IFFK 2023|ക്ലിൻറ്റ് ഈസ്റ്റ്‌വുഡിനൊരു മറുപടി; ഇറാഖിന്റെ നേർചിത്രമായി 'ഹാങ്ങിങ് ഗാർഡൻസ്'

IFFK 2023|ക്ലിൻറ്റ് ഈസ്റ്റ്‌വുഡിനൊരു മറുപടി; ഇറാഖിന്റെ നേർചിത്രമായി 'ഹാങ്ങിങ് ഗാർഡൻസ്'

ഇറാഖിന്റെ നല്ലതിന് വേണ്ടിയായിരുന്നു അമേരിക്കയുടെ അധിനിവേശം എന്ന് സ്ഥാപിക്കാൻ ഹോളിവുഡ് സിനിമകൾ ശ്രമിക്കുന്നതിനെ ഓരോ ഫ്രെയിമിലും 'ഹാങ്ങിങ് ഗാർഡൻസ്' പൊളിച്ചടുക്കുന്നുണ്ട്

"ഒരു അമേരിക്കന്‍ സ്‌നൈപ്പറിനെ ഹീറോ ആയി അവതരിപ്പിച്ചത് കണ്ടപ്പോൾ ഒരു ഇറാഖി എന്ന നിലയിൽ എനിക്ക് വേദനിച്ചു. അവർ യുദ്ധത്തെ കാല്പനികവത്കരിക്കുകയും ഇറാഖികളെ കൊല്ലാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വെറുപ്പുളവാക്കുന്നതായിരുന്നു." ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സംവിധാനത്തിൽ 2014ൽ പുറത്തിറങ്ങിയ 'അമേരിക്കൻ സ്നൈപ്പർ' എന്ന ചിത്രത്തിനെതിരെ ഇറാഖി ചലച്ചിത്രകാരൻ അഹമ്മദ് യാസിൻ അൽദറാദ്ജി നടത്തിയ വിമർശനമാണിത്.

അന്ന് ഈ വാചകങ്ങള്‍ക്കൊപ്പം അദ്ദേഹം ചിലത് കൂടിപ്പറഞ്ഞിരുന്നു. "ഇറാഖികളായ ഞങ്ങൾ സ്വന്തം കഥ പറയുന്നതിൽ പരാജയപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. പാശ്ചാത്യർ ഇറാഖിൽ വന്ന് ഇറാഖിനെ കുറിച്ച് എടുത്ത സിനിമകളെല്ലാം അവരുടെ വീക്ഷണകോണിൽ നിന്ന് നോക്കിയാണ് നിർമിച്ചത്." ഈയൊരു രാഷ്ട്രീയബോധ്യത്തിൽ നിന്നുകൊണ്ട് അൽദറാദ്ജി സംവിധാനം ചെയ്ത ചിത്രമാണ് ഹാങ്ങിങ് ഗാർഡൻസ്.

ഏഴ് ലോകാത്ഭുതങ്ങളില്‍ ഒന്നാണ് ബാബിലോണിലെ ഹാങ്ങിങ് ഗാർഡൻസ്. നയനമനോഹരമായ ആ പൂന്തോട്ടത്തിന്റെ പേര് സംവിധായകൻ ഇവിടെ നൽകിയിരിക്കുന്നത് അമേരിക്കൻ അധിനിവേശത്തിന്റെ ബാക്കിപത്രമായി രൂപാന്തരപ്പെട്ട ബാഗ്ദാദിലെ മലപോലെയുള്ള ഒരു ചവറുകൂനയ്ക്കാണ്. യുദ്ധം മൂലം അനാഥരായ പന്ത്രണ്ടുവയസുകാരൻ അസദും ജ്യേഷ്ഠൻ താഹയും സ്ക്രാപ്പ് മെറ്റലും പ്ലാസ്റ്റിക്കും പെറുക്കി വിൽക്കുന്ന ജോലി ചെയ്യുന്നത് ഇവിടെയാണ്. അസദിനെ സംബന്ധിച്ചിടത്തോളം ഈ ജോലി ഒരു സാഹസികതയാണെങ്കിലും താഹയ്ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള അത്താണിയാണ്.

അമേരിക്കൻ സൈനികരുടെ ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന വസ്തുക്കളെല്ലാം കൊണ്ടുതട്ടുന്ന ഈ ഇടത്തുനിന്ന് മനുഷ്യന്റെ വലുപ്പമുള്ള സെക്സ് ഡോളിനെ അസദിന് കിട്ടുന്നതോടെയാണ് കഥയ്ക്ക് മറ്റൊരു തലം കൈവരുന്നത്. സാൽവയെന്ന് പേരുനൽകി ഒരു സഹജീവിയെ പോലെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സെക്സ് ഡോളിന്റെ വിവരം പുറത്തറിയുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് 117 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിന്റെ ആകെത്തുക.

ദുറൈദ് മുനാജിം എന്ന ഛായാഗ്രാഹകന്റെ കാമറ കണ്ണുകൾ വളരെ മനോഹരമായാണ് സിനിമയിലെ ഓരോ രംഗങ്ങളെയും ഒപ്പിയെടുത്തിരിക്കുന്നത്. ഇറാഖിന്റെ നല്ലതിന് വേണ്ടിയായിരുന്നു അമേരിക്കയുടെ അധിനിവേശം എന്ന് സ്ഥാപിക്കാൻ ഹോളിവുഡ് സിനിമകൾ ശ്രമിക്കുന്നതിനെ ഓരോ ഫ്രെയിമിലും 'ഹാങ്ങിങ് ഗാർഡൻസ്' പൊളിച്ചടുക്കുന്നുണ്ട്. സ്ത്രീകളുടെ അസാന്നിധ്യം ചിത്രത്തിൽ മുഴുനീളം കാണാൻ സാധിക്കും. ഇറാഖി സമൂഹത്തിൽ സ്ത്രീകളെ എങ്ങനെ അരികുവത്കരിക്കുന്നു എന്നതിനെ സൂചിപ്പിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവം ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് സംവിധായകൻ തന്നെ വിമർശിക്കുന്നത്. കൂടാതെ ആ സെക്സ് ഡോളും ഇറാഖി സ്ത്രീകളെ പ്രതിനിധാനം ചെയ്യുന്നുണ്ട്.

logo
The Fourth
www.thefourthnews.in