ഐഎഫ്എഫ്‌കെ പാസ് നിരക്ക് കൂടും; ജിഎസ്‌ടി കുരുക്കില്‍ ചലച്ചിത്ര അക്കാദമി

ഐഎഫ്എഫ്‌കെ പാസ് നിരക്ക് കൂടും; ജിഎസ്‌ടി കുരുക്കില്‍ ചലച്ചിത്ര അക്കാദമി

പാസ് നിരക്കില്‍ 180 മുതല്‍ 300 രൂപ വരെ വര്‍ധനയ്ക്ക് സാധ്യത

ചലച്ചിത്ര അക്കാദമിക്ക് ജി എസ് ടി ഇനത്തില്‍ കോടികളുടെ ബാധ്യതയുണ്ടെന്ന് കേന്ദ്ര ജിഎസ്ടി വകുപ്പ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ നികുതിയായി അടക്കാനുള്ളത് 10 കോടി രൂപയിലധികമുണ്ടെന്നാണ് ജിഎസ്ടി വകുപ്പിന്‌റെ പ്രാഥമിക കണക്ക്. ചലച്ചിത്ര അക്കാദമിയുടെ വരവ് ചെലവുകൾ വിശദമായി പരിശോധിക്കുകയാണ് സെൻട്രൽ ജി എസ് ടി വകുപ്പ് ഉദ്യോഗസ്ഥർ. ഇതിനു ശേഷം കൃത്യമായ നികുതി ബാധ്യത നിർണയിച്ച് അക്കാദമിക്ക് വീണ്ടും നോട്ടീസ് നൽകുമെന്ന് അറിയുന്നു.

ചലച്ചിത്രമേള, ഡോക്യുമെന്‌ററി ഫെസ്റ്റിവല്‍ എന്നിവയുടെ ഡെലിഗേറ്റ് പാസ് വില്പന, അക്കാദമിയുടെ പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കുന്ന പുസ്തകങ്ങളുടെ അച്ചടിയും വിപണനവും, അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തുന്ന ചലച്ചിത്ര അവാർഡ് നിശ പോലുള്ള ഇവന്‌റുകൾ എന്നിവയെല്ലാം സര്‍വീസ് ടാക്‌സ് പരിധിയിൽ വരുമെന്നാണ് ജി എസ് ടി വകുപ്പിന്റെ വാദം. കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന ഐഎഫ്എഫ്‌ഐ അടക്കമുള്ള ചലച്ചിത്രമേളകള്‍ ജിഎസ്ടി അടക്കുന്നുണ്ടെന്നും കേന്ദ്ര ജിഎസ്ടി വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഐ എഫ് എഫ് ഐ ഡെലിഗേറ്റ് പാസ്സിന് 18 ശതമാനം ജി എസ് ടി ഉൾപ്പെടെയാണ് തുക ഈടാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് നോട്ടീസുകള്‍ അക്കാദമിക്ക് ലഭിച്ചിട്ടുണ്ട്. രണ്ട് നോട്ടീസിന് അക്കാദമി നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഎസ് ടി വകുപ്പ് കഴിഞ്ഞ ദിവസം മൂന്നാം തവണയും നോട്ടീസ് നല്‍കിയത്. മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമ നടപടികളിലേക്ക് കടക്കാനാണ് ജിഎസ്ടി വകുപ്പിന്‌റെ തീരുമാനം.

ജിഎസ്ടി പിരിച്ചിട്ടില്ല

ജിഎസ്ടി വകുപ്പ് നോട്ടീസ് നല്‍കിയെന്നത് വസ്തുതയാണെന്ന് അക്കാദമി ട്രെഷറര്‍ ശ്രീലാല്‍ ദ ഫോര്‍ത്തിനോട് പറഞ്ഞു. പക്ഷേ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ചലച്ചിത്ര മേളയ്‌ക്കോ ഡോക്യുമെന്‌ററി ഫെസ്റ്റിവലിനോ ടിക്കറ്റ് നിരക്കില്‍ ജിഎസ്ടി തുക പിരിച്ചിട്ടില്ല. പിരിക്കാത്ത തുകയാണ് ജിഎസ്ടി വകുപ്പ് ആവശ്യപ്പെടുന്നത്. നോട്ടീസ് ലഭിച്ചത് പ്രകാരം കഴിഞ്ഞ ഡോക്യുമെന്‌ററി ഫെസ്റ്റിവലിന് മാത്രമാണ് ടിക്കറ്റ് നിരക്കില്‍ ജിഎസ്ടി കൂടി പിരിച്ചത്. ഇതൊക്കെ ജിഎസ്ടി വകുപ്പിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. മറുപടി തൃപ്തികരമല്ലെന്ന് അവര്‍ പറഞ്ഞാല്‍ നടപടി ഒഴിവാക്കാന്‍ കോടതിയെ സമീപിക്കും. ശ്രീലാല്‍ ഫോര്‍ത്തിനോട് പറഞ്ഞു

ഐഎഫ്എഫ്‌കെ ടിക്കറ്റ് നിരക്ക് കൂടും

കഴിഞ്ഞ വര്‍ഷം 1000 രൂപയായിരുന്നു ഡെലിഗേറ്റ് ഫീസ്. 18% ജിഎസ്ടി മാത്രം ഉള്‍പ്പെടുത്തിയാല്‍ പോലും ടിക്കറ്റ് നിരക്ക് ഇക്കുറി 1180 രൂപയാകും. ജിഎസ്ടിക്ക് പുറമേ ടിക്കറ്റ് നിരക്ക് ആയിരത്തിൽ നിന്ന് 1200 എങ്കിലുമാക്കി വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അങ്ങനെയെങ്കില്‍ ഇക്കുറി കുറഞ്ഞത് 1300 രൂപയെങ്കിലുമാകും ഡെലിഗേറ്റ് ഫീസ്

logo
The Fourth
www.thefourthnews.in