രാജ്യന്തര ചലച്ചിത്രമേളയിൽ ഇനി വെബ് സീരിസുകൾക്കും പുരസ്കാരം; പരിഗണിക്കുക ഇന്ത്യൻ ഭാഷയിലുളളവ മാത്രം

രാജ്യന്തര ചലച്ചിത്രമേളയിൽ ഇനി വെബ് സീരിസുകൾക്കും പുരസ്കാരം; പരിഗണിക്കുക ഇന്ത്യൻ ഭാഷയിലുളളവ മാത്രം

മികച്ച വെബ് സീരിസ് എന്ന വിഭാഗത്തിലായിരിക്കും പുരസ്കാരം

ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയായ ഇഫിയിൽ ഇനി വെബ് സീരിസുകൾക്കും പുരസ്കാരം നൽകുമെന്ന് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂർ. 54-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള മുതൽ മികച്ച വെബ് സീരീസിനുളള അവാർഡ് കൂടി നൽകുമെന്നാണ് പ്രഖ്യാപനം . ഒടിടി പ്ലാറ്റ്ഫോമിൽ സ്ട്രീം ചെയ്യുന്ന ഇന്ത്യൻ ഭാഷയിലുളള വെബ് സീരിസുകളെയാകും പുരസ്കാരത്തിനായി പരി​ഗണിക്കുക. 10 ലക്ഷം രൂപ സമ്മാനത്തുക ഉൾപ്പെടുന്നതാണ് അവാർഡ്.

ഇന്ത്യയുടെ ഒടിടി മേഖലയിൽ നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും, ഇന്ത്യയിലെ പ്രാദേശിക ഭാഷകളിലെ ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിനും, അസാധാരണമായ കഴിവുകളെ തിരിച്ചറിയുന്നതിനും ഒടിടി വ്യവസായത്തിന്റെ വളർച്ചയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുമാണ് അവാർഡ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെബ് സീരീസുകളെ ഇഷ്ടപ്പെടുന്ന ധാരാളം പ്രേക്ഷകരുണ്ടെന്ന് മനസിലാക്കിയിരുന്നു. കലാപരമായ മികവ്, കഥപറച്ചിൽ മികവ്, സാങ്കേതിക വൈദഗ്ധ്യം, മൊത്തത്തിലുള്ള സ്വാധീനം എന്നിവ കണക്കിലെടുത്തായിരിക്കും മികച്ച വെബ് സീരീസിനെ തിരഞ്ഞെടുക്കുക. ഇന്ത്യ അസാധാരണ പ്രതിഭകളാൽ നിറഞ്ഞിരിക്കുന്നു. ലോകത്തെ നയിക്കാൻ കഴിയുന്ന ഉയർച്ചയും അഭിലാഷവുമുള്ള ഒരു പുതിയ ഇന്ത്യയുടെ കഥ പറയാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഒരു ഒടിടി പ്ലാറ്റ്‌ഫോമിലെ വെബ് സീരീസിനാണ് അവാർഡ് നൽകുന്നത്, അദ്ദേഹം ട്വീറ്റ് ചെയ്തു.

logo
The Fourth
www.thefourthnews.in