം ചേരുക

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രീബ്യൂട്ടേഴ്സ് അസോസിയേഷൻ, ഫിലിം ചേംബർ, ഫിയോക്ക് എന്നീ സംഘടനകളുടെ ഭാരവാഹികളെയാണ് യോഗത്തിലേക്ക് വിളിച്ചിരിക്കുന്നത്. മുഖ്യമന്ത്രി നേരിട്ട് വിളിച്ച് ചേർക്കുന്ന യോഗത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രിയും പങ്കെടുക്കും

നിലവിൽ തീയേറ്ററിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങൾ 30 ദിവസം കഴിയുമ്പോൾ ഒടിടിയിലെത്തും. ഈ കാലയളവ് 42 ദിവസമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഫിയോക്ക് മുഖ്യമന്ത്രിക്കും സാംസ്കാരിക വകുപ്പ് മന്ത്രിക്കും പരാതി നൽകിയത്. പലതവണ നിർമാതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടും നടപടിയില്ലാത്ത സാഹചര്യത്തിലാണ് സർക്കാരിനെ സമീപിച്ചതെന്ന് ഫിയോക്ക് പ്രതിനിധികൾ ദ ഫോർത്തിനോട് പറഞ്ഞു

ഒടിടി റിലീസ് 42 ദിവസമായി നീട്ടാതെ തീയേറ്റർ വ്യവസായം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നും ഫിയോക്ക് പ്രതിനിധികൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കോവിഡിന് മുൻപ് വരെ ഈ വ്യവസ്ഥ പാലിക്കപ്പെട്ടിരുന്നു, കോവിഡ് സമയത്ത് പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 30 ദിവസമാക്കി കുറച്ച് നൽകിയത്. എന്നാൽ ഇളവിനുള്ള കാലാവധി കഴിഞ്ഞ വർഷം മാർച്ചിൽ അവസാനിച്ചതായും ഫിയോക്ക് ചൂണ്ടിക്കാട്ടുന്നു. ഇളവിന്റെ കാലാവധി അവസാനിച്ചിട്ടും 30 ദിവസത്തിനുള്ളിൽ ഒടിടിക്ക് നൽകുന്ന രീതിയോട് യോജിക്കാനാകില്ലെന്നും ഫിയോക്ക് പ്രതിനിധികൾ പറയുന്നു

അടുത്തയിടെ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമായ 2018 എന്ന ചിത്രം തീയേറ്ററിൽ പ്രദർശനം തുടരുന്നതിനിടെ തന്നെ ഒടിടിയിലെത്തിയതിനെ ചൊല്ലി ഫിയോക്ക് രണ്ടുദിവസം തീയേറ്റർ അടച്ചിട്ട് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇടപെടൽ തേടി ഫിയോക്ക് സർക്കാരിനെ സമീപിച്ചിരിക്കുന്നത്

logo
The Fourth
www.thefourthnews.in