IFFK 2023|കോബ് വെബ്: ഫോക്കസ് കാത്തുസൂക്ഷിക്കാൻ കഴിയാതെ പോയ ഒരു ഡീസന്റ് ആക്ഷേപഹാസ്യം

IFFK 2023|കോബ് വെബ്: ഫോക്കസ് കാത്തുസൂക്ഷിക്കാൻ കഴിയാതെ പോയ ഒരു ഡീസന്റ് ആക്ഷേപഹാസ്യം

'ഐ സോ ദ് ഡെവിൾ' പോലെയുള്ള സീറ്റ് എഡ്ജിങ് ത്രില്ലർ സിനിമ ചെയ്ത കിം ജീ-വൂണിൽനിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഴോണറിലുള്ള ചിത്രമാണ് കോബ് വെബ്

സംവിധായകൻ കിം കി യോളിന് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ അവസാന ഭാഗം വീണ്ടും ഷൂട്ട് ചെയ്യണം. തന്നെയൊരു മികച്ച സംവിധായകനായി കണക്കാക്കത്തവർക്ക് മുന്നിൽ ജയിച്ച് കാണിക്കണമെന്ന വാശിയാണ് അതിന് പിന്നിൽ. രണ്ട് ദിവസംകൊണ്ട് റീ- ഷൂട്ട് ചെയ്യേണ്ട ഭാഗം പൂർത്തിയായാൽ കിമ്മിന്റെ ഭാഷയിൽ അതൊരു 'മാസ്റ്റർപീസാകും'. ഇതാണ് കിം ജീ-വൂൺ സംവിധാനം ചെയ്ത സൗത്ത് കൊറിയൻ ചിത്രം കോബ് വെബ്.

'ഐ സോ ദ് ഡെവിൾ' പോലെയുള്ള സീറ്റ് എഡ്ജിങ് ത്രില്ലർ സിനിമ ചെയ്ത കിം ജീ-വൂണിൽനിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഴോണറിലുള്ള ചിത്രമാണ് കോബ് വെബ്. പൂർണമായും ഒരു സ്റ്റുഡിയോയ്ക്കുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഒരു പരീക്ഷണ ചിത്രമാണ്. സിനിമക്കുള്ളിലൊരു സിനിമ ചിത്രീകരണത്തിലൂടെയാണ് ആഖ്യാനം.

1970കളിലെ ദക്ഷിണ കൊറിയയിലെ സിനിമ ഇൻഡസ്ട്രിയാണ് പശ്ചാത്തലം. സിനിമാ അഭിനേതാക്കളെക്കാളും അണിയറ പ്രവർത്തകരെക്കാളും അധികാരം ചിത്രീകരണ സ്റ്റുഡിയോ മുതലാളിമാർക്കുണ്ടായിരുന്നു കാലഘട്ടത്തിലൂടെയാണ് കഥ കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ സ്റ്റുഡിയോ മാനേജർമാരെ സ്വാധീനിക്കാൻ കഴിയുന്നവർക്ക് മാത്രമേ അക്കാലത്ത് സിനിമകൾ വേണ്ടവിധം എടുക്കാൻ കഴിയുമായിരുന്നുള്ളൂ എന്നൊക്കെ കോബ് വെബ് പറയുന്നുണ്ട്. പല ലേയറുകളിലുള്ള സിനിമാ ആഖ്യാനം, അനാവശ്യമായി സിനിമകളെ വിമർശിക്കുന്നവരെയും അധികൃതരുടെ കപടതകളെയും സെൻസർഷിപ്പിലെ പക്ഷപാതങ്ങളെയുമൊക്കെ വരച്ചിടുന്നുണ്ട്.

കിം ജീ-വൂണ്‍
കിം ജീ-വൂണ്‍

കിം ജീ-വൂണിന്റെ മുൻ ചിത്രങ്ങളിൽ വയലൻസും ഹോററുമായിരുന്നു പ്രേക്ഷകരെ പിടിച്ചിരുത്താൻ ഉപയോഗിച്ചിരുന്നത് എങ്കിൽ ഇവിടെയത് രസകരമായ കഥാപാത്രങ്ങളും സ്ലാപ്സ്റ്റിക്ക് തമാശകളുമാണ്. കോബ് വെബിനെ എൻഗേജിങ് ആക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് ഇത്തരം തമാശ രംഗങ്ങൾ.

ഓസ്കാർ ചിത്രമായ പാരാസൈറ്റിലെ കേന്ദ്രകഥാപാത്രമായ സോങ് കാങ് ഹോയാണ് സംവിധായകൻ കിം കി യോളായി വേഷമിടുന്നത്. തന്റെ സിനിമാ എന്നന്നേക്കുമായി നിന്നുപോകുമോ എന്ന തോന്നലുണ്ടാകുന്ന ഭാഗങ്ങളിൽ ഡ്രൈ ഹ്യൂമറുകളും ഫ്രീക്ക് ഔട്ട് രംഗങ്ങളുമൊക്കെ അനായാസമാണ് സോങ് കാങ് കൈകാര്യം ചെയ്തിരിക്കുന്നത്.

ഇത്രയൊക്കെ പോസിറ്റീവുകൾ ഉണ്ടെങ്കിൽ 135 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം അവസാനത്തോട് അടുക്കുമ്പോഴേക്ക് ഫോക്കസ് വിട്ടുപോകുന്നുണ്ട്. ആവശ്യമില്ലാതെയുള്ള പല കഥാപാത്രങ്ങളെയും സംവിധായകന് ഒഴിവാക്കാമായിരുന്നു. മൊത്തത്തിൽ ഒരു കൊറിയൻ ആക്ഷേപഹാസ്യ ചിത്രമെന്ന നിലയിൽ കോബ് വെബ് ആകർഷകമാണെങ്കിലും വിവിധയിടങ്ങളിൽ ഇത്തരത്തിൽ ചില പാളിച്ചകൾ സംഭവിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in