നായകനാകുമ്പോഴല്ല, വില്ലനാകുമ്പോഴാണ് അയാളെ കൂടുതല്‍ പേടിക്കേണ്ടത്; വില്ലനിസം ഹീറോയിസമാക്കുന്ന ഫഫ മാജിക്

നായകനാകുമ്പോഴല്ല, വില്ലനാകുമ്പോഴാണ് അയാളെ കൂടുതല്‍ പേടിക്കേണ്ടത്; വില്ലനിസം ഹീറോയിസമാക്കുന്ന ഫഫ മാജിക്

നായക കഥാപാത്രങ്ങളെക്കാള്‍ ഫഹദ് ആഘോഷിക്കപ്പെടുന്നതും നെഗറ്റീവ് വേഷങ്ങളിലാണ്

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി, ജോജിയിലെ സൈക്കോ, പുഷ്പയിലെ എസ് പി ഭന്‍വര്‍ സിങ് ഷെഖാവത്, ഏറ്റവും ഒടുവില്‍ മാമന്നനിലെ രത്‌നവേല്‍... നെഗറ്റീവ് കഥാപാത്രങ്ങളായിട്ടും പ്രകടനം കൊണ്ട് നായകനെ പോലെയോ, നായകനെക്കാള്‍ മുകളിലോ ആഘോഷമായി മാറിയ, ആഘോഷമാക്കി മാറ്റിയ ഫഹദ് ഫാസില്‍ കഥാപാത്രങ്ങള്‍. ഒരുപക്ഷേ നായക കഥാപാത്രങ്ങളെക്കാള്‍ ഫഹദ് ആഘോഷിക്കപ്പെടുന്നതും നെഗറ്റീവ് വേഷങ്ങളിലാണ്.

കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മിയെപ്പോലെ ഒരാളെ ജീവിതത്തില്‍ കൂടെക്കൂട്ടാനോ കൂട്ടുപിടിക്കാനോ സാധിക്കില്ലെന്ന് ഉറപ്പുള്ളവര്‍ പോലും ഷമ്മി ഹീറോയാടായെന്ന് പറയുന്നത് നാം കേട്ടു. ആ ഡയലോഗും കഥാപാത്രവും വെറുതെയങ്ങ് ആഘോഷമായി മാറിയതല്ല, പല മനുഷ്യരിലും നാം കണ്ടിട്ടുള്ള ഷമ്മിയെ അതുപോലെ പ്രതിഫലിപ്പിച്ചാണ് ഫഹദ് ഷമ്മിയെ 'ഹീറോ'യാക്കിയത്

ഷേക്‌സ്പിയറിന്‌റെ മാക്ബത്തില്‍നിന്ന് പ്രചോദമുള്‍ക്കൊണ്ട് ശ്യാം പുഷ്‌കരനെഴുതി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി. നായകനോ, വില്ലനോയെന്ന് വിലയിരുത്താന്‍ പറ്റാത്ത കഥാപാത്രമാണ് ഫഹദിന്‌റേത് ...ആദ്യവസാനം ഇരട്ടമുഖത്തിനുള്ളില്‍ മറഞ്ഞിരുന്ന് ഓരോരുത്തരെയായി വകവരുത്തുമ്പോഴും പുലര്‍ത്തുന്ന സൈക്കിക്ക് നിസംഗത ക്ലൈമാക്‌സില്‍ പോലീസിന്‌റെ ചോദ്യം ചെയ്യലില്‍ വരെ തുടരുന്നു. സിനിമയ്ക്ക് അവസാനം പ്രേക്ഷകരിൽ അവശേഷിക്കുന്ന ദേഷ്യവും വെറുപ്പും വിസ്മയവും അമ്പരപ്പും തന്നെയാണ് ജോജി.

മൊട്ട ലുക്കും കട്ടിമീശയുമായി പ്രതിനായക വേഷത്തിലെത്തിയ പുഷ്പയിലെ എസ് പി ഭന്‍വര്‍ സിങ് ഷെഖാവത്, മേയ്ക്ക് ഓവറില്‍ മാത്രമല്ല ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചത്. അഴിമതിയും ക്രൂരതയും സ്വഭാവസവിശേഷതയാക്കി മാറ്റിയ പോലീസ് ഓഫീസറായി, അല്ലു അര്‍ജുന്‌റെ പുഷ്പയെ പോലും വെല്ലുന്ന പ്രകടനത്തിലും കൂടിയാണ്.

ഏറ്റവും ഒടുവില്‍ മാമന്നനിലെ രത്‌നവേല്‍, സവര്‍ണതയുടെ മടിത്തട്ടില്‍ സര്‍വാധികാരങ്ങളോടെ വാഴുന്ന, ജാതിവെറി തലയ്ക്ക് പിടിച്ച കഥാപാത്രം... കുതന്ത്രങ്ങളിലൂടെ അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന, പരാജയപ്പെട്ട മൃഗത്തെപ്പോലും ഏറ്റവും ക്രൂരമായി വേട്ടയാടുന്ന വെറുപ്പും അതിലേറെ ഭയവും തോന്നുന്ന, തോന്നിപ്പിക്കുന്ന പ്രകടനം, പഞ്ച് ഡയലോഗില്ല, മാസ് ബീജയമില്ല, തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളുമില്ല, പക്ഷേ അതിനെയെല്ലാം മറികടക്കുന്ന ഫഫ മാജിക്ക്...ആദ്യാവസാനം ഫഹദിലേക്കും രത്‌നവേലിലേക്കും മാത്രം ചുരുങ്ങിപ്പോയ മാമന്നന്‍... ജാതി രാഷ്ട്രീയത്തിനപ്പുറത്തേക്ക് രത്‌നവേല്‍ ആഘോഷിക്കപ്പെടുന്നതിന് കാരണം മറിച്ചല്ല. കഥാപാത്രമായുള്ള ഫഹദ് ഫാസിലിന്‌റെ അഴിഞ്ഞാട്ടമാണ് മാമന്നന്‌റെ നിർവചനം തന്നെ മാറ്റിയത്.

ആ നിലയ്ക്ക് നോക്കുമ്പോള്‍ ഫഹദിന്‌റെ തിരിച്ചുവരവ് ചിത്രമായ ചാപ്പാ കുരിശിലെ അര്‍ജുന്‍ പോലും വില്ലനിസത്തിന്‌റെ ഷേഡ്‌സുള്ള കഥാപാത്രമാണ്. ഡയമണ്ട് നെക്ലേസിലെ ഡോക്ടര്‍ അരുണ്‍ കുമാര്‍, 22 ഫീമെയില്‍ കോട്ടയത്തിലെ സിറിള്‍, ഇയ്യോബിന്‌റെ പുസ്തകത്തിലെ അലോഷി ഇവരാരും നന്മനിറഞ്ഞവരോ നിഷ്‌കളങ്കരോ ആയിരുന്നില്ല ... ട്രാന്‍സ്, മാലിക്ക് ... എന്തിനേറെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെന്ന ചിത്രത്തിലെ കള്ളന്‍ വരെ.. പക്ഷേ അപ്പോഴും വില്ലന്‍ പ്രകടനത്തിലെ ലൗഡ്‌നെസ് ഈ കഥാപാത്രങ്ങളില്‍ കാണാനുമില്ല. അവിടെയാണ് വില്ലനും നായകനുമായ ഫഹദ് ഫാസില്‍ തികച്ചും വേറിട്ടുനില്‍ക്കുന്നത്.

സ്വയം നവീകരിച്ചും തിരുത്തിയും കൂടുതല്‍ മെച്ചപ്പെട്ട അഭിനേതാവായി മാറുന്ന, മാറാന്‍ ശ്രമിക്കുന്ന, ഫഹദ് വില്ലനാകുന്ന ചിത്രങ്ങളിൽ, നായകന്‍മാര്‍ ഉറപ്പായും കൂടുതല്‍ പരിശ്രമിക്കേണ്ടിവരും, വില്ലന് മുകളില്‍ നില്‍ക്കുന്ന ഹീറോയാകാനും പ്രകടത്തില്‍ ചോദ്യം ചെയ്യാപ്പെടാത്ത നായകനാകാനും. അതുകൊണ്ട് തന്നെ നായകനാകുമ്പോഴല്ല, വില്ലനാകുമ്പോഴാണ് അയാളെ കൂടുതല്‍ മറ്റുതാരങ്ങൾ പേടിക്കേണ്ടത്...

logo
The Fourth
www.thefourthnews.in