ഐഎഫ്എഫ്ഐ ഗോവ
ഐഎഫ്എഫ്ഐ ഗോവ

ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം നാളെ മുതല്‍: അരങ്ങേറുന്നത് പുത്തന്‍ പരീക്ഷണങ്ങളുമായി സിനിമാ കാര്‍ണിവല്‍  

വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത് 280 അന്താരാഷ്ട്ര ചലച്ചിത്രങ്ങള്‍

കോവിഡിനെത്തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു കൊണ്ടുള്ള  ഇന്ത്യന്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐഎഫ്എഫ്ഐ) നാളെ തുടക്കമാകും. 53 വര്‍ഷമായി നടക്കുന്ന ചലച്ചിത്ര മേളയില്‍ ചരിത്രത്തിലാദ്യമായി പുത്തന്‍ പരീക്ഷണങ്ങള്‍ അരങ്ങേറും. തിയേറ്ററുകളില്‍ നിന്നും തുറന്ന വേദികളിലേക്കും ഗോവയിലെ വിവിധ കടല്‍ത്തീരങ്ങളിലേക്കും സിനിമാ പ്രദര്‍ശനം വഴി മാറുമ്പോള്‍ 28 വരെ നടക്കുന്നത് സിനിമാ കാര്‍ണിവലാകും. നാളെ ശ്യാമപ്രസാദ് മുഖര്‍ജി സ്‌റ്റേഡിയത്തില്‍ നടക്കുന്ന വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് നടന്‍ വരുണ്‍ ധവാന്‍ അടക്കമുള്ള താരങ്ങള്‍ പങ്കെടുക്കും.  

ഗോവയിലെ പ്രധാന കേന്ദ്രങ്ങളിലും തിരഞ്ഞെടുത്ത കടല്‍ത്തീരങ്ങളിലും കാരവനുകള്‍ വിന്യസിച്ച് സിനിമകള്‍ പ്രദര്‍ശിപ്പിക്കും

280 അന്താരാഷ്ട്ര ചലച്ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. സുവര്‍ണ മയൂരത്തിനായി മത്സരിക്കാന്‍ മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളടക്കം 15 സിനിമകള്‍ രംഗത്തുണ്ട്. കാശ്മീര്‍ ഫയല്‍സ്, ദി സ്‌റ്റോറി ടെല്ലര്‍, കുരങ്ങു പെഡല്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്നുള്ള മത്സരചിത്രങ്ങള്‍.

അന്താരാഷ്ട്ര ചലച്ചിത്ര വിഭാഗത്തില്‍ 180 സിനിമകളും ഹോമേജ് വിഭാഗത്തില്‍ അഞ്ച് വ്യക്തികളുടെ സിനിമകളും ട്രിബ്യൂട്ട് വിഭാഗത്തില്‍ രണ്ട് പ്രമുഖ സംവിധായകരുടെ സിനിമകളും പ്രദര്‍ശിപ്പിക്കും. ഓസ്‌ട്രേലിയന്‍ ചിത്രമായ 'അല്‍മ ആന്‍ഡ് ഓസ്‌കര്‍' ഉദ്ഘാടനചിത്രവും ക്രിസ്തോഫ് സനൂസിയുടെ 'പെര്‍ഫെക്ട് നമ്പര്‍' സമാപന ചിത്രവുമായിരിക്കും. ഹോമേജ് വിഭാഗത്തില്‍ 15 ഇന്ത്യന്‍ ചിത്രങ്ങളും അഞ്ച് അന്താരാഷ്ട്ര ചിത്രങ്ങളുമുണ്ട്.

കടല്‍ത്തീരത്ത് തുറന്ന വേദിയിലെ ചലച്ചിത്ര പ്രദര്‍ശനം വരും വര്‍ഷങ്ങളിലും തുടരാനാണ് തീരുമാനം

സത്യജിത് റായ് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം സ്പാനിഷ് ചലച്ചിത്രകാരന്‍ കാര്‍ലോസ് സുവാരയ്ക്ക് സമ്മാനിക്കും. സ്‌പോട്ട്ലൈറ്റ്  വിഭാഗത്തില്‍ കണ്‍ട്രി ഫോക്കസ് പാക്കേജിനു കീഴില്‍ ഫ്രാന്‍സില്‍ നിന്നുള്ള എട്ട് സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇത്തവണ ആദ്യമായി ചലച്ചിത്രമേള തിയേറ്ററുകളില്‍ നിന്നും പുറത്തേക്ക് എത്തും. ഗോവയിലെ പ്രധാന സ്ഥലങ്ങളിലും തിരഞ്ഞെടുത്ത കടല്‍ത്തീരങ്ങളിലും കാരവനുകള്‍ വിന്യസിക്കുകയും സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും. കടല്‍ത്തീരത്ത് തുറന്ന വേദിയില്‍ ചലച്ചിത്ര പ്രദര്‍ശനം നടത്തുന്നത് വരും വര്‍ഷങ്ങളിലും തുടരാനാണ് തീരുമാനം.

ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര ജേതാവായ ആശ പരേഖിന്റെ തീസ്രി മന്‍സില്‍, ദോ ബദന്‍, കടീ പതംഗ് എന്നീ മൂന്നു ചിത്രങ്ങള്‍ 'ആശ പരേഖ് റെട്രോസ്‌പെക്റ്റീവി'ല്‍ പ്രദര്‍ശിപ്പിക്കും. ലതാ മങ്കേഷ്‌കര്‍, ബാപ്പി ലാഹിരി, പണ്ഡിറ്റ് ബിര്‍ജു മഹാരാജ് എന്നീ പ്രതിഭകളെ മേളയില്‍ അനുസ്മരിക്കും. ഫോക്കസ് രാജ്യമായ ഫ്രാന്‍സില്‍നിന്ന് എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഫിലിം ബസാര്‍, പുസ്തകമേള, പരിശീലന ശില്‍പ്പശാലകള്‍, സംവാദങ്ങള്‍ തുടങ്ങിയവയുണ്ടാകും.

logo
The Fourth
www.thefourthnews.in