IFFK 2023|ഫോർ ഡോട്ടേഴ്സ്: അഞ്ച് സ്ത്രീകളുടെ സ്വാതന്ത്ര്യ നിർവചനങ്ങൾ

IFFK 2023|ഫോർ ഡോട്ടേഴ്സ്: അഞ്ച് സ്ത്രീകളുടെ സ്വാതന്ത്ര്യ നിർവചനങ്ങൾ

സാധാരണ ഡോക്യുമെന്ററികളുടെ തനത് രീതികളെ പൊളിച്ചടുക്കിയാണ് ബെൻ ഹാനിയ, കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ ഐ അവാർഡ് ലഭിച്ച ചിത്രം ഒരുക്കിയിരിക്കുന്നത്

പുരുഷാധിപത്യ സമൂഹത്തിലെ അഞ്ച് സ്ത്രീകളുടെ ജീവിതം. സ്ത്രീസ്വാതന്ത്ര്യത്തിന് അവർ നൽകുന്ന ഭിന്ന നിർവചനങ്ങൾ. നിശ്ചയദാർഢ്യത്തിന്റെയും ദൗർബല്യത്തിന്റെയും അരികു പറ്റിയുള്ള അവരുടെ ചുവടുവെപ്പുകൾ. അതാണ് ഒരമ്മയുടെയും നാലു പെൺമക്കളുടെയും കഥ പറയുന്ന ഡോക്യു- ഡ്രാമ, ഫോർ ഡോട്ടേഴ്സ്. അർധ സാങ്കൽപ്പിക രൂപത്തിൽ സഹോദരബന്ധങ്ങൾ ഉൾപ്പെടെയുള്ള അതിവൈകാരികതകളെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നു. സാധാരണ ഡോക്യുമെന്ററികളുടെ തനത് രീതികളെ പൊളിച്ചടുക്കിയാണ് ബെൻ ഹാനിയ, കാൻ ഫെസ്റ്റിവലിൽ ഗോൾഡൻ ഐ അവാർഡ് ലഭിച്ച ചിത്രം ഒരുക്കിയിരിക്കുന്നത്.

ഏഴുവർഷം മുൻപ് തീരദേശപട്ടണമായ സൂസെയിൽനിന്നുള്ള ഓൾഫ ഹംറൂനിയുടെ ജീവിതത്തിലുണ്ടായ സംഭവത്തെയാണ് ബെൻ ഹാനിയ ചിത്രമാക്കിയിരിക്കുന്നത്. ട്യുണീഷ്യക്കാരായ ഗോഫ്രാൻ, റഹ്മ, ഈയ, തയ്‌സിർ എന്നീ നാല് പെൺകുട്ടികളുടെയും 'അമ്മ ഓൾഫയുടെയും കഥയാണ് ഫോർ ഡോട്ടേഴ്‌സ് പറയുന്നത്. 2011ൽ അറബ് വസന്തത്തിന് ശേഷം രാജ്യത്ത് ഇസ്ലാമിക മതമൗലികവാദം ശക്തമാകുന്നതും അതിൽ ആകൃഷ്ടയാകുന്ന രണ്ടുപെൺമക്കൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ വീടുവിട്ടുപോയ സംഭവത്തെയും ആസ്പദമാക്കിയാണ് ചിത്രം. അതിനായി വീടുവിട്ടുപോയ പെൺമക്കൾക്കും ഇടയ്ക്ക് ഓൾഫയുടെ കഥാപാത്രത്തിനും പ്രൊഫഷണൽ അഭിനേതാക്കളെയാണ് ചിത്രത്തിൽ സംവിധായക ഉപയോഗിച്ചിരിക്കുന്നത്.

പ്രണയവും സാഹോദര്യത്തിനും പുറമെ ടുണീഷ്യയിലെ ഒരു സാധാരണ കുടുംബത്തെ ഐഎസ് ഐ എസ് എന്ന മതതീവ്രവാദ സംഘടനാ എങ്ങനെ സ്വാധീനിക്കുന്നു എന്നതുൾപ്പെടെ ചിത്രം വരച്ചുകാട്ടുന്നുണ്ട്

അഭിനേതാക്കൾക്ക് തങ്ങളുടെ ജീവിതത്തിലുണ്ടായിരുന്ന സംഭവങ്ങൾ വിവരിച്ചുകൊടുക്കുന്ന ഓൾഫയെയും സഹോദരങ്ങളെയും കാണിക്കുന്ന സീനുകളിൽ ഒരേസമയം ഫിക്ഷനെയും യാഥാർത്ഥത്തെയും സംവിധായക അവതരിപ്പിക്കുന്നുണ്ട്. പല സമയങ്ങളിലും അവ തമ്മിൽ വേർതിരിച്ചെടുക്കാനും ബുദ്ധിമുട്ടുന്ന സാഹചര്യങ്ങളുണ്ട്. ഒരു പുരുഷാധിപത്യ സമൂഹത്തിൽ ജീവിക്കുന്ന അഞ്ച് സ്ത്രീകളുടെ ജീവിതം കൂടിയാണ് ചിത്രം പറയുന്നത്.

ഒരേ കൂരയ്ക്ക് കീഴിലെങ്കിലും നാല് പെൺമക്കൾക്കും വ്യത്യസ്ത ചിന്താഗതികളിലൂടെയാണ് ജീവിക്കുന്നത്. ഒരാൾ സ്ത്രീസ്വാതന്ത്ര്യങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ മറ്റു രണ്ടുപേർ അതിതീവ്ര യാഥാസ്ഥിതിക ചിന്തകളിലേക്ക് സഞ്ചരിക്കുന്നു. തന്റെ സഹോദരിയോട്‌ മോശമായി പെരുമാറിയ അമ്മയുടെ കാമുകനോട് പൊറുക്കാൻ ഒരിക്കലും കഴിയില്ലെന്ന് ഒരാൾ പറയുമ്പോൾ ഇരയായ പെൺകുട്ടിക്ക് അയാളോട് വിദ്വേഷം വച്ച് പുലർത്താൻ സാധിക്കുന്നില്ലെന്ന് പറയുന്നുണ്ട്.

പ്രണയവും സാഹോദര്യത്തിനും പുറമെ ടുണീഷ്യയിലെ ഒരു സാധാരണ കുടുംബത്തെ ഐഎസ് ഐ എസ് എന്ന മതതീവ്രവാദ സംഘടനാ എങ്ങനെ സ്വാധീനിക്കുന്നു എന്നതുൾപ്പെടെ ചിത്രം വരച്ചുകാട്ടുന്നുണ്ട്.

മേക്കിങ്ങിലേക്ക് കടക്കുമ്പോൾ 107 മിനിറ്റ് ദൈർഖ്യമുള്ള ചിത്രം, പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് മടുപ്പിക്കാത്ത ദൃശ്യവിരുന്നാണ്. എന്നിരുന്നാലും ഐ എസിന്റെ ഭാഗമാകുന്ന പെൺകുട്ടികൾ എപ്പോഴാണ് തീവ്ര യാഥാസ്ഥികതയിലേക്ക് മാറുന്നതെന്ന് വ്യക്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞോയെന്നത് സംശയമാണ്. കൂടാതെ പെൺമക്കൾ ഇറങ്ങിപ്പോയതിന് കാരണം മുല്ലപ്പൂ വിപ്ലവത്തിനുശേഷം ടുണീഷ്യ സർക്കാർ ഐഎസുകാരോട് സ്വീകരിച്ച ഉദാസീന നിലപാടാണെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നുണ്ട്. അതൊരു ഡോക്യുമെന്ററിക്ക് ചേരുന്ന രീതിയാണോയെന്ന തോന്നലുണ്ടാക്കുന്നുണ്ട്.

ഒരമ്മയുടെയും മക്കളുടെയും ജീവിതത്തിലെ പ്രണയം, സാഹോദര്യം, മാതൃത്വം, പ്രത്യാശ എന്നിങ്ങനെ നിരവധി വികാരങ്ങളെ സൂക്ഷ്മമായി തന്നെ കാഴ്ചക്കാരനിലേക്ക് എത്തിക്കാൻ കഴിയുന്നുവെന്നിടത്ത് ബെൻ ഹാനിയ എന്ന സംവിധായികയുടെ ആഖ്യാന രീതി വിജയം കാണുന്നുണ്ട്.

logo
The Fourth
www.thefourthnews.in