സമ്മർ ഇൻ ബത്ലഹേമിലെ രണ്ട് സീനുകൾ നീക്കം ചെയ്തത് തീയേറ്ററിലെത്തിയ ശേഷം; കാരണം പറഞ്ഞ് സംവിധായകൻ സിബി മലയിൽ

സമ്മർ ഇൻ ബത്ലഹേമിലെ രണ്ട് സീനുകൾ നീക്കം ചെയ്തത് തീയേറ്ററിലെത്തിയ ശേഷം; കാരണം പറഞ്ഞ് സംവിധായകൻ സിബി മലയിൽ

സമ്മർ ഇൻ ബത്ലഹേമിന്റെ കഥ പറഞ്ഞപ്പോൾ അഭിനയം നിർത്താൻ ആലോചിക്കുകയാണെന്നായിരുന്നു മഞ്ജു വാര്യരുടെ ആദ്യ പ്രതികരണം

മലയാളത്തിലെ എക്കാലത്തേയും കളർഫുൾ മ്യൂസിക്കൽ ഫാമിലി എന്റർടെയ്നറാണ് സമ്മർ ഇൻ ബത്ലഹേം. 1998 സെപ്റ്റംബർ 4 ന് ഓണക്കാല ചിത്രമായാണ് സമ്മർ ഇൻ ബത്ലഹേം പ്രേക്ഷകരിലേക്കെത്തിയത്. 25 വർഷങ്ങൾക്കിപ്പുറവും ആമിയും ഡെന്നീസും നിരഞ്ജനും രവിയും മോനായിയുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി തുടരുമ്പോൾ, തമിഴിൽ ആലോചിച്ച ചിത്രം എങ്ങനെ മലയാളത്തിലേക്ക് മാറ്റിയെന്നും, തീയേറ്ററിലെത്തിയ ശേഷം വെട്ടി മാറ്റിയ സീനുകളെ കുറിച്ചും, പന്ത്രണ്ട് വർഷം മുൻപ് ആലോചിച്ച രണ്ടാംഭാഗം എന്തുകൊണ്ട് നടന്നില്ലെന്നതുമടക്കമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ സിബി മലയിൽ

ഹം ആപ് കേ കോനിൽ നിന്ന് സമ്മർ ഇൻ ബത്ലഹേമിലേക്ക്

നിർമാതാവ് കെ ടി കുഞ്ഞുമോൻ തമിഴിൽ കാതലൻ, ജെന്റിൽമാൻ ഒക്കെ ചെയ്ത് ഹിറ്റായി നിൽക്കുന്ന സമയമാണ്. അദ്ദേഹമാണ് എന്നോട് മലയാള സിനിമയ്ക്കായി ഒരു കഥ ആലോചിക്കാൻ പറയുന്നത്. ഞാൻ രഞ്ജിത്തിനേയും കൂടെ കൂട്ടി. ഞങ്ങൾ അന്ന് ചെന്നൈയിൽ താമസിച്ചാണ് കഥ ആലോചിക്കുന്നത്. അങ്ങനെ ഒരു ദിവസം ഞാനും രഞ്ജിത്തും കൂടി ഹം ആപ് കേ കോൻ എന്ന സിനിയ്ക്ക് പോയി. കണ്ടിറങ്ങിയപ്പോൾ ഞാൻ രഞ്ജിത്തിനോട് പറഞ്ഞു, 'മലയാളത്തിൽ ഇങ്ങനെ കളർഫുള്ളായ മ്യൂസിക്കൽ ഫാമിലി എന്റർടെയ്നർ ഇല്ലല്ലോ, നമ്മുക്ക് ഈ രീതിയിലൊരു സിനിമയെ കുറിച്ച് ആലോചിക്കാം', രഞ്ജിത്തിനും സമ്മതം. അങ്ങനെയാണ് കഥ ആലോചിച്ച് തുടങ്ങുന്നത്

ദേവദൂതനിലെ പൂവേ പൂവേ എന്ന ഗാനം തമിഴ് ചിത്രനായി ചിട്ടപ്പെടുത്തിയത്

പക്ഷേ കുഞ്ഞുമോന് കഥ ഇഷ്ടപ്പെട്ടില്ല, അദ്ദേഹം മാസ് ആക്ഷൻ പാക്ക്ഡ് സിനിമയാണ് പ്രതീക്ഷിച്ചത്. എന്റെ ഒരു ടേസ്റ്റിനൊട്ടും ശരിയാകില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് ആ ചിത്രത്തിൽ നിന്ന് പിൻമാറി. പകരം ഈ സിനിമ തമിഴിൽ ചെയ്യാൻ തീരുമാനിച്ചു. നൻപാ നൻപാ എന്ന് പേരിട്ട ചിത്രത്തിനായി രണ്ട് പാട്ട് ചിട്ടപ്പെടുത്തി, ഒരു പാട്ട് ചിത്രീകരിച്ചു. തമിഴിലും മഞ്ജു വാര്യർ ആയിരുന്നു ലീഡ് റോളിൽ. മഞ്ജുവും പ്രഭുവും ചേർന്നുള്ള ഒരു ഗാനം ചെന്നൈയിലാണ് ചിത്രീകരിച്ചത്. എന്നാൽ പിന്നീട് അത് പല കാരണങ്ങളാൽ ഉപേക്ഷിക്കേണ്ടി വന്നു. അതിൽ ഒരു പാട്ട് പിന്നീട് സമ്മർ ഇൻ ബത്ലഹേമിൽ ഉപയോഗിച്ചു. നൻപാ നൻപാ എന്ന് തുടങ്ങുന്ന ഗാനം പൂവേ പൂവേ എന്ന പേരിൽ ദേവദൂതനിൽ ഉൾപ്പെടുത്തി. നൻപാ നൻപാ ഉപേക്ഷിച്ച് രണ്ടാഴ്ച കൊണ്ടാണ് സമ്മർ ഇൻ ബത്ലഹേമിന്റെ ചിത്രീകരണം ആരംഭിച്ചത്

മഞ്ജുവിന്റെ ആ മറുപടി സത്യത്തിൽ എന്നെ ഞെട്ടിച്ചു, മഞ്ജു കരിയറിന്റെ പീക്കിലേക്ക് പോകുന്ന ഒരു ഘട്ടമായിരുന്നു അത്

കഥ ഇഷ്ടപ്പെട്ടു, പക്ഷേ അഭിനയം നിർത്തുന്നതിനേക്കുറിച്ചുള്ള ആലോചനയിലെന്ന് മഞ്ജു

പ്രണയവർണങ്ങളുടെ ഒരു പാട്ട് ചിത്രീകരിക്കുന്നതിനായി മഞ്ജു അടക്കം ഞങ്ങളെല്ലാം ചെന്നൈയിലാണ്. അവിടെ വച്ചാണ് മഞ്ജുവിനോട് സമ്മർ ഇൻ ബത്ലഹേമിന്റെ കഥ പറയുന്നത്, ആ ഘട്ടത്തിൽ തമിഴ് ചിത്രമാണ് ആലോചനയിൽ, തമിഴിലേക്കാണ് മഞ്ജുവിനെ വിളിക്കുന്നതും. കഥ മഞ്ജുവിന് ഇഷ്ടമായി, പക്ഷേ ഈ സമയത്ത് ഒരു അന്യഭാഷ സിനിമ ചെയ്യുന്ന കാര്യം ഒറ്റയ്ക്ക് തീരുമാനിക്കാനാകില്ലെന്നായിരുന്നു മഞ്ജുവിന്റെ മറുപടി. 'ഞാൻ ഒരു റിലേഷൻഷിപ്പിലാണ് , അദ്ദേഹത്തോട് കൂടി ചോദിക്കാതെ പുതിയ ഒരു സിനിമ കമ്മിറ്റ് ചെയ്യാനാകില്ല , പ്രത്യേകിച്ച് മറ്റൊരുഭാഷയിൽ, മാത്രമല്ല , ഉടനെ വിവാഹമുണ്ടാകും, അഭിനയം നിർത്തുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ് '... ഇതായിരുന്നു മഞ്ജുവിന്റെ മറുപടി

ചികിത്സയിലായിരുന്നത് കൊണ്ട് താടിയൊക്കെ വളർത്തി ഒരു സാത്വിക ഭാവത്തിൽ കഥാപാത്രത്തിന് വേണ്ട അതേ ലുക്കിലായിരുന്നു ലാൽ

ആ മറുപടി സത്യത്തിൽ എന്നെ ഞെട്ടിച്ചു, കാരണം മഞ്ജു കരിയറിന്റെ പീക്കിലേക്ക് പോകുന്ന ഒരു ഘട്ടമായിരുന്നു അത്. നിരവധി അവസരങ്ങൾ, മഞ്ജുവിന് വേണ്ടി മാത്രം എഴുതപ്പെടുന്ന കഥകൾ, അതും വെറും മൂന്ന് വർഷമേ ആയിട്ടുള്ളു അപ്പോൾ മഞ്ജു സിനിമയിൽ വന്നിട്ട്. പലതരത്തിൽ ഞാൻ ഇതൊക്കെ മഞ്ജുവിനോട് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. ഒരിക്കൽ ലോഹിതദാസ് എന്റെ മുന്നിൽ വച്ചാണ് മഞ്ജുവിനോട് പറഞ്ഞത് 'നീ അഭിനയത്തിനായി ഒഴിഞ്ഞുവയ്ക്കപ്പെട്ടവളാണ് ' എന്ന്. അതും ഞാൻ മഞ്ജുവിനെ ഓർമ്മിപ്പിച്ചു. പിറ്റേദിവസം രാവിലെ സിനിമ ചെയ്യാമെന്ന സമ്മതവുമായാണ് മഞ്ജു എത്തിയത്.

കഥ കേൾക്കാതെ നിരഞ്ജനാകാൻ വന്ന മോഹൻലാൽ

പെട്ടെന്ന് തുടങ്ങിയ സിനിമയായത് കൊണ്ട് തന്നെ ലൊക്കേഷനിൽ ഇരുന്നാണ് രഞ്ജിത്ത് തിരക്കഥ എഴുതിയിരുന്നത്. അതിനിടയിലാണ് നിരഞ്ജൻ എന്ന കഥാപാത്രവും വരുന്നത്. സ്റ്റാർഡം കൊണ്ട് സുരേഷ് ഗോപിക്കും ജയറാമിനും മുകളിൽ നിൽക്കുന്ന ഒരാളാകാണം നിരഞ്ജൻ, എന്നാൽ മാത്രമേ പ്രേക്ഷകർ സ്വീകരിക്കൂവെന്ന് ഉറപ്പായിരുന്നു, ആ ആലോചനയാണ് മോഹൻലാലിലേക്ക് എത്തുന്നത്.

അന്ന് ബാംഗ്ലൂരിൽ ആയൂർവേദ ചികിത്സയിലായിരുന്നു മോഹൻലാൽ. ഞാനും രഞ്ജിത്തും കൂടി അവിടെ പോയി കണ്ടു. കഥ ഒന്നും ചോദിച്ചില്ല, പറഞ്ഞുമില്ല, 'രണ്ട് ദിവസത്തെ കാര്യമല്ലേ, ഇവിടെനിന്ന് ഇറങ്ങിയാൽ പിറ്റേദിവസം തന്നെ ചെയ്യാമെന്നായിരുന്നു' ലാലിന്റെ പ്രതികരണം. ഒരു മാസം ചികിത്സയിലായിരുന്നത് കൊണ്ട് തന്നെ താടിയൊക്കെ വളർത്തി ഒരു സാത്വിക ഭാവത്തിൽ കഥാപാത്രത്തിന് വേണ്ട അതേ ലുക്കിലായിരുന്നു ലാൽ. 'ഇങ്ങനെ തന്നെ വന്നാൽ മതി ലുക്ക് മാറ്റരുതെ'ന്ന് മാത്രമേ ഞാൻ ആവശ്യപ്പെട്ടുള്ളൂ. അവിടെ നിന്ന് ഇറങ്ങി പിറ്റേദിവസം ലാൽ വന്നു , ഒരു ദിവസം കൊണ്ട് ഷൂട്ട് പൂർത്തിയാക്കി. പക്ഷേ സമ്മർ ഇൻ ബത്ലഹേമിന്റെ ഷോ സ്റ്റീലർ മോഹൻലാലാണ്. നിരഞ്ജനെ മോഹൻലാൽ അവിസ്മരണീയമാക്കി

തീയേറ്ററിലെത്തിയ ശേഷം വെട്ടിമാറ്റിയ രണ്ട് സീനുകൾ

ക്ലൈമാക്സിൽ ജയിലിൽനിന്ന് നിരഞ്ജനെ കണ്ടശേഷം വീട്ടിലേക്ക് തിരികെയെത്തുന്ന ആമിയെ ബന്ധുക്കളെല്ലാം കൺവിൻസ് ചെയ്യുന്ന പത്ത് മിനിറ്റ് നീണ്ട ഒരു സീനും നിരഞ്ജൻ ആമിയോട് സംസാരിക്കുന്ന ഒരു ഫാന്റസി സീനുമാണ് പിന്നീട് വെട്ടിമാറ്റിയത്. അത്രമേൽ തീവ്രമായി നിരഞ്ജനെ പ്രണയിച്ച ആമി തൊട്ടടുത്ത സീനിൽ ഹാപ്പിയായി നിൽക്കുന്നത് പ്രേക്ഷകന് കൺവിൻസ് ആകുമോ എന്ന ആശങ്കയിലായിരുന്നു ഈ രണ്ട് സീൻ കൂടി ഉൾപ്പെടുത്തിയത്.

ചിത്രം ഇറങ്ങിയ ദിവസം ആദ്യ ഷോ കണ്ട ശേഷം നിർമാതാവ് സിയാദ് കോക്കർ എന്നെ വിളിച്ചു. 'പടത്തിന് നല്ല പ്രതികരണമുണ്ട്, പക്ഷേ ക്ലൈമാക്സിലെ ആ രണ്ട് സീൻ കുറച്ച് ലാഗ് അടിക്കുന്നുണ്ടോ എന്നൊരു സംശയമുണ്ട്. അതില്ലെങ്കിൽ കുറച്ച് കൂടി നന്നാകും' എന്ന് പറഞ്ഞു. ഞാൻ അന്ന് ചെന്നൈയിലാണ്. അടുത്ത ഷോയ്ക്ക് സിയാദിന്റെ തീയേറ്ററിൽ മാത്രം ആ സീൻ കട്ട് ചെയ്ത് പ്രദർശിപ്പിച്ചിട്ട് പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയുണ്ടെന്ന് നോക്കാൻ പറഞ്ഞു. മാറ്റിനി കഴിഞ്ഞ് വിളിച്ച സിയാദ് പറഞ്ഞു, ജയിലിൽ തിരിഞ്ഞ് നിൽക്കുന്ന നിരഞ്ജനെ പിന്നീട് ഒരിക്കൽ കൂടി കാണിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് അതില്ലാത്തതാണ്, സീൻ കട്ട് ചെയ്ത വേർഷനാണ് കുറച്ച് കൂടി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുക . അങ്ങനെ അന്ന് രാത്രി തന്നെ ഓൾ കേരള, എല്ലാ തീയേറ്ററുകളിലും ഈ രണ്ട് സീൻ വെട്ടിമാറ്റി. പിറ്റേദിവസം മുതൽ ഇപ്പോൾ കാണുന്ന രീതിയിലാക്കി.

രണ്ടാംഭാഗത്തിന് സുരേഷ് ഗോപി സമ്മതിച്ചില്ല

പന്ത്രണ്ട് വർഷം മുൻപാണ്, സമ്മർ ഇൻ ബത്ലഹേമിന് രണ്ടാംഭാഗം ആലോചിച്ചാലോ എന്ന് രഞ്ജിത്ത് ചോദിക്കുന്നത്. അന്ന് മഞ്ജു സിനിമയിലേക്ക് തിരികെ വന്നിട്ടില്ല. മഞ്ജു വിദേശത്ത് എവിടെയെങ്കിലും ആണെന്ന നിലയിൽ ശബ്ദസാന്നിധ്യമായി നിലനിർത്താനായിരുന്നു ആലോചന. പക്ഷേ സുരേഷ് ഗോപി താൽപ്പര്യമില്ലെന്ന് പറഞ്ഞു, അദ്ദേഹത്തിന് സമ്മർ ഇൻ ബത്ലഹേം കരിയറിൽ നെഗറ്റീവായി എന്നൊരു വിലയിരുത്തലാണ്. അതുകൊണ്ട് രണ്ടാംഭാഗവുമായി സഹകരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞു. കാരണം എന്താണെന്ന് അറിയില്ല.

സുരേഷ് ഗോപിയും ജയറാമും ഇല്ലാതെ രണ്ടാംഭാഗം ആലോചിക്കാനേ ആകില്ല. അതുകൊണ്ട് അത് നടന്നില്ല. ഇനി ഒരു രണ്ടാംഭാഗം നടക്കുമോയെന്ന് അറിയില്ല, ആദ്യ ചിത്രത്തെക്കാൾ മികച്ചൊരു കഥയില്ലെങ്കിൽ രണ്ടാംഭാഗം എടുക്കരുതെന്നാണ് എന്റെ നിലപാട് ...

Related Stories

No stories found.
logo
The Fourth
www.thefourthnews.in