താരാരാധന അതിരുകടന്നാൽ!

അന്തംവിട്ട ആരാധന താരങ്ങൾക്ക് ആവശ്യമില്ലെന്ന യാഥാർത്ഥ്യം ആരാധകർ ഇനി എന്ന് മനസിലാക്കാനാണ്?

അജിത്ത് ചിത്രം തുനിവിന്റെ റിലീസ് ആഘോഷങ്ങൾക്കിടെ നൃത്തം ചെയ്തുകൊണ്ടിരുന്നപ്പോൾ ലോറിയിൽ നിന്നും മറിഞ്ഞുവീണ് ഒരു ആരാധകൻ മരിച്ച സംഭവത്തെ തുടർന്നാണ് തമിഴ്‍നാട്ടിൽ സൂപ്പർസ്റ്റാർ സിനിമകളുടെ പുലർച്ചെയുള്ള ഷോകൾക്ക് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. കേരളത്തിൽ ലിയോടെ ആദ്യ പ്രദർശനം 19-ാം തിയതി പുലർച്ചെ 4 മണിക്ക് തുടങ്ങും എന്ന് ഉറപ്പായതോടെ തിരുവനന്തപുരം, കൊല്ലം. ഇടുക്കി, പാലക്കാട് തുടങ്ങിയ അതിർത്തി ജില്ലകളിലേക്ക് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ തമിഴ്നാട്ടിൽ നിന്ന് ആരാധകരുടെ ഒഴുക്കായിരുന്നു. അന്തംവിട്ട താരാരാധനയിൽ കേരളവും അത്ര മോശമൊന്നുമല്ല. മാത്രമല്ല വിജയ് ആരാധനയിൽ തമിഴ്നാടിന് തോളൊപ്പമല്ലെങ്കിലും കട്ടക്ക് നിൽക്കാൻ ശേഷിയുളള സംസ്ഥാനം തന്നെയാണ് കേരളം. എത്രതന്നെ നിയന്ത്രണങ്ങൾ കൊണ്ടുവന്നാലും അമിത താരാരാധന കൊണ്ടുണ്ടാവുന്ന നഷ്ടങ്ങൾ നിയന്ത്രിക്കാനാവാത്ത അളവിൽ ഉയരുന്നത് എന്തുകൊണ്ടാണ്? അന്തം വിട്ട ആരാധന താരങ്ങൾക്ക് ആവശ്യമില്ലെന്ന യാഥാർത്ഥ്യം ആരാധകർ ഇനി എന്ന് മനസിലാക്കാനാണ്?

മുൻപ് വിജയ് സിനിമക്ക് ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത ഒരു ആരാധകനുണ്ട്. തമിഴ്നാട്ടുകാരനായ വിഷ്ണു. തിയേറ്ററുകൾക്ക് ബോംബ് ഭീഷണിയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ ഉണ്ടായതോടെ തമിഴ്‌നാട്ടിൽ വിജയ് ചിത്രം തലൈവയുടെ റിലീസ് മാറ്റിവെക്കേണ്ട അവസ്ഥ വന്നു. തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്യില്ലെന്നറിഞ്ഞ് വെള്ളിയാഴ്ച വിഷ്ണു പടം കാണാനായി കേരള അതിർത്തിക്കടുത്തുള്ള വേലൻതാവളം വരെ മുപ്പതുകിലോമീറ്ററോളം യാത്രചെയ്തതെത്തി. എന്നാൽ തിയേറ്ററിലെത്തിയ വിഷ്ണുവിന് ടിക്കറ്റ് കിട്ടിയില്ല. രാത്രിയോടെ വീട്ടിലെത്തിയ വിഷ്ണു നിരാശകാരണം ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

2021 ഒക്ടോബർ 29നായിരുന്നു ഹൃദയാഘാതത്തെ തുടർന്ന് പുനീത് രാജ്കുമാർ വിട പറയുന്നത്. തെന്നിന്ത്യൻ സിനിമാ ലോകം മുഴുവൻ അം​ഗീകരിച്ചിട്ടും പുനീത് രാജ്കുമാർ ഇനി ഇല്ലെന്ന് വിശ്വസിക്കാൻ ആരാധകർക്കായില്ല. പുനീതിന്റെ മരണവാർത്ത കേട്ട് മനം നൊന്ത് കർണാടകത്തിൽ പത്ത് പുനീത് ആരാധകർ ജീവനൊടുക്കിയെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ. മരിച്ചവരിൽ ഏഴു പേർ ആത്മഹത്യ ചെയ്തതായിരുന്നു. മൂന്ന് പേർ വാർത്ത അറിഞ്ഞുള്ള ഞെട്ടലിൽ ഹൃദയാഘാദം മൂലം മരിച്ചതെന്നാണെന്നും പൊലീസ് പറഞ്ഞു.

പുനീതിന്റെ മരണത്തിന് പിന്നാലെ കർണാടകയിലെ വിവിധ ഭാഗങ്ങളിലായി നിരവധി ആത്മഹത്യാ ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങളെടുക്കരുതെന്ന് പുനീതിന്റെ ആരാധകരോട് സഹോ​ദരങ്ങളായ ശിവരാജ്കുമാറും രാഘവേന്ദ്ര രാജ്കുമാറും അഭ്യർത്ഥിച്ചതും വാർത്തയായിരുന്നു. അതുപോലെ മരണശേഷം തന്റെ കണ്ണുകൾ ദാനം ചെയ്യണമെന്നുള്ള താരത്തിന്റെ ആ​ഗ്രഹപ്രകാരം നാല് പേർക്കാണ് പുനിതിന്റെ കണ്ണുകൾ കാഴ്ചയേകിയത്. 2 കോർണിയയിലെയും പാളികൾ രണ്ടായി വേർതിരിച്ചെടുത്താണ് ​നാല് പേരിൽ വച്ച് പിടിപ്പിച്ചത്. താരത്തിന്റെ ഈ തീരുമാനത്തെ പിന്തുടർന്ന് നിരവധി ആരാധകരാണ് തങ്ങളുടെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രത്തിൽ മരണത്തെ തുടർന്നുളള ഏതാനും ദിവസങ്ങളിൽ ഒപ്പ് വച്ചത്. എന്നാൽ മൂന്ന് ആരാധകർ പുനീതിനൊപ്പം തന്നെ കണ്ണുകൾ ദാനം ചെയ്യാൻ വേണ്ടി ജീവനൊടുക്കിയെന്ന വാർത്തയും അത്ഭുതപ്പെടുത്തിയിരുന്നു.

ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റാത്തതാണ് കടുത്ത ആരാധന മൂലമുണ്ടാകുന്ന ഇത്തരം ആത്മഹത്യകൾ. ഇതുപോലെ മുമ്പും താരങ്ങളുടെ മരണവാർത്ത കേട്ടും താരങ്ങളെ കാണാൻ പറ്റാത്തതിന്റെ പേരിലുമൊക്കെ ആരാധകർ ആത്മഹത്യ ചെയ്ത വാർത്തകൾ വന്നിട്ടുണ്ട്. പവൻ കല്യാണിന്റെ ഒരു കടുത്ത ആരാധകനായ വിജയവാഡ സ്വദേശി അനിൽ കുമാർ, ജീവിച്ചിരുന്നപ്പോൾ തനിക്ക് താരത്തെ കാണാനായില്ല, മരിച്ചാലെങ്കിലും തന്റെ ശവ സംസ്‌കാര ചടങ്ങുകൾ പവൻ കല്യാൺ നേരിട്ട് വന്ന് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷം തൂങ്ങി മരിച്ചു.

അതുപോലെ പ്രഭാസിന്റെ ആരാധകൻ നടത്തിയ ആത്മഹത്യ ശ്രമവും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടനെ നേരിൽ കാണണമെന്നും പറഞ്ഞ് മൊബൈൽ ടവറിന് മുകളിൽ കയറി ചാടിമരിക്കാൻ തയ്യാറായി നിൽക്കുകയായിരുന്നു ഇയാൾ. തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗം താങ്ങാനാകാതെ മൂന്ന് പേർ ആത്മഹത്യ ചെയ്തിരുന്നതും വാർത്തയായിരുന്നു. അഞ്ച് പാർട്ടി പ്രവർത്തകർ ഹൃദയാഘാതം മൂലവും മരിച്ചു. എം ജീ ആറിന്റെ മരണശേഷവവും ഇതുപോലുളള ആരാധകരുടെ ആത്മഹത്യതകൾ തീകൊളുത്തി മരണങ്ങൾ ഒക്കെ സംഭവിച്ചിട്ടുണ്ട്. മരണവാർത്ത കേട്ടുളള വിഷമത്തിൽ ആത്മഹത്യ ചെയ്യുന്നത് ഒരു വശത്ത്, ഫാൻ ഫൈറ്റിനിടയിലെ അപകടങ്ങൾ തിയേറ്ററുകാർക്ക് ഉൾപ്പടെയുണ്ടാവുന്ന നഷ്ടങ്ങൾ മറ്റൊരിടത്ത്. ഇത്തരം അന്തം വിട്ട ആരാധനകൾ താരങ്ങൾക്ക് ആവശ്യമില്ലെന്ന റിയാലിറ്റി ആരാധകർ എന്ന് മനസിലാക്കാനാണ്?

Related Stories

No stories found.
logo
The Fourth
www.thefourthnews.in