'ഞാൻ മരിച്ചിട്ടില്ല, വ്യാജ സന്ദേശം പ്രചരിപ്പിച്ചത് സെർവിക്കൽ കാൻസർ അവബോധത്തിനായി;' വീഡിയോയിൽ 'പുനർജനിച്ച്' പൂനം പാണ്ഡെ

'ഞാൻ മരിച്ചിട്ടില്ല, വ്യാജ സന്ദേശം പ്രചരിപ്പിച്ചത് സെർവിക്കൽ കാൻസർ അവബോധത്തിനായി;' വീഡിയോയിൽ 'പുനർജനിച്ച്' പൂനം പാണ്ഡെ

പൂനം പാണ്ഡെ മരിച്ചതായി താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടില്‍നിന്നാണ് കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തുവന്നത്

താൻ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി നടിയും മോഡലുമായ പൂനം പാണ്ഡെ. ജീവിച്ചിരിപ്പുണ്ടെന്ന് സാമൂഹ്യ മാധ്യമമായ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടാണ് താരം അറിയിച്ചത്.

സെർവിക്കൽ കാൻസർ മൂലം പൂനം പാണ്ഡെ മരിച്ചതായുള്ള വിവരം താരത്തിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി ഇന്നലെയാണ് പുറത്തുവന്നത്. പൂനം പാണ്ഡെയുടെ മാനേജറുടെ പേരിലുള്ളതായിരുന്നു സന്ദേശം. എന്നാലിത് വ്യാജമായിരുന്നുവെന്നും സെർവിക്കൽ കാൻസറിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുള്ള കാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തതായിരുന്നുവെന്നുമാണ് പൂനം പാണ്ഡെ ഇന്ന് അതേ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നേരിട്ട് പ്രത്യക്ഷപ്പെട്ട് വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യാജവാർത്ത പ്രചരിപ്പിച്ചതിനും ആരാധകരെ വിഷമിപ്പിച്ചതിനും മാപ്പ് ചോദിക്കുന്നതായി സമൂഹമാധ്യമായ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പൂനം പറഞ്ഞു. സെർവിക്കൽ കാൻസറിനെക്കുറിച്ച് ആരും വേണ്ടത്ര സംസാരിക്കുന്നില്ല. നൂറുകണക്കിന് ആളുകളുടെ ജീവൻ കവരുന്ന ഈ അസുഖത്തെക്കുറിച്ച് കൂടുതൽ ആളുകൾ ബോധവാന്മാരാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു കാമ്പയിൻ നടത്തിയതെന്നും വീഡിയോയിൽ പൂനം പാണ്ഡെ പറഞ്ഞു.

മരണവാർത്ത മാനേജരെ അറിയിച്ച പൂനം പാണ്ഡെയുടെ സഹോദരിയെ ബന്ധപ്പെടാൻ സാധിക്കാതിരുന്നതോടെ നിരവധി അഭ്യൂഹങ്ങൾ പരന്നിരുന്നു. പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് സൂചനകളുണ്ടെന്ന് ചില ദേശീയ മാധ്യമങ്ങളും ശനിയാഴ്ച രാവിലെ വാർത്തകൾ നൽകിയിരുന്നു. ശനിയാഴ്ച രാവിലെ, പൂനം പാണ്ഡെയുടെ മുൻ ഭർത്താവ് സാം ബോംബെ മരണവർത്തയിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു.

വിവാദ പ്രസ്താവനകൾ കൊണ്ട് വാർത്തയിൽ നിറഞ്ഞ വ്യക്തികൂടിയായിരുന്നു പൂനം പാണ്ഡെ. 2011 ൽ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ത്യ വിജയിച്ചാൽ വിവസ്ത്രയാവുമെന്ന വാഗ്ദാനം നടത്തിയാണ് ആദ്യം വാർത്തകളിൽ ഇടം പിടിച്ചത്.

കങ്കണ റണാവത്ത് അവതാരകയായ ഒടിടി റിയാലിറ്റി ഷോ ലോക്ക് അപ്പിലാണ് പൂനം പാണ്ഡെ അവസാനമായി പങ്കെടുത്തത്.

logo
The Fourth
www.thefourthnews.in