ആരാണ് ലിയോയിലെ പാട്ടെഴുതുന്ന ഹൈസെൻബെർഗ്?  അനിരുദ്ധോ അതോ ലോകേഷോ?അന്വേഷണവുമായി സോഷ്യൽ മീഡിയ

ആരാണ് ലിയോയിലെ പാട്ടെഴുതുന്ന ഹൈസെൻബെർഗ്? അനിരുദ്ധോ അതോ ലോകേഷോ?അന്വേഷണവുമായി സോഷ്യൽ മീഡിയ

ലിയോയിലെ 'ഓഡിനറി പേഴ്‌സൺ' എന്ന ഇംഗ്ലീഷ് ഗാനം പുറത്തുവന്നതോടെയാണ് ആരാണ് ഈ ഗാനം എഴുതിയ ഹൈസൻബെർഗ് എന്ന ചോദ്യവും ഉയർന്നുവന്നത്

ആരാണ് ഹൈസെൻബെർഗ് ? ഈ ചോദ്യത്തിന് പല ഉത്തരങ്ങളായിരിക്കും ആളുകൾക്ക് പറയാൻ ഉണ്ടാവുക. ലോക പ്രശസ്ത ശാസ്ത്രഞ്ജനായ വെർണർ ഹൈസൻബർഗിനെയും ഹിറ്റ് സീരിസായ ബ്രേക്കിംഗ് ബാഡിലെ വാൾട്ടർ വൈറ്റിനെയെല്ലാം ചിലർ ചൂണ്ടിക്കാട്ടും എന്നാൽ പാട്ടെഴുതുന്ന ഹൈസെൻബെർഗ് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

വിജയ് ചിത്രമായ ലിയോയിലെ 'ഓഡിനറി പേഴ്‌സൺ' എന്ന ഇംഗ്ലീഷ് ഗാനം പുറത്തുവന്നതോടെയാണ് ആരാണ് ഈ ഗാനം എഴുതിയ ഹൈസൻബെർഗ് എന്ന ചോദ്യവും ഉയർന്നുവന്നത്. ചിത്രത്തിലെ ബ്ലഡി സ്വീറ്റ് ഗാനവും ഹൈസൻബെർഗ് തന്നെയാണ് എഴുതിയിരിക്കുന്നത്. ഇതിന് പുറമെ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമിൽ 'വേസ്റ്റ്', 'വൺസ് അപ്പോണ്‍ എ ടൈം' എന്നീ ഇംഗ്ലീഷ് ഗാനങ്ങളും എഴുതിയത് ഹൈസൻബെർഗ് ആണ്.

എന്നാൽ ഇത് വെറും തൂലിക നാമമാണെന്നും ഇതിന് പിന്നിലുള്ളത് ആരാണെന്നുമാണ് ആരാധകർ അന്വേഷിച്ച് ഇറങ്ങിയിരിക്കുന്നത്. അനിരുദ്ധ് തന്നെയാണ് ഹൈസൻബെർഗ് എന്നാണ് ഒരു കൂട്ടം ആരാധകർ പറയുന്നത്. അനിരുദ്ധ് കടുത്ത ബ്രേക്കിംഗ് ബാഡ് ആരാധകനാണെന്നുള്ളതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഗാനം എഴുതിയത് അനിരുദ്ധ് അല്ലെന്നും അനിയുടെ ബാൻഡിൽ പ്രവർത്തിക്കുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അനിയുടെ സുഹൃത്താണ് ഹൈസൻബെർഗ് എന്നും ആരാധകർ പറയുന്നുണ്ട്.

ഇന്നാൽ ഇവർ രണ്ടുപേരും അല്ല സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ഇതെന്നും അല്ല ലോകേഷിന്റെ ചിത്രങ്ങളിലെ മറ്റുഗാനങ്ങൾ എന്ന പോലെ തന്നെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർമാരിൽ ഒരാളാണ് ഹൈസൻബെർഗ് എന്നും ആരാധകർ പറയുന്നുണ്ട്. വിജയ്‌യുടെ മകൻ സഞ്ജയ് ആണ് ഈ ഗാനങ്ങൾക്ക് പിന്നിലെന്നും ചിലർ പറയുന്നു.

എന്നാൽ ഹൈസൻബെർഗ് അനിരുദ്ധ് തന്നെയാവാനാണ് സാധ്യതയെന്നാണ് കൂടുതൽ പേരും പറയുന്നത്. ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് അനിരുദ്ധ് തന്റെ സ്റ്റുഡിയോയെ അൽബുക്കർക് (Albuquerque) എന്ന പേരിട്ടാണ് വിശേഷിപ്പിക്കാറുള്ളത്. ബ്രേക്കിംഗ് ബാഡ് സീരിസിലെ കഥ നടക്കുന്നത് ന്യൂമെക്‌സിക്കോയിലെ ആൽബുകെർക്കിയിലാണ്. സ്വാഭാവികമായി ആൽബുക്കർക് ലെ ഹൈസൻബെർഗ് അനിരുദ്ധ് ആയിരിക്കുമെന്നാണ് ഫാൻസ് തിയറി.

ഷാരൂഖ് ചിത്രം ജവാനിലെ ഒരു ഗാനവും ഹെെസന്‍ബെര്‍ഗ് എഴുതിയത് ചൂണ്ടിക്കാട്ടിയാണ് ഇത് അനിരുദ്ധ് തന്നെയാണെന്ന് ആരാധകര്‍ ഉറപ്പിക്കുന്നത്. എന്നാല്‍ ആരാണ് ഹെെസന്‍ബെര്‍ഗ് എന്ന് തനിക്ക് അറിയില്ലെന്നും ഫോണിലൂടെയുള്ള പരിചയം മാത്രമേ തനിക്കുള്ളുവെന്നുമാണ് അനിരുദ്ധ് കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയില്‍ പറയുന്നത്.

അതേസമയം കളക്ഷൻ റെക്കോർഡുമായി ബോക്സോഫീസിൽ കുതിക്കുകയാണ് ലിയോ. കഴിഞ്ഞ ദിവസം അമേരിക്കൻ മാഗസീനായ വെറൈറ്റി പുറത്ത് വിട്ട റിപ്പോർട്ട് പ്രകാരം ആഗോള ബോക്സ് ഓഫീസിൽ ലിയനാർഡോ ഡികാപ്രിയോ ചിത്രം കില്ലേഴ്സ് ഓഫ് ദി ഫ്ളവർ മൂണിനെ ലിയോ പിന്നിലാക്കിയിരുന്നു.

ലിയോ അഞ്ചു ദിവസം കൊണ്ട് 400 കോടിയോളം രൂപ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. വിജയ് - തൃഷ ജോഡികൾ ഒരിടവേളക്ക് ശേഷം ഒന്നിച്ച ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ട്‌നർ.

logo
The Fourth
www.thefourthnews.in